[author ]നിസാര്‍ മുഹമ്മദ്[/author]ഇടതുസര്‍ക്കാരിലെ മന്ത്രിമാരുടെ പ്രവര്‍ത്തന മികവ് വിലയിരുത്തി അവര്‍ക്ക് മാര്‍ക്കിടാന്‍ ഒരുങ്ങുകയാണ് മുഖ്യമന്ത്രി പിണറായി വിജയന്‍. സംഭവം കേട്ടപ്പോള്‍ തമാശയാണ് തോന്നിയത്. പക്ഷെ, തമാശയല്ല, സംഗതി സീരിയസാണെന്ന് ഇന്നലെ മനസിലായി. മന്ത്രിമാരെ ഓരോരുത്തരെയായി വിളിച്ച് അവലോകനത്തിരക്കിലായിരുന്നു ഇന്നലെ മുഖ്യമന്ത്രി.
ഒരു കാര്യം ചോദിച്ചോട്ടെ!. സര്‍ക്കാരിനെയും മന്ത്രിമാരെയും വിലയിരുത്തേണ്ടത് മുഖ്യമന്ത്രിയാണോ? ജനങ്ങളല്ലേ യഥാര്‍ത്ഥത്തില്‍ മന്ത്രിമാര്‍ക്ക് മാര്‍ക്കിടേണ്ടത്?. നിഷ്പക്ഷമായി മാര്‍ക്കിട്ടാല്‍ എ പ്ലസ് പോയിട്ട്, ഡി ഗ്രേഡ് പോലും കിട്ടുന്ന മന്ത്രിമാര്‍ ഇടതുസര്‍ക്കാരില്‍ ഇല്ല. അതുകൊണ്ടാണോ മാര്‍ക്കിടാന്‍ മുഖ്യമന്ത്രി തന്നെ നേരിട്ടിറങ്ങിയതെന്ന സംശയം ബാക്കി. പത്തുമാര്‍ക്കില്‍ മൈനസ് പത്തുപോലും നേടാനാവാതെ കളംവിട്ട ഇ.പി ജയരാജനെയും എ.കെ ശശീന്ദ്രനെയും വിലയിരുത്തലില്‍ നിന്ന് തുടക്കത്തില്‍ തന്നെ ഒഴിവാക്കുന്നു.
തോമസ് ചാണ്ടി
അഴിമതി വിരുദ്ധ മുദ്രാവാക്യവുമായി അധികാരത്തിലേറിയ ഇടതുസര്‍ക്കാരിലെ അഴിമതിക്കാരില്‍ മുമ്പനെന്ന ഖ്യാതിയാണ് ഇപ്പോള്‍ തോമസ് ചാണ്ടിക്ക്. കായലും സര്‍ക്കാര്‍ ഭൂമിയും കയ്യേറി ആഡംബര റിസോര്‍ട്ട് നിര്‍മ്മിക്കുകയും ഭൂപരിഷ്‌കരണ നിയമം അട്ടിമറിച്ച് ഭൂമി തട്ടിയെടുക്കുകയും ചെയ്തുവെന്ന പരാതിയില്‍ മന്ത്രിക്കെതിരെ അന്വേഷണം നടക്കുകയാണ്. സ്വന്തം കയ്യില്‍ നിന്ന് പണമെടുത്തിട്ടായാലും കെ.എസ്.ആര്‍.ടി.സിയെ രക്ഷിക്കുമെന്ന് വീമ്പിളക്കിയ മന്ത്രി സ്വന്തം തടി രക്ഷിച്ചെടുക്കാന്‍ പോലുമാവാതെ നെട്ടോട്ടത്തിലാണ്. ഗതാഗത വകുപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ താറുമാറായിട്ടും ചെറുവിരല്‍ അനക്കാന്‍ മന്ത്രിക്ക് കഴിഞ്ഞിട്ടില്ല. ഇക്കാര്യങ്ങളെല്ലാം വിലയിരുത്തിയാല്‍ തോമസ് ചാണ്ടിക്ക് ജനങ്ങള്‍ നല്‍കാനിടയുള്ളത് പൂജ്യം മാര്‍ക്കാണ്.
കെ.കെ ശൈലജ
സ്വാശ്രയ മെഡിക്കല്‍ കോളേജ് പ്രവേശനം, ബാലാവകാശ കമ്മീഷനിലെയും ആരോഗ്യവകുപ്പിലെയും നിയമനങ്ങളിലെ ക്രമക്കേട് എന്നിവ കണക്കിലെടുക്കുമ്പോള്‍ കെ.കെ ശൈലജയ്ക്കും ലഭിക്കാനിടയുള്ളത് പൂജ്യം മാര്‍ക്കാണ്. ഈ രണ്ടുവിഷയങ്ങളിലും കോടതിയില്‍ നിന്നും ലോകായുക്തയില്‍ നിന്നും മന്ത്രിക്കും അതുവഴി സര്‍ക്കാരിനും കേള്‍ക്കേണ്ടി വന്ന വിമര്‍ശനങ്ങള്‍ ചെറുതല്ല. പകര്‍ച്ചപ്പനി ബാധിച്ച് നിരവധി ജീവനുകള്‍ പൊലിഞ്ഞിട്ടും പ്രതിരോധപ്രവര്‍ത്തനങ്ങള്‍ പാളിയിട്ടും ആരോഗ്യമന്ത്രിക്ക് കുലുക്കമുണ്ടായില്ല. ഒമ്പതുവയസുകാരിക്ക് എയ്ഡ്‌സ് ബാധിച്ച സംഭവവും അപകടത്തില്‍ പരിക്കേറ്റ തമിഴ്‌നാട് സ്വദേശി മുരുകന്‍ ചികില്‍സ ലഭിക്കാതെ മരിച്ചതും ആരോഗ്യമന്ത്രിയുടെ പരാജയം തുറന്നുകാട്ടി. സ്വാശ്രയ മാനേജ്‌മെന്റുകള്‍ക്ക് കുടപിടിച്ച് മന്ത്രി മുന്‍നിരയില്‍ നിന്നതോടെ പാവപ്പെട്ട നിരവധി വിദ്യാര്‍ത്ഥികളുടെ മെഡിക്കല്‍ വിദ്യാഭ്യാസ സ്വപ്‌നം പൊലിയുകയും ചെയ്തു.
