ഭോപ്പാല്‍/ഐസോള്‍:മധ്യപ്രദേശിലും മിസോറാമിലും വോട്ടെടുപ്പ് ആരംഭിച്ചു.മിസോറമില്‍ വോട്ടെടുപ്പ് രാവിലെ ഏഴു മുതല്‍ വൈകിട്ട് നാലു വരെയും,മധ്യപ്രേദശില്‍ രാവിലെ എട്ടുമുതല്‍ അഞ്ചുവരെയാണ് വോട്ടെടുപ്പ്.നാലാംവട്ടവും അധികാരത്തിലേറാനാകുമെന്ന ബി.ജെ.പി പ്രതീക്ഷ തകര്‍ത്ത് കോണ്‍ഗ്രസ് തിരിച്ചുവരുമോയെന്നതാണ് മദ്ധ്യപ്രദേശില്‍ രാജ്യം ഉറ്റുനോക്കുന്നത്.മിസോറാമില്‍ അധികാരം കോണ്‍ഗ്രസ് നിലനിറുത്തുമോയെന്നതും കണ്ടറിയണം.മധ്യപ്രദേശില്‍ 230 മണ്ഡലങ്ങളും മിസോറാമില്‍ 40 മണ്ഡലങ്ങളിലും വിധിയെഴുതും. വോട്ടെണ്ണല്‍ ഡിസംബര്‍ 11 ന് നടക്കും.

മധ്യപ്രദേശില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി സജീവമായി പ്രചരണരംഗത്തുണ്ടായിരുന്നു. ബിജെപിക്കെതിരെയുള്ള ഭരണവിരുദ്ധ വികാരം മുതലാക്കുകയെന്നതാണ് കോണ്‍ഗ്രസിന്റെ ലക്ഷ്യം.കോണ്‍ഗ്രസിനെതിരെ ബിജെപിയും വലിയ പ്രചരണം നടത്തി.വോട്ടര്‍മാരെ പാട്ടിലാക്കാന്‍ വാഗ്ദാനങ്ങളു
മായി മധ്യപ്രദേശ് മുഖ്യമന്ത്രി ശിവ്രാജ് സിങ് ചൗഹാന്‍ തന്നെയാണ്‌ ബിജെപിയുടെ പ്രചാരണത്തിന് ചുക്കാന്‍ പിടിച്ചത്.പ്രധാനമന്ത്രി നരേന്ദ്ര മോഡിയും പ്രചരണാര്‍ത്ഥം പത്തോളം റാലികളില്‍ പങ്കെടുത്തു.
മിസോറാമില്‍ കോണ്‍ഗ്രസും മുഖ്യ പ്രതിപക്ഷമായ മിസോ നാഷണല്‍ ഫ്രണ്ടും എല്ലാ സീറ്റുകളിലും മത്സരിക്കുന്നുണ്ട്. ബിജെപിക്ക് 39 സീറ്റുകളില്‍ സ്ഥാനാര്‍ഥികളുണ്ട്. സോറം പീപ്പിള്‍സ് മൂവ്മെന്റും മറ്റ് രണ്ട് പ്രാദേശികപാര്‍ട്ടികളും ചേര്‍ന്ന സഖ്യം 35 സീറ്റുകളിലും മത്സരിക്കുന്നു. അധികാരത്തിലുള്ള കോണ്‍ഗ്രസിനെ താഴെയിറക്കുകയെന്ന ലക്ഷ്യത്തോടെയുള്ള വാശിയേറിയ പ്രചരണമാണ് ബിജെപി ഇവിടെ കാഴ്ച വെച്ചത്.