തിരുവനന്തപുരം:മന്ത്രി മാത്യു ടി.തോമസിന്റെ ഗണ്‍മാന്‍ വെടിയേറ്റ് മരിച്ച നിലയില്‍.തിരുവനന്തപുരം എആര്‍ ക്യാമ്പിലെ സിവില്‍ പൊലീസ് ഓഫീസറായ കൊല്ലം കടയ്ക്കല്‍ ചരിപ്പറമ്പ് സ്വദേശി സുജിത് (27) ആണ് മരിച്ചത്.ഇന്ന് രാവിലെയോടെ വീട്ടിനുള്ളിലാണ് മൃതദേഹം കണ്ടെത്തിയത്.കൈയിലെ ഞരമ്പ് മുറിച്ച നിലയിലായിരുന്നു.ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം.
സുജിത്ത് രണ്ട് വര്‍ഷമായി മന്ത്രിയുടെ ഗണ്‍മാനായി പ്രവര്‍ത്തിച്ച് വരികയായിരുന്നു.മൃതദേഹത്തിന് സമീപത്ത് നിന്നും സുജിത്തിന്റേതെന്ന് കരുതുന്ന ആത്മഹത്യാക്കുറിപ്പ് പൊലീസ് കണ്ടെത്തിയതായാണ് വിവരം.മൃതദേഹം കടയ്ക്കല്‍ താലൂക്ക് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.കൂടുതല്‍ പരിശോധനകള്‍ക്കായി ഉടന്‍ തന്നെ തിരുവനന്തപുരം മെഡിക്കല്‍ കോളേജിലേക്ക് മാറ്റും.
കടയ്ക്കല്‍ സി.ഐയുടെ നേതൃത്വത്തില്‍ പൊലീസ് സ്ഥലത്തെത്തി.വിശദമായ പരിശോധനകള്‍ക്കു ശേഷമേ കൂടുതല്‍ കാര്യങ്ങള്‍ വ്യക്തമാകുകയുള്ളൂ എന്ന് പൊലീസ് അറിയിച്ചു.
സുജിത്തിന് ഔദ്യോഗികമായി പ്രശ്‌നങ്ങളുണ്ടായിരുന്നില്ലെന്നും വ്യക്തിപരമായ പ്രശ്‌നങ്ങളായിരിക്കാം ആത്മഹത്യയ്ക്ക് കാരണമെന്നും മന്ത്രി മാത്യു ടി.തോമസ് മാധ്യമങ്ങളോട് പറഞ്ഞു.