പ്രൊഫ. സി. രവീന്ദ്രനാഥ്
വിദ്യാഭ്യാസ മേഖലയില്‍ നിന്നൊരു മന്ത്രിയെന്ന പെരുമയുമായാണ് പ്രൊഫ. രവീന്ദ്രനാഥ് മന്ത്രിസഭയിലെത്തിയത്. പക്ഷെ വിദ്യാഭ്യാസ മേഖലയിലെ തുഗ്ലക് പരിഷ്‌കാരത്തിലൂടെ ആ ഇമേജ് സ്വയം തകര്‍ത്തു. തൊട്ടതെല്ലാം കുളമാക്കിയ മന്ത്രിയെന്നാണ് രവീന്ദ്രനാഥിന് പ്രതിപക്ഷം നല്‍കുന്ന വിശേഷണം. കേരളത്തിന്റെ വിദ്യാഭ്യാസ ചരിത്രത്തില്‍ ആദ്യമായി എസ്.എസ്.എല്‍.സി പരീക്ഷയുടെ ചോദ്യപ്പേപ്പര്‍ ചോര്‍ന്നത് ഇതേ വിദ്യാഭ്യാസ മന്ത്രിയുടെ കാലത്താണ്. ഓണപ്പരീക്ഷ കഴിഞ്ഞ് സ്‌കൂള്‍ തുറന്നിട്ടും രണ്ടാം ടേമിലെ പാഠപുസ്തകങ്ങള്‍ വിദ്യാര്‍ത്ഥികള്‍ക്ക് കിട്ടിയിട്ടില്ല. വിരമിക്കുന്നതിന് ഒരു മണിക്കൂര്‍ മുമ്പേ സി.പി.എം സംഘടനാ നേതാവിനെ പ്രിന്‍സിപ്പളായി നിയമിച്ച് ഉത്തരവിറക്കിയതും രവീന്ദ്രനാഥ് തന്നെ. ഇങ്ങനെ നിരവധി ആക്ഷേപങ്ങള്‍ കേട്ട വിദ്യാഭ്യാസ മന്ത്രിക്ക് പത്തില്‍ പൂജ്യത്തിന് മുകളില്‍ മാര്‍ക്ക് കിട്ടാനിടയില്ല.
പി. തിലോത്തമന്‍
വിലക്കയറ്റം കൊണ്ട് ജനങ്ങളെ പൊറുതിമുട്ടിച്ച മന്ത്രിയെന്ന വിശേഷണത്തിന് അനുയോജ്യനായ മന്ത്രിയാണ് പി. തിലോത്തമന്‍. കേരളത്തില്‍ അരിവില മുമ്പെങ്ങുമില്ലാത്ത വിധം കുതിച്ചു കയറി. നിത്യോപയോഗ സാധനങ്ങള്‍ക്ക് വിപണിയില്‍ പൊള്ളുന്ന വില. ഓണത്തിന് ആന്ധ്രയില്‍ നിന്ന് 7000 ടണ്‍ അരിയിറക്കുമെന്നെല്ലാം വീമ്പിളക്കി. പക്ഷെ ഒന്നും നടന്നില്ല. വിപണിയില്‍ ഇടപെട്ട് വിലകുറയ്ക്കുന്ന സര്‍ക്കാര്‍ സംവിധാനം പാളി. റേഷന്‍ വിതരണ രംഗം താറുമാറാക്കിയ മന്ത്രിയെന്ന പെരുമയും കുറഞ്ഞകാലയളവിനുള്ളില്‍ കരസ്ഥമാക്കി. റേഷന്‍ കാര്‍ഡ് വിതരണത്തിലെ കാലതാമസം, മുന്‍ഗണനാ പട്ടികയില്‍ തിരിമറി, അനര്‍ഹര്‍ക്ക് ആനുകൂല്യം, പാവപ്പെട്ടവരെ സമ്പന്നരാക്കിയ മറിമായം എന്നിങ്ങനെ പലതുമുണ്ട് പി. തിലോത്തമന്റെ പ്രവര്‍ത്തന മികവ്. ഈ മന്ത്രിക്കും പൂജ്യത്തിന് മുകളില്‍ മാര്‍ക്ക് നല്‍കാമോയെന്ന് ജനങ്ങള്‍ പറയട്ടെ.
കെ.ടി ജലീല്‍
കുടുംബശ്രീയിലെ അഴിമതിയുമായി ബന്ധപ്പെട്ടാണ് കെ.ടി ജലീലിന്റെ ‘പ്രവര്‍ത്തന മികവ്’. ഇഷ്ടക്കാര്‍ക്ക് വേണ്ടി കുടുംബശ്രീ നിയമനങ്ങള്‍ വീതിച്ചു നല്‍കിയെന്നാണ് കെ.ടി ജലീലിനെക്കുറിച്ച് ഉച്ചത്തില്‍ കേള്‍ക്കുന്ന ആക്ഷേപം. പരീക്ഷയും ഇന്റര്‍വ്യൂവും നടത്തി യാണ് നിയമനങ്ങളെന്ന് പ്രഖ്യാപിക്കുകയും ഒന്നാംറാങ്ക് നേടുന്നവരെ പോലും ഒഴിവാക്കി ഇഷ്ടക്കാരെ നിയമിക്കുകയും ചെയ്യുന്നതാണ് രീതി. ഇതിന്റെ നിരവധി തെളിവുകള്‍ പുറത്തുവന്നിട്ടുണ്ട്. തദ്ദേശസ്ഥാപനങ്ങളുടെ പ്രവര്‍ത്തനും താറുമാറായതിനും മറ്റാരുമല്ല ഉത്തരവാദി. പദ്ധതി വിഹിതം ചെലവഴിക്കുന്നതില്‍ തദ്ദേശ സ്ഥാപനങ്ങള്‍ക്കുണ്ടായ വീഴ്ച വിലയിരുത്താന്‍ പോലും മന്ത്രിക്കായിട്ടില്ല. മന്ത്രിയുടെ ഓഫീസിനെക്കുറിച്ചും നിരവധി പരാതികളുണ്ട്. നിയമനങ്ങളിലും സ്ഥലം മാറ്റങ്ങളിലും വ്യാപക ക്രമക്കേട്. പഞ്ചായത്തുവകുപ്പില്‍ ഉദ്യോഗസ്ഥരുടെ സ്ഥലം മാറ്റങ്ങള്‍ക്ക് ലക്ഷങ്ങളാണ് കോഴ. ജലീലിന് പത്തിലെത്രയെന്ന് ജനങ്ങള്‍ തീരുമാനിക്കും.
