തിരുവനന്തപുരം: മന്ത്രിസഭാ വിവരങ്ങള്‍ ചോരുന്നതില്‍ അതൃപ്തി പ്രകടിപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. സോളാര്‍ റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട ചര്‍ച്ചയിലെ വിവരങ്ങള്‍ പുറത്തു പോയതിലാണ് മുഖ്യമന്ത്രി അതൃപ്തി രേഖപ്പെടുത്തിയത്. ഇക്കാര്യം നേരിട്ട് മന്ത്രിമാരെ അറിയിച്ചു. മന്ത്രിസഭാ യോഗത്തിലെ വിവരങ്ങള്‍ മാധ്യമങ്ങളുമായി പങ്കുവയ്ക്കരുതെന്നും മുഖ്യമന്ത്രി കര്‍ശന നിര്‍ദ്ദേശവും നല്‍കി.

കഴിഞ്ഞായാഴ്ച ചേര്‍ന്ന മന്ത്രിസഭാ യോഗത്തില്‍ സോളാര്‍ തുടരന്വേഷണവുമായി ബന്ധപ്പെട്ട് നിയമോപദേശം തേടുന്നതില്‍ ചില ഭിന്നാഭിപ്രായങ്ങള്‍ ഉയര്‍ന്നിരുന്നു. നിയമമന്ത്രി എ.കെ ബാലനും റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരനുമാണ് വ്യത്യസ്തമായ അഭിപ്രായങ്ങള്‍ പ്രകടിപ്പിച്ചത്. ഇക്കാര്യം മാധ്യമങ്ങള്‍ വാര്‍ത്തയാക്കുകയും ചെയ്തിരുന്നു. ഇതാണ് മുഖ്യമന്ത്രിയുടെ അതൃപ്തിക്കിടയാക്കിയത്. തുടര്‍ന്ന് മുഖ്യമന്ത്രി എല്ലാ മന്ത്രിമാരേയും ബന്ധപ്പെട്ട് മന്ത്രിസഭാ വിവരങ്ങള്‍ മാധ്യമങ്ങള്‍ക്ക് നല്‍കരുതെന്ന് നിര്‍ദ്ദേശം നല്‍കി. ഇന്നു ചേര്‍ന്ന യോഗത്തിലും ഇക്കാര്യം മുഖ്യമന്ത്രി ആവര്‍ത്തിച്ചു.
മന്ത്രിസഭയിലെ വിവരങ്ങള്‍ പുറത്ത് പോവുന്നത് നല്ല രീതിയില്ല. ഇതുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ പുറത്തു പോകുന്നത് സര്‍ക്കാര്‍ നടപടികള്‍ സ്വീകരിക്കുന്നതില്‍ തടസം സൃഷ്ടിക്കും. ഇത്തരം വിവരങ്ങള്‍ പുറത്തേക്ക് പോവരുതെന്ന് മുഖ്യമന്ത്രി കര്‍ശന നിര്‍ദ്ദേശം നല്‍കി. ഇതുവരെയുണ്ടായ വിവരങ്ങളില്‍ മുഖ്യമന്ത്രി അതൃപ്തി രേഖപ്പെടുത്തുകയും ചെയ്തു. നിര്‍ദ്ദേശത്തിനു പിന്നാലെ ഇന്നു ചേര്‍ന്ന മന്ത്രിസഭാ യോഗത്തിനു ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുന്നതിന് പോലും ചില മന്ത്രിമാര്‍ കൂട്ടാക്കിയില്ല.