തിരുവനന്തപുരം: മന്ത്രി എം.എം മണിയെക്കുറിച്ചുള്ള സി.പി.ഐയുടെ പരസ്യ ആരോപണത്തില്‍ സി.പി.എം നേതൃത്വം നിലപാട് വ്യക്തമാക്കണമെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഡീന്‍കുര്യാക്കോസ് വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.

സി.പി.ഐയുടെ ഇടുക്കി ജില്ലാ സെക്രട്ടറി ജില്ലയിലെ എല്‍.ഡി.എഫിന്റെ കണ്‍വീനര്‍ കൂടിയാണ്. മന്ത്രി എം.എം മണി ജില്ലയില്‍ നിന്നുള്ള ഏക മന്ത്രിയും സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് മെമ്പറും കൂടിയാണ്. മന്ത്രി മണിയെ ‘കൈയേറ്റത്തിന്റെ മിശിഹ’ എന്ന് സി.പി.ഐ പരസ്യമായി വിശേഷിച്ചപ്പോള്‍ മന്ത്രി മണി ആ പദവി ഏറ്റെടുക്കുകയാണ് ഉണ്ടായത്. മന്ത്രിയുടെ സഹോദരന്‍ എം.എം ലബോദരന്‍ ഉള്‍പ്പെടെ സി.പി.എം നേതാക്കന്മാര്‍ വന്‍കിട ഭൂമാഫിയയ്ക്ക് നേതൃത്വം നല്‍കി വരുമ്പോള്‍ മന്ത്രിയുടെ വാക്കുകള്‍ക്ക് പ്രസക്തി വര്‍ദ്ദിക്കുകയാണ്. കൊട്ടകാമ്പൂര്‍ വില്ലേജില്‍ ബ്ലോക്ക് 58ല്‍ ആരോപണ വിധേയരായ മുഴുവന്‍ കൈയേറ്റങ്ങള്‍ക്കും പിന്നില്‍ സി.പി.എം നേതൃത്വം ആണെന്നും ഡീന്‍ ആരോപിച്ചു.

 

കുടിയേറ്റ കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമുണ്ടാക്കാന്‍ മന്ത്രി മണിക്ക് നാളിത് വരെയും സാധിച്ചിട്ടില്ലയെന്നത്, വ്യക്തമാണ്. മറുവശത്ത് നിയമ വിരുദ്ധമായി, വ്യാജ പട്ടയം സൃഷ്ടിച്ച്, നീല കുറുഞ്ഞി ഉദ്യാനത്തെപോലും കവര്‍ന്നെടുക്കുന്ന നിയമ ലംഘകരെ സംരക്ഷിക്കാന്‍ സര്‍ക്കാര്‍ സംവിധാന ദുരുപയോഗപ്പെടുത്തുകയാണ് മണി ചെയ്യുന്നത്.ജോയ്‌സ് ജോര്‍ജ് എം.പി വ്യാജപട്ടയം സൃഷ്ടിക്കുകയും, പട്ടികജാതി വിഭാഗത്തില്‍പ്പെട്ടയാളുകള്‍ക്കെതിരെ അതിക്രമം നടത്തിയ കേസിലും പ്രതിസ്ഥാനത്താണെന്നും ഡീന്‍ പറഞ്ഞു.

 

വന്‍കിട ഭൂമികൈയേറ്റത്തിന് നേതൃത്വം നല്‍കിയത്, എം.പിയും സി.പി.എംം നേതാക്കളുമാണെന്ന് ഇടതു സര്‍ക്കാര്‍ തന്നെ കണ്ടെത്തിയപ്പോള്‍ ആ തീരുമാനം കൈക്കൂലി വാങ്ങി കൈക്കൊണ്ടതാണെന്ന വില കുറഞ്ഞ ആരോപണം ഉന്നയിക്കുകയാണുണ്ടായത്. ഭൂമി പരിശോധന നടത്തിയതിന്റെ അടിസ്ഥാനത്തില്‍ കുറ്റക്കാരായി കണ്ടെത്തിയവര്‍ക്കെതിരെ തുടര്‍ നടപടികള്‍ സ്വീകരിക്കുവാനും, അനധികൃത കൈയ്യേറ്റങ്ങള്‍ ഒഴിപ്പിക്കാനും സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്ന്. ആവശ്യമുയരുമ്പോള്‍, സാധാരണക്കാരായ കര്‍ഷകരുടെ കുടിയേറ്റത്തിനു സമാനമായി ഈ ഭൂമി കൊള്ളയെ ചിത്രീകരിച്ച് പ്രതികളെ രക്ഷപ്പെടുത്താനാണ് മുഖ്യമന്ത്രിയും, സി.പി.എം നേതൃത്വവും ശ്രമിക്കുന്നതെന്നും ഡീന്‍ കുര്യാക്കോസ് പറഞ്ഞു. വനഭൂമി കൊള്ളക്കാര്‍ക്കെതിരൈ നിയമനടപടികള്‍ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് ഡിസംബര്‍. 9 ന് കട്ടപ്പനയില്‍ ഉപവാസം സമരം നടത്തുമെന്നും ഡീന്‍ കുര്യക്കോസ് വ്യക്തമാക്കി.