എ.കെ ബാലന്‍
പ്രതിപക്ഷ എം.എല്‍.എ ആയിരുന്നപ്പോള്‍ എ.കെ ബാലന്‍ നിയമസഭയില്‍ സംസാരിച്ചിരുന്നത് ആദിവാസി ക്ഷേമവും പട്ടികജാതിവര്‍ഗ്ഗ വികസനവുമെല്ലാമായിരുന്നു. അതേവകുപ്പിന്റെ മന്ത്രിയായപ്പോള്‍ ബാലന് മിണ്ടാട്ടമില്ല. ആശിക്കും ഭൂമി ആദിവാസിക്ക് എന്ന പദ്ധതിയില്‍ നടന്ന അഴിമതി പുറത്തുവന്നത് മന്ത്രിക്ക് തുടക്കത്തില്‍ തന്നെ ക്ഷീണമായി. ജനനി സുരക്ഷ പദ്ധതിയിലും മന്ത്രി ആരോപണം കേട്ടു. വിമര്‍ശിക്കാം, പക്ഷെ അപമാനിക്കരുതെന്നായിരുന്നു ആരോപണങ്ങളോട് മന്ത്രിയുടെ പ്രതികരണം. നിയമവകുപ്പിന്റെ ചുമതലയുള്ള മന്ത്രി കൂടിയാണ് ബാലന്‍. പക്ഷെ, കേരളം വാദിക്കുന്ന ഏതാണ്ടെല്ലാ കേസുകളിലും തോല്‍വി മാത്രം. ബാലന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് ജനങ്ങള്‍ ഡി ഗ്രേഡ് നല്‍കുമോയെന്ന് പോലും സംശയമാണ്.
എ.സി മൊയ്തീന്‍
അണ്ടര്‍ 17 വേള്‍ഡ് കപ്പ് ഫുട്‌ബോള്‍ കേരളത്തില്‍ കൊണ്ടുവന്നത് തന്റെ മിടുക്കാണെന്ന് പറഞ്ഞു നടക്കുകയാണ് കായിക മന്ത്രി എ.സി മൊയ്തീന്‍. അക്കാര്യത്തില്‍ മന്ത്രിക്ക് റോളൊന്നുമില്ലെന്ന് പറയാനാവില്ല. അങ്ങനെയെങ്കില്‍ ഒരു മാര്‍ക്ക് നല്‍കണം. പക്ഷെ, കായിക മേഖലയുമായി ബന്ധപ്പെട്ട മറ്റ് പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തിയാല്‍ ഉള്ളമാര്‍ക്ക് പോകും. സ്‌പോര്‍ട്‌സ് കൗണ്‍സിലിലെ ധൂര്‍ത്തും അഴിമതിയും നിയന്ത്രിക്കാനാകാത്ത മന്ത്രിയെന്ന പേരുദോഷം മാറിയിട്ടില്ല. സംസ്ഥാനത്തൊട്ടാകെയുള്ള സ്‌റ്റേഡിയങ്ങളും കളിസ്ഥലങ്ങളും ഉപയോഗശൂന്യമായി നശിക്കുന്നു. വ്യവസായ മേഖലയുടെ കുത്തഴിഞ്ഞ പ്രവര്‍ത്തനത്തിനും മന്ത്രി മറുപടി പറയേണ്ടിവരും. പൊതുമേഖലാ സ്ഥാപനങ്ങള്‍ നഷ്ടത്തില്‍ നിന്ന് നഷ്ടത്തിലേക്ക് കൂപ്പുകുത്തുന്നു. ഖാദി മേഖലയെ പുനരുദ്ധരിക്കുമെന്ന് നാഴികയ്ക്ക് നാല്‍പ്പതുവട്ടം പറയും. പക്ഷെ ഒന്നും നടക്കുന്നില്ല.
ജി. സുധാകരന്‍
മന്ത്രി ജി. സുധാകരനെക്കുറിച്ച് അഴിമതി ആക്ഷേപമില്ല. പക്ഷെ, മന്ത്രിയുടെ വകുപ്പില്‍ നടക്കുന്നത് അപ്പാടെ അഴിമതി. അത് ഉദ്യോഗസ്ഥരുടെ അഴിമതിയാണെന്ന് പറഞ്ഞൊഴിയും മന്ത്രി. ഉദ്യോഗസ്ഥരെ നിലയ്ക്ക് നിര്‍ത്താന്‍ കഴിയുന്നില്ലെങ്കില്‍ പിന്നെന്ത് മന്ത്രിയെന്ന് ജനങ്ങള്‍ ചോദിക്കുന്നു. സംസ്ഥാനത്തെ റോഡുകള്‍ തകര്‍ന്ന് തരിപ്പണമായി. കുഴിയടക്കാന്‍ നടപടിയില്ല. പകരം, കുഴിയടപ്പിന്റെ സൂത്രപ്പണി പഠിക്കാന്‍ ഉദ്യോഗസ്ഥരെ മലേഷ്യയ്ക്ക് അയക്കുകയാണ് മന്ത്രി. ജി സുധാകരന്റെ ആലപ്പുഴയിലെ വീടിന് മുന്നിലുള്ള റോഡുപോലും യാത്രായോഗ്യമല്ല. രജിസ്‌ട്രേഷന്‍ വകുപ്പ് അലങ്കോലമായതിന്റെ കുറ്റവും മന്ത്രി ചാര്‍ത്തുന്നത് ഉദ്യോഗസ്ഥരുടെ ചുമലിലാണ്. സോഫ്ട്‌വെയര്‍ തകരാര്‍ മൂലം ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ തടസപ്പെട്ടതിനാല്‍ നൂറുകണക്കിന് ആധാരങ്ങളുടെ രജിസ്‌ട്രേഷനാണ് മുടങ്ങിയത്. പലവട്ടം മന്ത്രി പറഞ്ഞിട്ടും ഉദ്യോഗസ്ഥര്‍ കേള്‍ക്കുന്നില്ലത്രെ. ഈ മന്ത്രിക്ക് ജനങ്ങള്‍ എത്ര മാര്‍ക്ക് നല്‍കുമെന്ന് കാത്തിരിക്കാം.
