കോല്‍ക്കത്ത: തൃണമൂല്‍ കോണ്‍ഗ്രസിന്റെ സ്ഥാപക നേതാക്കളിലൊരാളും പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ വലംകൈയ്യുമായിരുന്ന മുകുള്‍ റോയി ബിജെപിയില്‍ ചേര്‍ന്നു. കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദിന്റെ സാന്നിധ്യത്തിലാണ് മുകുള്‍ റോയി ബിജെപി അംഗത്വം സ്വീകരിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കു കീഴില്‍ പ്രവര്‍ത്തിക്കാന്‍ അവസരം ലഭിക്കുന്നത് അഭിമാനമാണെന്നും ബിജെപി വര്‍ഗീയ കക്ഷിയല്ലെന്നും അംഗത്വം സ്വീകരിച്ചുകൊണ്ട് മുകുള്‍ റോയി പറഞ്ഞു.

മുകുള്‍ റോയിയും മമത ബാനര്‍ജിയും തമ്മില്‍ ഏതാനും നാളുകളായി അഭിപ്രായവ്യത്യാസത്തിലായിരുന്നു. തന്റെ അനന്തരവനായ അഭിഷേക് ബാനര്‍ജിയെ നേതൃപദവിയിലേക്കു കൊണ്ടുവരാനുള്ള മമതയുടെ നീക്കമാണ് അഭിപ്രായവ്യത്യാസത്തിനു തുടക്കമിട്ടത്. തുടര്‍ന്ന് സെപ്റ്റംബറില്‍ പാര്‍ട്ടി വിടുകയാണെന്ന് മുകുള്‍ റോയ് പ്രഖ്യാപിച്ചിരുന്നു. തുടര്‍ന്ന് രാജ്യസഭാംഗത്വം രാജിവച്ചിരുന്നു. പിന്നാലെ മുകുള്‍ റോയിയെ പാര്‍ട്ടിയില്‍നിന്നു പുറത്താക്കിയതായി തൃണമൂല്‍ നേതൃത്വം വ്യക്തമാക്കിയിരുന്നു.

തൃണമൂല്‍ കോണ്‍ഗ്രസ് അധ്യക്ഷയും പശ്ചിമബംഗാള്‍ മുഖ്യമന്ത്രിയുമായ മമത ബാനര്‍ജിയുടെ വലം കൈയും പാര്‍ട്ടിയിലെ രണ്ടാമനുമായിരുന്നു മുകുള്‍ റോയ്. രണ്ടാം യുപിഎ സര്‍ക്കാരില്‍ റെയില്‍വേ മന്ത്രിയായിരുന്ന മമത രാജിവച്ചതിന് പിന്നാലെ ആദ്യം റെയില്‍വേ മന്ത്രിയായത് തൃണമൂലില്‍ നിന്ന് തന്നെയുള്ള ദിനേഷ് ത്രിവേദി ആയിരുന്നു. ഇദ്ദേഹത്തെ മാറ്റി മുകുള്‍ റോയിയെ മമത റെയില്‍മന്ത്രിയാക്കിയിരുന്നു. തുടര്‍ന്ന് മമത യുപിഎ സഖ്യം വിട്ടതോടെയാണ് റോയ് മന്ത്രിസ്ഥാനം ഒഴിഞ്ഞത്.

സമീപകാലത്തായി മുകുള്‍ റോയ് ബിജെപിയോട് അടുക്കുന്നതായി മമത സംശയിച്ചിരുന്നു. ഇതേത്തുടര്‍ന്ന് മുകുള്‍ റോയിയെ അടുത്ത കാലത്ത് തൃണമൂല്‍ കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് സ്ഥാനത്തു നിന്നും നീക്കിയിരുന്നു. കൂടാതെ പാര്‍ട്ടിയുടെ ത്രിപുരയുടെ ചുമതലയില്‍ നിന്നും ഒഴിവാക്കുകയും ചെയ്തിരുന്നു.

അടുത്തിടെ നാരദാ ന്യൂസ് അടുത്തിടെ നടത്തിയ ഒളികാമറ ഓപ്പറേഷനില്‍ മുകുള്‍ റോയി ഉള്‍പ്പെടെ 12 മുതിര്‍ന്ന നേതാക്കള്‍ കുടുങ്ങിയിരുന്നു. ഇതുമായി ബന്ധപ്പെട്ട കേസില്‍ സിബിഐ സംഘം കഴിഞ്ഞമാസം മുകുള്‍ റോയിയെ ചോദ്യംചെയ്തു. തെറ്റൊന്നും ചെയ്തിട്ടില്ലെന്നായിരുന്നു മുകുള്‍ റോയിയുടെ നിലപാട്. രണ്ടുവര്‍ഷം മുന്‍പ് നടന്ന ശാരദ ചിട്ടിതട്ടിപ്പ് കേസിലും മുകുള്‍റോയിയെ സിബിഐ ചോദ്യംചെയ്തിരുന്നു.