മനസ്സിന്റെ അസ്വസ്ഥത രോഗത്തെയും, മനസ്സിന്റെ സ്വസ്ഥത ആരോഗ്യത്തെയും സൃഷ്ടിക്കുന്നു. മനോമാലിന്യങ്ങളായ കാമക്രോധാദികളെ ചികിത്സിക്കാതെ എങ്ങനെയാണ് അവ നിമിത്തം ഉണ്ടായിക്കൊണ്ടിരിക്കുന്ന ശാരീരിക രോഗങ്ങളെ ചികിത്സിക്കാനാകുക! മനസ്സിന് സുഖം കിട്ടുമ്പോള്‍ നിലവിലുള്ള പല ശാരീരികാസ്വസ്ഥതകളും മാറിപ്പോകുന്നതു കാണാം. മനസ്സ് ഏതൊന്നുമായിട്ടാണോ യോഗം ചെയ്തിരിക്കുന്നത് അതില്‍നിന്നാണല്ലോ സുഖമോ ദുഃഖമോ ഉണ്ടാകുന്നത്. മനസ്സ് ആത്മാവിലോ ഈശ്വരനിലോ ആണ് യോഗം ചെയ്യുന്നതെങ്കില്‍ അത് സുഖം പ്രാപിക്കുന്നു.
ഓരോരുത്തരും അവരവരുടെ മനോമാലിന്യങ്ങളെ സ്വയം ചികിത്സിക്കേണ്ടതുണ്ട്. ഇക്കാര്യത്തില്‍ പരസ്പരം സഹായിക്കാനാകില്ല! എന്തെന്നാല്‍ ഒരാള്‍ ജീവിതത്തില്‍ എന്തു ചെയ്യുന്നുവോ അതിന്റെ അന്തിമഫലം അയാള്‍ തന്നെയാണ് സുഖമായോ ദുഃഖമായോ അനുഭവിക്കുക. മറ്റൊന്നിന് ദ്രോഹവും വഞ്ചനയും ചെയ്തുകൊണ്ട് നമുക്കൊരിക്കലും മാനസികമോ ശാരീരികമോ ആയ സുഖം കണ്ടെത്താനാകില്ല. ആത്മസുഖം അനുഭവിക്കുന്നവര്‍ക്ക് ഒന്നിനെയും ദ്രോഹിക്കേണ്ടിവരുന്നില്ലല്ലോ. സുഖം തേടിയാണല്ലോ എല്ലാ പ്രവൃത്തികളും.
ഓം