മേഴ്‌സിക്കുട്ടിയമ്മ
കശുവണ്ടി ഇറക്കുമതിയില്‍ കോടിക്കണക്കിന് രൂപയുടെ അഴിമതി ആരോപണം കേട്ട മന്ത്രിയാണ് മേഴ്‌സിക്കുട്ടിയമ്മ. തോട്ടണ്ടി ഇറക്കുമതിയില്‍ 10.34 കോടിയുടെ അഴിമതി നടന്നുവെന്നാണ് പരാതി. വിജിലന്‍സ് കേസ് എടുത്തു. കേസ് ഇപ്പോള്‍ കോടതിയിലാണ്. കശുവണ്ടി വികസന കോര്‍പ്പറേഷന്‍ എം.ഡിയായി ഇഷ്ടക്കാരനെ നിയമിച്ചതിനും മന്ത്രി പഴികേട്ടു. രാമഭദ്രന്‍ കൊലക്കേസിലെ പ്രതി മാക്‌സനെ പേഴ്‌സണല്‍ സ്റ്റാഫംഗമാക്കിയതും അദ്ദേഹത്തെ പിന്നീട് പൊലീസ് അറസ്റ്റ് ചെയ്തതും മന്ത്രിക്ക് നാണക്കേടുണ്ടാക്കി. മല്‍സ്യതൊഴിലാളികളുടെ ക്ഷേമത്തിന് വേണ്ടി പ്രവര്‍ത്തിക്കുമെന്ന് പലവട്ടം പറഞ്ഞു. പക്ഷെ ഒന്നും നടന്നില്ല. തീരദേശ മേഖല വറുതിയില്‍ നിന്ന് വറുതിയിലേക്ക്. തീരദേശ പരിപാലന നിയമത്തില്‍ വ്യക്തത വരുത്താന്‍ മന്ത്രിക്ക് ഇതുവരെ കഴിഞ്ഞിട്ടില്ല. മേഴ്‌സിക്കുട്ടിയമ്മയ്ക്ക് എത്രമാര്‍ക്കെന്ന് ജനങ്ങള്‍ തീരുമാനിക്കും.
മന്ത്രിമാരുടെ പ്രവര്‍ത്തന മികവിന് മുഖ്യമന്ത്രി മാര്‍ക്കിടുന്നു. മുഖ്യമന്ത്രിയുടെ മികവിന് മാര്‍ക്കിടുന്നത് ആരാണ്?. അതും മുഖ്യമന്ത്രി തന്നെ. സ്വന്തം വകുപ്പുകള്‍ അവലോകനം ചെയ്താണ് മാര്‍ക്കിടുന്നതത്രെ. താന്‍ കൈകാര്യം ചെയ്യുന്ന വകുപ്പ് മോശപ്പെട്ട നിലയിലാണെന്ന് ഏതെങ്കിലും മുഖ്യമന്ത്രി പറയുമോയെന്ന് ആരെങ്കിലും സംശയം പ്രകടിപ്പിച്ചാല്‍ തെറ്റുപറയാനാവില്ല.
പിണറായി വിജയന്‍
ഇരട്ടച്ചങ്കനെന്ന് ആരോ ചാര്‍ത്തിക്കൊടുത്ത വിശേഷണവുമായാണ് പിണറായി വിജയന്‍ മുഖ്യമന്ത്രി കസേരയിലേക്ക് എത്തിയത്. ഭരണം തുടങ്ങി അധികദിവസം കഴിയും മുമ്പെ മുഖ്യമന്ത്രിയുടെ ചങ്കൂറ്റം വെറും പൊള്ളയാണെന്ന് കേരളത്തിന് പിടികിട്ടി. മന്ത്രിസഭാ യോഗത്തിന് ശേഷമുള്ള വാര്‍ത്താസമ്മേളനം ഒഴിവാക്കിയാണ് തുടക്കത്തില്‍ മുഖ്യമന്ത്രി പ്രവര്‍ത്തന മികവ് കാട്ടിയത്. മാധ്യമങ്ങളുടെ ചോദ്യം നേരിടാനുള്ള ചങ്കൂറ്റമില്ലേയെന്ന് ആക്ഷേപം കേട്ടു. പിന്നീട് പലഘട്ടത്തിലും മാധ്യമങ്ങളോട് ധാര്‍ഷ്ട്യവും അതൃപ്തിയും മുഖ്യമന്ത്രി പ്രകടിപ്പിച്ചു. ‘കടക്ക് പുറത്ത്’ പരാമര്‍ശം കേരളം ഏറെ ചര്‍ച്ച ചെയ്തു. മന്ത്രിസഭാ തീരുമാനങ്ങള്‍ എല്ലാവരും അറിയേണ്ടെന്നതല്ലെന്ന മുഖ്യമന്ത്രിയുടെ നിലപാട് മുന്നണിയില്‍ തന്നെ ചോദ്യം ചെയ്യപ്പെട്ടു.
ആഭ്യന്തര വകുപ്പിന്റെ ചുമതലയുള്ള മുഖ്യമന്ത്രിയുടെ വാക്കുകള്‍ സാദാ പൊലീസുകാര്‍ പോലും ചിരിച്ചുതള്ളുന്ന കാഴ്ചകള്‍ കേരളം കണ്ടു. ക്രമസമാധാനപാലനം അവതാളത്തിലായി. ജിഷ്ണു പ്രണോയുടെ അമ്മ മഹിജയെ നടുറോഡിലിട്ട് വലിച്ചിഴച്ചതും പുതുവൈപ്പിനില്‍ പാവങ്ങള്‍ക്ക് നേരെ നരനായാട്ട് നടത്തിയതും പിണറായിയുടെ ഇമേജിന് മങ്ങലേല്‍പ്പിച്ചു. പൊലീസിന് മേല്‍ മുഖ്യമന്ത്രിയുടെ നിയന്ത്രണം നഷ്ടപ്പെട്ടുവെന്ന് പ്രതിപക്ഷം തുറന്നടിച്ചു.
ഭരണത്തിന്റെ ആദ്യദിവസം മുതല്‍ വിവാദങ്ങളുടെ ഘോഷയാത്രയായിരുന്നു. സത്യപ്രതിജ്ഞാ വേളയില്‍ നല്‍കിയ പരസ്യമായിരുന്നു ആദ്യവിവാദം. ഉപദേഷ്ടാക്കളുടെ നിയമനം പിന്നത്തെ വിവാദം. ഡി.ജി.പി സെന്‍കുമാറിനെ പദവിയില്‍ നിന്ന് നീക്കിയതും പിന്നീട് കോടതിയുടെ ഇടപെടലിലൂടെ അദ്ദേഹം ഡി.ജി.പി സ്ഥാനത്ത് തിരിച്ചെത്തിയതും വലിയ വിവാദമായി. കേരളത്തിലങ്ങോളമിങ്ങോളം നിരവധി രാഷ്ട്രീയ കൊലപാതകങ്ങള്‍ അരങ്ങേറി. വിജിലന്‍സ് ഡയറക്ടര്‍ പദവിയില്‍ നിന്ന് ജേക്കബ് തോമസിനെ തെറിപ്പിച്ചു. പകരം ആളെ ഇതുവരെ നിയമിച്ചിട്ടില്ല. മുഖ്യമന്ത്രിയെടുത്ത പല തീരുമാനങ്ങളെയും കോടതികള്‍ അതിനിശിതമായി വിമര്‍ശിക്കുന്നതും കേരളം കണ്ടു.
