ആലുവ:ആ നാദത്തിന് പ്രണയത്തിന്റെ സുഖമുണ്ടായിരുന്നു,വിരഹത്തിന്റെ നോവും..മലയാളത്തിന്റെ ഗസല്‍ ലോകത്തെ ഒരുപിടി ഈണങ്ങള്‍ കൊണ്ട് സമ്പന്നമാക്കിയ പ്രശസ്ത ഗസല്‍ ഗായകന്‍ ഉമ്പായി (68) അന്തരിച്ചു.വൈകിട്ട് 4.45ഓടെ ആലുവയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.അര്‍ബുദരോഗബാധിതനായി ദീര്‍ഘനാളായി ചികില്‍സയിലായിരുന്നു.പി.എ ഇബ്രാഹിം എന്നാണ് ഉമ്പായിയുടെ യഥാര്‍ഥ പേര്.
ഉറുദു,ഹിന്ദി ഗസല്‍ പ്രേമികളെ മലയാളം ഗസലുകളുടെ ആരാധകരാക്കിയത് ഉമ്പായിയുടെ സ്വതസിദ്ധമായ ശൈലിയാണ്.പഴയ സിനിമാഗാനങ്ങള്‍ പോലും അദ്ദേഹം ആലപിക്കുമ്പോള്‍ അതിന് ‘ഉമ്പായി ടച്ച് ‘ഉണ്ടെന്ന് പലരും വിശേഷിപ്പിച്ചിട്ടുണ്ട്.കവി സച്ചിദാനന്ദന്‍,ഒഎന്‍വി കുറുപ്പ് തുടങ്ങിയവരുടെ കവിതകള്‍ക്കും ഗാനങ്ങള്‍ക്കും സംഗീതം നല്‍കി ഉമ്പായി ആലപിച്ച ഗാനങ്ങള്‍ മലയാളികള്‍ എന്നും ഹൃദയത്തോട് ചേര്‍ത്തു നിര്‍ത്തിയവയായിരുന്നു.ഇതില്‍ ഒ എന്‍ വി രചിച്ച ‘പാടുക സൈഗാള്‍ പാടുക’എക്കാലത്തേയും ഹിറ്റാണ്.
‘വീണ്ടും പാടാം സഖീ നിനക്കായ് വിരഹഗാനം’,ചെറുപ്പത്തില്‍ നമ്മള്‍ രണ്ടും മണ്ണുവാരിക്കളിച്ചപ്പോള്‍,ചുപ്‌കെ ചുപ്‌കെ രാത് ദിന്‍….ആസ്വാദകരുടെ ഉള്ളിലേക്ക് മഴയായി പെയ്തിറങ്ങിയ എത്രയെത്ര ഗസലുകള്‍..ഹാര്‍മോണിയത്തില്‍ ചലിക്കുന്ന ആ വിരലുകള്‍ക്കൊപ്പം ആ മാന്ത്രിക ശബ്ദം പ്രേക്ഷകരെ മറ്റൊരു ലോകത്തേക്കാനയിച്ചു.
ഇരുപതോളം ഗസല്‍ ആല്‍ബങ്ങള്‍ അദ്ദേഹത്തിന്റേതായി പുറത്തിറങ്ങിയിട്ടുണ്ട്. ‘നോവല്‍’ എന്ന ചലച്ചിത്രത്തിനും അദ്ദേഹം സംഗീത സംവിധാനം നിര്‍വഹിച്ചിട്ടുണ്ട്.പഴയ നിരവധി ചലച്ചിത്ര ഗാനങ്ങള്‍ക്കും ഉമ്പായി തന്റേതായ ഗസല്‍ ആലാപന ശൈലിയിലൂടെ പുതിയ ആവിഷ്‌കാരം നല്‍കിയിട്ടുണ്ട്.
ഭാര്യ:ഹബീബ.മക്കള്‍:ശൈലജ,സബിത,സമീര്‍