കോഴിക്കോട്: പ്രശസ്ത സാഹിത്യകാരന്‍ പുനത്തില്‍ കുഞ്ഞബ്ദുള്ള(77) അന്തരിച്ചു. വെള്ളിയാഴ്ച രാവിലെ 7.40 ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. വാര്‍ധക്യ സംബന്ധമായ അസുഖങ്ങളെ തുടര്‍ന്ന് ഏറെ നാളായി ചികിത്സയിലായിരുന്നു.

കേന്ദ്ര-കേരള സാഹിത്യ അക്കാദമി അവാര്‍ഡുകള്‍ ഉള്‍പ്പെടെ നിരവധി പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്. മലമുകളിലെ അബ്ദുള്ള, സ്മാരകശിലകള്‍, അലിഗഢിലെ തടവുകാരന്‍, സൂര്യന്‍, മരുന്ന്, തുടങ്ങി അനേകം കൃതികള്‍ അദ്ദേഹത്തിന്റേതായിട്ടുണ്ട്.

സ്മാരകശിലകള്‍ എന്ന കൃതിക്ക് 1978 ല്‍ കേരളസാഹിത്യ അക്കാദമി അവാര്‍ഡും 1980 ല്‍ കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡും ലഭിച്ചു. മലമുകളിലെ അബ്ദുള്ള എന്ന കൃതിക്ക് 1980 ല്‍ കേരള സാഹത്യ അക്കാദമി അവാര്‍ഡ് ലഭിച്ചു. 2009 ല്‍ കേരളസാഹിത്യ അക്കാദമി വിശിഷ്ടാംഗത്വം നല്‍കി അദ്ദേഹത്തെ ആദരിച്ചു.

കന്യാവനം, പരലോകം, നവഗ്രഹങ്ങളുടെ തടവറ, അഗ്‌നിക്കാവ്, മരുന്ന്, സ്മാരകശിലകള്‍ എന്നിവയാണ് പുനത്തിലിന്റെ പ്രധാന നോവലുകള്‍. അലിഗഢ് കഥകള്‍, ക്ഷേത്രവിളക്കുകള്‍, കുറേ സ്ത്രീകള്‍, മലമുകളിലെ അബ്ദുള്ള, പ്രണയകഥകള്‍, പുനത്തിലിന്റെ 101 കഥകള്‍ എന്നിവയാണ് പ്രധാന കഥാസമാഹാരങ്ങള്‍.

1940 ല്‍ ഏപ്രില്‍ മൂന്നിനാണ് കോഴിക്കോട് ജില്ലയിലെ വടകരയില്‍ സൈനയുടെയും മമ്മുവിന്റെയും മകനായി പുനത്തില്‍ കുഞ്ഞബ്ദുള്ള ജനിച്ചത്. തലശേരി ബ്രണ്ണന്‍ കോളെജില്‍ നിന്ന് ബിരുദപഠനം പൂര്‍ത്തിയാക്കിയ അദ്ദേഹം അലിഗഢ് മുസ് ലിം യൂണിവേഴ്സിറ്റിയില്‍ നിന്ന് എംബിബിഎസ് കരസ്ഥമാക്കി.