തൊഴിലാളി സംഘടനകള്‍ നടത്തുന്ന പണിമുടക്ക് വിജയിപ്പിക്കണമെന്ന് മുഖ്യമന്ത്രി നേരിട്ട് ആഹ്വാനം ചെയ്തത് ദേശീയതലത്തില്‍ തന്നെ ചര്‍ച്ചയായി. അഴിമതിക്കാരായ ഉദ്യോഗസ്ഥരെ നിലയ്ക്ക് നിര്‍ത്തുമെന്ന് ആവര്‍ത്തിച്ചു പറഞ്ഞു. പക്ഷെ, ഉദ്യോഗസ്ഥ തലത്തിലെ അഴിമതി നിര്‍ബാധം തുടരുന്നു. മുഖ്യമന്ത്രിയെന്ന നിലയില്‍ പിണറായി വിജയന് എത്ര മാര്‍ക്ക് നല്‍കാമെന്ന് ജനങ്ങള്‍ വിലയിരുത്തട്ടെ.
ഡോ.തോമസ് ഐസക്
ആര്‍ക്കും മനസ്സിലാകാത്ത ശതമാനക്കണക്കുകള്‍ നിരത്തി ജനങ്ങളെ മണ്ടന്‍മാരാക്കുന്ന മന്ത്രിയാണ് തോമസ് ഐസക്ക്. ഒരുകാര്യവും നേരെ ചൊവ്വേ പറയില്ല. തമാശ പറയുന്നത് പോലും സാമ്പത്തിക ശാസ്ത്രത്തിന്റെ ചുവടുപിടിച്ചാണ്. അതായത് നേരെ മൂക്കില്‍ തൊടുന്നതിന് പകരം തലയ്ക്ക് പിറകിലൂടെ മൂക്കില്‍ തൊടുന്ന പണി. വിവിധ വകുപ്പുകളുടെ പദ്ധതികള്‍ക്ക് പണം അനുവദിക്കുന്നില്ല എന്നതായിരുന്നു ധനമന്ത്രിക്ക് എതിരെയുള്ള ആദ്യ ആക്ഷേപങ്ങള്‍. സംസ്ഥാനത്തിന്റെ സാമ്പത്തിക നില അനുദിനം വഷളാകുന്നതിന്റെ പേരില്‍ ധനമന്ത്രി പിന്നീട് പഴികേട്ടു. നികുതി പിരിവ് പാളിയതും ട്രഷറി അടച്ചുപൂട്ടലിന്റെ വക്കിലെത്തിയതും ഐസക്കിന്റെ പരാജയം തുറന്നുകാട്ടി. അപ്പോഴെല്ലാം കിഫ്ബിയെന്ന ‘മായാജാലം’ കാട്ടി പിടിച്ചുനില്‍ക്കാന്‍ പല ശ്രമവും നടത്തി. പക്ഷെ, എല്ലാമൊന്നും വിജയിച്ചില്ല.
കേന്ദ്രം ചരക്കുസേവന നികുതി ഏര്‍പ്പെടുത്താന്‍ പോകുന്നുവെന്ന് പറഞ്ഞപ്പോള്‍ ആദ്യം സന്തോഷിച്ചത് ഐസക്കായിരുന്നു. ജി.എസ്.ടി വന്നാല്‍ കേരളം രക്ഷപ്പെട്ടുവെന്നായിരുന്നു ഐസക്കിന്റെ അന്നത്തെ വാദം. ഇപ്പോള്‍ പറയുന്നു, കേരളത്തെ തകര്‍ത്തത് ജി.എസ്.ടിയാണെന്ന്. അടിക്കടി ഇന്ധനവില ഉയര്‍ന്നിട്ടും കേരളത്തിലെ ജനങ്ങളുടെ അധികഭാരം ലഘൂകരിക്കാനോ സംസ്ഥാന നികുതി കുറയ്ക്കാനോ യാതൊരു നടപടിയും ഐസക്ക് സ്വീകരിച്ചില്ല. 1500 കോടി രൂപ തരൂ ഇന്ധന നികുതി കുറയ്ക്കാമെന്നാണ് ഇപ്പോള്‍ അദ്ദേഹം പറയുന്നത്. കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാര്‍ നികുതി കുറച്ചതിന്റെ ആധികാരിക രേഖകള്‍ സെക്രട്ടറിയേറ്റിലുണ്ടാകും. അതൊന്ന് വായിച്ചു നോക്കാന്‍ പോലും മെനക്കെടാത്ത ഐസക്കിന് എത്ര മാര്‍ക്കെന്ന് ജനങ്ങള്‍ തീരുമാനിക്കട്ടെ.
കടകംപള്ളി സുരേന്ദ്രന്‍
സഹകരണം, ദേവസ്വം, വിനോദ സഞ്ചാരം എന്നീ വകുപ്പുകളുടെ ചുമതലയാണ് കടകംപള്ളി സുരേന്ദ്രന്. സഹകരണ മേഖലയെ താറുമാറാക്കിയും ദേവസ്വം വകുപ്പില്‍ വിവാദങ്ങള്‍ ആളിപ്പടര്‍ത്തിയും വിനോദ സഞ്ചാരമേഖലയെ തകിടംമറിച്ചും മന്ത്രി ‘മുന്നോട്ടു’ കുതിക്കുകയാണ്. അബ്രാഹ്മണരെ ദേവസ്വം ക്ഷേത്രങ്ങളില്‍ പൂജാരിമാരായി നിയമിച്ചത് നിശബ്ദ വിപ്ലവമാണെന്ന് വീമ്പിളക്കുകയാണ് മന്ത്രി. കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാര്‍ നിയോഗിച്ച ദേവസ്വം റിക്രൂട്ട്‌മെന്റ് ബോര്‍ഡാണ് അബ്രാഹ്മണരെ നിയമിക്കാന്‍ തീരുമാനമെടുത്തതെന്നത് മനഃപൂര്‍വം മറച്ചുവെച്ചാണ് മന്ത്രിയുടെ വീമ്പിളക്കല്‍. ഇതിനായി നിയമസഭയില്‍ ബില്‍ അവതരിപ്പിച്ച് നിയമം പാസാക്കിയതും റഗുലേഷന്‍, ചട്ടങ്ങള്‍ എന്നിവ രൂപീകരിച്ചതും യു.ഡി.എഫ് സര്‍ക്കാരാണെന്ന് മന്ത്രി മറന്നു. ദേവസ്വം ബോര്‍ഡുകളുമായി നിരന്തരം ശണ്ഠയിലാണ് മന്ത്രി. ‘തികഞ്ഞ കമ്മ്യൂണിസ്റ്റാ’യ മന്ത്രി ഗുരുവായൂര്‍ ക്ഷേത്രദര്‍ശനം നടത്തിയത് അടുത്തിടെയായിരുന്നു. അതിനുള്ള മാര്‍ക്കും ഗ്രേഡും സ്വന്തം പാര്‍ട്ടി തന്നെ നല്‍കി.
