കൊച്ചി:മമ്മൂട്ടി നായകനായ പുള്ളിക്കാരന്‍ സ്റ്റാറാ എന്ന ചിത്രത്തിന്റെ ലൊക്കേഷനില്‍വെച്ച് തനിക്ക് ദുരനുഭവം ഉണ്ടായതായി നടി അര്‍ച്ചന പത്മിനി.പ്രൊഡക്ഷന്‍ കണ്‍ട്രോളറായ ബാദുഷായുടെ അസിസ്റ്റന്റ് ഷെറിന്‍ സ്റ്റാന്‍ലി തന്നോട് അപമര്യാദയായി പെരുമാറിയെന്നാണ് അര്‍ച്ചന പറഞ്ഞത്.ഡബ്‌ള്യൂ.സി.സി അംഗങ്ങള്‍ കൊച്ചിയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് നടിയുടെ വെളിപ്പെടുത്തല്‍.
ഇതേക്കുറിച്ച് ഫെഫ്ക ജനറല്‍ സെക്രട്ടറി ബി.ഉണ്ണികൃഷ്ണന് താന്‍ നേരിട്ട് പരാതി നല്‍കിയെങ്കിലും ഇതുവരെയും ഒരു നടപടിയും ഉണ്ടായിട്ടില്ല.ഫെഫ്കയുടെ കൊച്ചിയിലെ ഓഫീസില്‍ പലതവണ പോയിരുന്നു.ബി.ഉണ്ണികൃഷ്ണന്‍, സിബി മലയില്‍,സോഹന്‍ സീനുലാല്‍ എന്നിവരെയൊക്കെ നടപടി ആവശ്യപ്പെട്ടു താന്‍ സമീപിച്ചെന്നും എന്നാല്‍ ഒരുഫലവുമുണ്ടായില്ലെന്നും അര്‍ച്ചന പത്മിനി പറഞ്ഞു.
സിനിമകളില്‍ ചെറിയ വേഷങ്ങള്‍ ചെയ്തു പോരുന്ന നടിയാണ് താന്‍.തനിക്കിപ്പോള്‍ അവസരങ്ങള്‍ ഒന്നുമില്ല എന്നാല്‍ ആരോപണവിധേയന്‍ സിനിമയില്‍ സജീവമാണെന്നും അര്‍ച്ചന പറഞ്ഞു.പൊലീസിന് പരാതി നല്‍കാത്തതെന്തെന്ന ചോദ്യത്തിന് വീണ്ടുമൊരു വെര്‍ബല്‍ റേപ്പിന് നിന്നുകൊടുക്കാന്‍ പറ്റില്ലാത്തതുകൊണ്ടാണ് പൊലീസില്‍ പരാതി നല്‍കാത്തതെന്നും ഈ ഊളകളുടെ പിറകേ നടക്കാന്‍ താത്പര്യമില്ലെന്നും തനിക്ക് തന്റേതായ സ്വപ്നങ്ങളുണ്ടെന്നുമായിരുന്നു അര്‍ച്ചന പറഞ്ഞത്.