ദില്ലി:ഭരണം കാര്യക്ഷമമാക്കാന്‍ മന്ത്രിമാര്‍ക്ക് മാര്‍ഗനിര്‍ദേശവുമായി പ്രധാനമന്ത്രി നരേന്ദ്രേമാദി.ഇനിയാരും വീട്ടിലിരുന്ന് ജോലി ചെയ്യേണ്ടെന്നും അതാത് മന്ത്രാലയങ്ങളില്‍ എത്തി ഓഫീസ് കാര്യങ്ങള്‍ കൃത്യതയോടെ നോക്കണമെന്നും മോദി അറിയിച്ചു. ഓഫീസില്‍ വൈകിയെത്തരുതെന്നും കര്‍ശന നിര്‍ദേശമുണ്ട്. മന്ത്രിമാര്‍ കൃത്യം 9.30-ന് തന്നെ ഓഫീസില്‍ എത്തണം.അതുപോലെ പാര്‍ലമെന്റ് ചേരുന്ന 40 ദിവസത്തേക്ക് രാജ്യത്തിന് പുറത്തേക്കുള്ള യാത്രകള്‍ ഒഴിവാക്കണമെന്നും മോദി പറഞ്ഞു.
ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്നപ്പോള്‍ കൃത്യ സമയത്ത് ഓഫീസില്‍ എത്തിയതുകൊണ്ട് ദിവസേന ചെയ്ത് തീര്‍ക്കേണ്ട കര്‍ത്തവ്യങ്ങളുടെ രൂപ രേഖ തയ്യാറാക്കാന്‍ സാധിച്ചതായി മോദി പറഞ്ഞു. എംപിമാരുമായി കൂടിക്കാഴ്ച നടത്തി സ്ഥിതിഗതികള്‍ ചര്‍ച്ച ചെയ്യാനും മന്ത്രിമാര്‍ സമയം കണ്ടെത്തണമെന്നും പുതിയ വികസന പദ്ധതികളെക്കുറിച്ച് വിശകലനം ചെയ്യണമെന്നും പ്രധാനമന്ത്രി നിര്‍ദേശിച്ചു.
അടുത്ത 100 ദിവസങ്ങള്‍ക്കുള്ളില്‍ അഞ്ചുവര്‍ഷത്തേക്കുള്ള സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ വിശദീകരിക്കുന്ന അജണ്ട രൂപീകരിക്കണമെന്നും മോദി നിര്‍ദ്ദേശിച്ചു.