സഹകരണ ബാങ്കുകളുടെ ഭരണസമിതിയെ പിരിച്ചുവിട്ട് കൈപ്പിടിയിലാക്കാന്‍ ശ്രമിച്ച മന്ത്രിയെന്ന ഖ്യാതിയും കടകംപള്ളിക്കാണ്. കേരള ബാങ്ക് രൂപീകരണമെന്നൊക്കെ കേട്ടതല്ലാതെ പിന്നീട് നടപടിയുണ്ടായോ എന്നറിയില്ല. കേരളത്തിന്റെ പ്രധാന വരുമാന സ്രോതസുകളിലൊന്നായ വിനോദ സഞ്ചാര മേഖല ഇപ്പോള്‍ തകര്‍ന്ന് തരിപ്പണമായി. വിദേശആഭ്യന്തര ടൂറിസ്റ്റുകളുടെ വരവില്‍ ഗണ്യമായ കുറവാണ് ഉണ്ടായിരിക്കുന്നത്. മദ്യം ലഭ്യമല്ലാത്തതിനാലാണ് വിദേശികള്‍ കേരളത്തില്‍ എത്താത്തത് എന്നായിരുന്നു ഒരുവാദം. അതിനായി ബാറുകള്‍ തുറന്നിട്ടും, മദ്യം ഒഴുക്കിയിട്ടും ടൂറിസം മേഖല പച്ചപിടിക്കാത്തതെന്തെന്ന ചോദ്യം ബാക്കി.
വി.എസ് സുനില്‍കുമാര്‍
സി.പി.ഐ ഏറെ പ്രതീക്ഷയോടെയാണ് സുനില്‍കുമാറിനെ ഇടതുമന്ത്രിസഭയിലെത്തിച്ചത്. കാര്‍ഷിക മേഖലയുടെ ഇപ്പോഴത്തെ അവസ്ഥ മാത്രം മതി സുനില്‍കുമാറിന്റെ ‘പ്രവര്‍ത്തന മികവി’നുള്ള തെളിവ്. നെല്ല് സംഭരണത്തിന്റെ പണം കിട്ടാതെ കര്‍ഷകര്‍ ആത്മഹത്യയ്ക്ക് വഴിതേടുന്നതാണ് ഏറ്റവും പുതിയ കാഴ്ച. നെല്ല് നല്‍കിയാല്‍ ഉടന്‍ പണം നല്‍കുമെന്നായിരുന്നു അധികാരമേറ്റതിന് പിന്നാലെ മന്ത്രിയുടെ വാഗ്ദാനം. റബ്ബര്‍പച്ചക്കറിനാളികേര കര്‍ഷകരാകട്ടെ കടക്കെണിയിലായി. ഓണത്തിന് പോലും കര്‍ഷക പെന്‍ഷന്‍ കിട്ടാത്തവരുണ്ട്. കൃഷി ആധുനികവത്ക്കരിക്കുമെന്നായിരുന്നു മന്ത്രിയുടെ ഒരു പ്രഖ്യാപനം. ഒന്നും നടപ്പായില്ലെന്ന് മാത്രം.
റബ്ബര്‍ കര്‍ഷകര്‍ നേരിടുന്ന പ്രതിസന്ധി പരിഹരിക്കുന്നതിനും കേന്ദ്രസഹായം നേടിയെടുക്കുന്നതിലും നടപടിയില്ല. സംസ്ഥാനത്തൊട്ടാകെ കാര്‍ഷിക മേളകള്‍ നടത്തി ലക്ഷങ്ങള്‍ പാഴാക്കുകയാണ് പ്രധാനപണി. ഓണക്കാലത്ത് ഒരുമുറം പച്ചക്കറിയെന്ന പദ്ധതി പ്രഖ്യാപിച്ചു. ഒരു മുറം പോയിട്ട്, മടിശീലയ്ക്കുള്ള പച്ചക്കറി പോലും ഉല്‍പാദിപ്പിക്കാനായില്ല. ഹോര്‍ട്ടികോര്‍പ്പിന്റെ പ്രവര്‍ത്തനം പ്രതിസന്ധിയിലേക്ക് കൂപ്പുകുത്തി. അനധികൃത നിയമനങ്ങളും പച്ചക്കറി സംഭരണം പാളിയതുമെല്ലാം മന്ത്രി സുനില്‍കുമാറിന്റെ മാര്‍ക്ക് പൂജ്യത്തിലെത്തിച്ചു. കേരളത്തില്‍ മൂന്നുലക്ഷം ഹെക്ടറിലേക്ക് കൃഷി വ്യാപിപ്പിക്കുമെന്നായിരുന്നു മന്ത്രിയുടെ മറ്റൊരു വാഗ്ദാനം. ഒരു ഹെക്ടറിലെങ്കിലും വ്യാപിപ്പിച്ചോയെന്ന് മന്ത്രിക്ക് പോലും കണക്കില്ല. ഇക്കഴിഞ്ഞ ചിങ്ങമാസം മുതല്‍ ഒരുവര്‍ഷം നാളികേര വര്‍ഷമായി ആചരിക്കുമെന്ന് മന്ത്രി നിയമസഭയില്‍ പറഞ്ഞിരുന്നു. ആ പദ്ധതിയും എന്തായെന്ന് ആര്‍ക്കും അറിയില്ല.
കടന്നപ്പള്ളി രാമചന്ദ്രന്‍
കേരളത്തില്‍ ഇങ്ങനെയൊരു മന്ത്രിയുണ്ടോയെന്ന് ആരെങ്കിലും ചോദിച്ചാല്‍ കുറ്റം പറയാനാവില്ല. പിണറായി സര്‍ക്കാര്‍ അധികാരത്തിലേറിയ ശേഷം അധികമൊന്നും കേള്‍ക്കുന്നില്ല കടന്നപ്പള്ളിയെക്കുറിച്ച്. അദ്ദേഹത്തിന്റെ വകുപ്പുകള്‍ ഏതെന്ന് പോലും പലര്‍ക്കും അറിയില്ല. തുറമുഖം, മ്യൂസിയം, മൃഗശാല വകുപ്പുകളില്‍ കാര്യമായി ഒന്നും നടക്കാത്തത് കൊണ്ടാവാം മന്ത്രിയുടെ പ്രഖ്യാപനങ്ങളും വാഗ്ദാനങ്ങളും കേള്‍ക്കാത്തത്. സ്വാതന്ത്ര്യദിനാഘോഷം, റിപ്പബ്ലിക് ദിനാഘോഷം എന്നീ ചടങ്ങുകളില്‍ പതാക ഉയര്‍ത്തുന്നതാണ് മന്ത്രിയുടെ പ്രധാന പണി. മറ്റു ചില ഉദ്ഘാടന ചടങ്ങുകളിലും പങ്കെടുക്കാറുണ്ട്.
