സ്‌കൂളുകളില്‍ ഹാജര്‍ വിളിക്കുമ്പോള്‍ പ്രസന്റ് എന്നുപറയുന്നതിന് പകരം ജയ്ഹിന്ദ് എന്നുവിളിക്കണമെന്ന് മധ്യപ്രദേശ് ഗവണ്‍മെന്റിന്റെ ഉത്തരവ്. അടുത്ത ദിവസം മുതല്‍ ഈ രീതി സ്‌കൂളുകളില്‍ നടപ്പിലാകും. മധ്യപ്രദേശ് വിദ്യാഭ്യാസ മന്ത്രി വിജയ് ഷായാണ് ഇത്തരത്തിലൊരു വിചിത്ര തീരുമാനമെടുത്തത്.

ഞായറാഴ്ച മധ്യപ്രദേശിലെയും ചത്തീസ്ഖണ്ഡിലെയും എന്‍സിസി കേഡറ്റുകളെ അഭിസംബോധന ചെയ്ത് സംസാരിക്കവെ ഭോപ്പാലിലെ ശൗര്യ സ്മാരകത്തില്‍ വച്ചാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. 1.22 ലക്ഷം സര്‍ക്കാര്‍ സ്‌കൂളുകളിലേക്കും സ്വകാര്യ സ്‌കൂളുകളിലേക്കും ഉത്തരവ് ഉടന്‍ സര്‍കുലറായി എത്തിക്കുമെന്നും മന്ത്രി പറഞ്ഞു.

‘ജയ്ഹിന്ദ് എന്നത് എല്ലാ ജാതിമതത്തിലുള്ളവര്‍ക്കും ഏറ്റുപറയാവുന്ന ഒരു വാചകമാണ്, അതിനാലാണ് ഞങ്ങള്‍ ഇത്തരമൊരു തീരുമാനമെടുത്തത്. നമ്മുടെ സംസ്‌കാരം പുതുതലമുറയിലൂടെ നിലനിര്‍ത്തുക എന്നതാണ് ഇതിലൂടെ പ്രാവര്‍ത്തികമാകുന്നത്’, ഷാ പറയുന്നു.

എന്നാല്‍ ഇത്തരമൊരു നീക്കം വെറും മണ്ടത്തരമാണെന്ന് കോണ്‍ഗ്രസ് പ്രതികരിച്ചു. സോഷ്യല്‍ മീഡിയയിലും വലിയ കളിയാക്കലാണ് ഈ നിര്‍ബന്ധിത ജയ്ഹിന്ദ് വിളിപ്പിക്കലിന് ലഭിക്കുന്നത്.