കേരളത്തിന്റെ സ്വപ്‌ന പദ്ധതിയായ വിഴിഞ്ഞം തുറമുഖത്തെക്കുറിച്ചു പോലും മന്ത്രിക്ക് വലിയ ധാരണയൊന്നുമില്ലെന്ന് എതിരാളികള്‍ പരിഹസിക്കുന്നു. വിഴിഞ്ഞം പദ്ധതിയുമായി മുന്നോട്ടുപോകുമെന്ന ഒരു പ്രസ്താവന മാത്രമാണ് തുറമുഖ മന്ത്രിയെന്ന നിലയില്‍ അദ്ദേഹത്തിന്റെ വായില്‍ നിന്ന് കേട്ടത്. വലിയ വിമര്‍ശനങ്ങളും വിവാദങ്ങളുമൊന്നും കടന്നപ്പള്ളിക്ക് നേരെ ഉയര്‍ന്നിട്ടില്ല. എന്തെങ്കിലും ചെയ്താലല്ലേ ആളുകള്‍ വിമര്‍ശിക്കൂ, അങ്ങനെയെങ്കില്‍ ചെയ്യാതിരിക്കലല്ലേ ഉചിതം എന്ന മട്ടിലാണ് മന്ത്രിയുടെ പ്രവര്‍ത്തനം. ഈ മന്ത്രിക്കും പൂജ്യത്തിന് മുകളില്‍ മാര്‍ക്ക് കിട്ടാനിടയില്ലെന്നാണ് ജനസംസാരം.
മാത്യു ടി തോമസ്
അരമണിക്കൂര്‍ കുടിവെള്ളം മുടങ്ങിയാല്‍ അതിന്റെ പ്രത്യാഘാതം നേരിട്ട് അനുഭവിക്കേണ്ടി വരുന്ന ജലവിഭവ വകുപ്പാണ് മാത്യു ടി തോമസിന്റെ കയ്യില്‍. അതുകൊണ്ടു തന്നെ ഇടയ്ക്കിടെ കുടിവെള്ളം മുടങ്ങുമ്പോഴെല്ലാം ജനങ്ങള്‍ മന്ത്രിയെ സ്മരിക്കാറുണ്ട്. കഴിഞ്ഞ വേനല്‍ക്കാലത്ത് കേരളം അനുഭവിച്ച ജലദൗര്‍ബല്യം മാത്യു ടി തോമസിന്റെ ഇമേജില്‍ കാര്യമായ മങ്ങലേല്‍പ്പിച്ചു. ഇപ്പോഴും തീരദേശമലയോര മേഖലകളില്‍ കുടിവെള്ള പ്രശ്‌നങ്ങള്‍ പൂര്‍ണമായി അവസാനിച്ചിട്ടില്ല. പാര്‍ട്ടിക്കുള്ളിലെ വിഭാഗീയതയാണ് മന്ത്രിയെന്ന നിലയില്‍ മാത്യു ടി തോമസിന്റെ പ്രവര്‍ത്തനങ്ങളെ പിന്നോട്ടടിക്കുന്നതെന്ന് പറയുന്നവരുണ്ട്. എന്നാല്‍, നല്ല പ്രവര്‍ത്തനങ്ങള്‍ ജനങ്ങളിലെത്തുന്നില്ലെന്നാണ് അദ്ദേഹത്തിന്റെ ന്യായവാദം. അഞ്ചുവര്‍ഷത്തിനുള്ളില്‍ പത്തുലക്ഷം വാട്ടര്‍ കണക്ഷന്‍ നല്‍കുമെന്നായിരുന്നു തുടക്കത്തില്‍ മന്ത്രിയുടെ പ്രഖ്യാപനം. ഇതുവരെ എത്ര നല്‍കിയെന്ന് കണക്കില്ല. അന്തര്‍ സംസ്ഥാന നദീജലക്കരാറുകള്‍, നദീ സംയോജനം എന്നിങ്ങനെ നിരവധി പ്രശ്‌നങ്ങള്‍ മന്ത്രിക്ക് മറികടക്കാനുണ്ട്.
ഇ. ചന്ദ്രശേഖരന്‍
മുഖ്യമന്ത്രിയെയും സി.പി.എമ്മിനെയും വെല്ലുവിളിച്ച് മൂന്നാറിലെ കയ്യേറ്റമൊഴിപ്പിക്കാന്‍ ഇറങ്ങിയ ഇ. ചന്ദ്രശേഖരന് ജനങ്ങള്‍ അന്ന് നല്‍കിയത് അഞ്ചുമാര്‍ക്ക്. കയ്യേറ്റമൊഴിപ്പിച്ചതിന്റെ പേരില്‍ ദേവികുളം സബ്കളക്ടര്‍ ശ്രീറാം വെങ്കിട്ടരാമനെ പദവിയില്‍ നിന്ന് മാറ്റിയതോടെ ആ മാര്‍ക്ക് പൂജ്യമായി മാറി. സി.പി.ഐ മന്ത്രിമാരില്‍ കരുത്തനെന്ന് തുടക്കത്തില്‍ ഇ. ചന്ദ്രശേഖരന്‍ അഭിനന്ദനം കേട്ടു. പക്ഷെ, തോമസ് ചാണ്ടിയുടെയും പി.വി അന്‍വറിന്റെയും കയ്യേറ്റങ്ങളില്‍ സ്വീകരിച്ച നിലപാട് ആ കരുത്ത് ചോര്‍ത്തി.
ഈ സര്‍ക്കാരിന്റെ തുടക്കം മുതലേ റവന്യൂ മന്ത്രിയായിരുന്നു വിവാദത്തിന്റെ ഒരുഭാഗത്ത്. മറുഭാഗത്ത് പിണറായി വിജയനും സി.പി.എമ്മും. മൂന്നാറില്‍ കുരിശുപൊളിച്ചു നീക്കിയ സംഭവത്തില്‍ മുഖ്യമന്ത്രിയും റവന്യൂ മന്ത്രിയും നേര്‍ക്കുനേര്‍ ഏറ്റുമുട്ടി. മന്ത്രിസഭയുടെ കൂട്ടുത്തരവാദിത്വം നഷ്ടപ്പെട്ടുവെന്ന് നിരവധി തവണ ആക്ഷേപം കേട്ടു. സ്വന്തം പാര്‍ട്ടിയില്‍ നിന്നുപോലും റവന്യൂ മന്ത്രിക്കെതിരെ വിമര്‍ശനം ഉയര്‍ന്നു. സര്‍ക്കാര്‍ ഭൂമി കയ്യേറിയതുമായി ബന്ധപ്പെട്ടുണ്ടായ എല്ലാ ആക്ഷേപങ്ങളിലും മന്ത്രിയുടെ പ്രതികരണം ഒന്നുതന്നെയായിരുന്നുകളക്ടര്‍മാരില്‍ നിന്ന് റിപ്പോര്‍ട്ട് തേടും. പക്ഷെ, ഈ റിപ്പോര്‍ട്ടുകളിന്മേല്‍ എന്ത് നടപടി സ്വീകരിച്ചുവെന്ന് ചോദിച്ചാല്‍ ഉത്തരമില്ല.
എം.എം മണി
കടകംപള്ളി ഒഴിഞ്ഞ വൈദ്യുതി വകുപ്പിലേക്ക് എം.എം മണി മന്ത്രിയായി എത്തിയത് വിവാദങ്ങളുടെ കുട ചൂടിയാണ്. വണ്‍ ടൂ ത്രീ പ്രയോഗത്തിന്റെ പേരില്‍ കേസില്‍ കുടുങ്ങിയ എം.എം മണിയെ മന്ത്രിയാക്കാനുള്ള തീരുമാനമായിരുന്നു ആദ്യവിവാദം. മന്ത്രിസ്ഥാനം ഏറ്റെടുത്തതിന് തൊട്ടുപിന്നാലെ മൂന്നാറില്‍ സമരത്തിന് ഇറങ്ങിയ പൊമ്പിള ഒരുമൈ പ്രവര്‍ത്തകരെ അപമാനിച്ചത് എം.എം മണിയെ പ്രതിക്കൂട്ടിലാക്കി. വിവാദം കേരളമാകെ ഏറ്റുപിടിച്ചതോടെ മന്ത്രിസ്ഥാനം നഷ്ടപ്പെടുമെന്ന സ്ഥിതിയെത്തി. ഇതോടെ മണിയാശാന്‍ മാപ്പുപറഞ്ഞ് തടിയൂരി. തന്റെ ശൈലി ഇതാണെന്നും ശൈലി മാറ്റിയാല്‍ താനില്ലെന്നും എം.എം മണി അന്നും ഇന്നും പറയുന്നു.
മൂന്നാറിലെ ഭൂമി കയ്യേറ്റമൊഴിപ്പിക്കല്‍ നടപടിക്കെതിരെ രംഗത്തിറങ്ങിയ എം.എം മണി സി.പി.ഐയുമായും റവന്യൂ മന്ത്രിയുമായും നേരിട്ട് ഏറ്റുമുട്ടി. ആതിരപ്പിള്ളി ജലവൈദ്യുത പദ്ധതി വീണ്ടും നടപ്പാക്കാനുള്ള മണിയുടെ നീക്കവും കേരളം ചോദ്യം ചെയ്തു. കേരളത്തിലെ പരിസ്ഥിതിവാദികള്‍ വിദേശപ്പണം പറ്റുന്നുവെന്ന വിവാദ പരാമര്‍ശം മന്ത്രിയെ വീണ്ടും കുടുക്കി. അഞ്ചേരി ബേബി വധക്കേസും സഹോദരന്റെ സ്വത്ത് സമ്പാദന കേസും പ്രതിക്കൂട്ടിലാക്കിയ മണിയാശാന് ജനങ്ങള്‍ ഡി ഗ്രേഡ് പോലും നല്‍കുമോയെന്ന് സംശയമാണ്.
മന്ത്രി കെ. രാജു
വനംവന്യജീവി വകുപ്പും മൃഗസംരക്ഷണ വകുപ്പുമാണ് കെ. രാജുവിന്റെ ചുമതല. ഈ രണ്ടുവകുപ്പുകളിലും കാര്യമായൊന്നും നടക്കാത്തതിനാല്‍ വകുപ്പ് മന്ത്രിയെക്കുറിച്ച് അധികമൊന്നും കേള്‍ക്കുന്നില്ല. സി.പി.ഐ മന്ത്രിമാരുടെ പ്രവര്‍ത്തനം പോരെന്ന് മന്ത്രി എ.കെ ബാലന്റെ പ്രസ്താവനയ്‌ക്കെതിരെ രംഗത്തുവന്നപ്പോഴാണ് മന്ത്രി കെ. രാജുവിന്റെ ശബ്ദം കേരളം നന്നായൊന്ന് കേട്ടത്. മന്ത്രിമാരെ വിലയിരുത്താന്‍ ബാലനാരാ എന്ന രാജുവിന്റെ ചോദ്യത്തിന് ചൂടും ചൂരുമുണ്ടെന്ന് പാര്‍ട്ടി തന്നെ വിലയിരുത്തുകയും ചെയ്തു.
കേരളത്തിലെ വനഭൂമിയുടെ വിസ്തൃതിയെക്കുറിച്ച് ചോദിച്ചാല്‍ മന്ത്രി കെ. രാജു വാപൊളിക്കുമെന്നാണ് എതിരാളികള്‍ പറയുന്നത്. കയ്യേറ്റക്കാര്‍ കൊണ്ടുപോയ വനഭൂമിയുടെ കണക്കും മന്ത്രിയുടെ കയ്യിലില്ലത്രെ. വയനാട്ടില്‍ വന്യമൃഗങ്ങളുടെ ശല്യം കൊണ്ട് ജനങ്ങള്‍ പൊറുതി മുട്ടിയിട്ടും മന്ത്രിക്ക് കുലുക്കമില്ല. ക്ഷീരോല്‍പ്പാദനത്തില്‍ സ്വയം പര്യാപ്തത നേടുമെന്നായിരുന്നു മന്ത്രിയുടെ ആദ്യപ്രഖ്യാപനം. ഒന്നും നടന്നില്ല. മാത്രമല്ല, പാല്‍ സഹകരണ സംഘങ്ങളില്‍ നിന്ന് ക്ഷീരകര്‍ഷകര്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ക്കും പരിഹാരമില്ല. തെരുവ് നായകളുടെ ആക്രമണം ശക്തമായ ഘട്ടത്തില്‍ പേവിഷ വാക്‌സിനുകള്‍ കേരളത്തില്‍ ഉല്‍പാദിപ്പിക്കുമെന്ന് പറഞ്ഞ മന്ത്രിയെ ഈ വിഷയവുമായി പിന്നീട് കണ്ടിട്ടില്ല.