ന്യൂഡല്‍ഹി: ഡല്‍ഹി ഐഎല്‍ബിഎസ് ആശുപത്രിയില്‍ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടതിനെ തുടര്‍ന്ന് ആത്മഹത്യക്ക് ശ്രമിച്ച നഴ്‌സിനെ വധിക്കാന്‍ ശ്രമം നടന്നതായി പരാതി. അമിതമായി മരുന്ന് കുത്തി വെച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചെന്ന് നഴ്‌സ് പറഞ്ഞു. തളര്‍ന്നുവീണപ്പോള്‍ സെക്യൂരിറ്റി ജീവനക്കാരന്‍ മര്‍ദ്ദിച്ചതായും ആലപ്പുഴ സ്വദേശിനിയായ നഴ്‌സ് പറഞ്ഞു.

തന്റെ പരാതിയില്‍ നടപടി എടുത്തില്ലെന്നും വനിതാ കമ്മീഷന്‍ ഇടപെട്ട ശേഷമാണ് മൊഴി എടുത്തതെന്നും നഴ്‌സ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. തീവ്രപരിചരണ വിഭാഗത്തിലായിരുന്ന മലയാളി നഴ്‌സിന്റെ ആരോഗ്യനില മെച്ചപ്പെട്ടിരുന്നു.

നഴ്സിനെ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടതില്‍ പ്രതിഷേധിച്ചു മലയാളികളടക്കമുള്ള നഴ്‌സുമാര്‍ മിന്നല്‍ പണിമുടക്ക് നടത്തിയിരുന്നു. പിരിച്ചുവിട്ട നഴ്‌സിനെ തിരിച്ചെടുക്കും വരെ സമരം തുടരുമെന്നു സഹപ്രവര്‍ത്തകര്‍ വ്യക്തമാക്കി. ആശുപത്രി മാനേജ്‌മെന്റ് നഴ്‌സുമാര്‍ക്കെതിരെ സ്വീകരിച്ച നടപടികള്‍ ഡല്‍ഹി സര്‍ക്കാര്‍ പരിശോധിക്കണമെന്നും ജീവനൊടുക്കാന്‍ പ്രേരിപ്പിച്ചവര്‍ക്കെതിരെ കേസെടുക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു. ഐഎല്‍ബിഎസ് ആശുപത്രിയുടെ പ്രവര്‍ത്തനം സ്തംഭിച്ചിരിക്കുകയാണ്. വിഷയത്തില്‍ അടിയന്തര ഇടപെടല്‍ നടത്തണമെന്നു ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനോടു മുഖ്യമന്ത്രി പിണറായി വിജയന്‍ ആവശ്യപ്പെട്ടിരുന്നു.

കഴിഞ്ഞ വെള്ളിയാഴ്ച വൈകിട്ടു ഡ്യൂട്ടി കഴിഞ്ഞിറങ്ങിയപ്പോഴാണു പിരിച്ചുവിട്ടുകൊണ്ടുള്ള മാനേജ്‌മെന്റിന്റെ ഉത്തരവ് യുവതിക്കു നല്‍കിയത്. തുടര്‍ന്നാണ് യുവതി ആശുപത്രിയിലെ ശുചിമുറിയില്‍ കയറി ജീവനൊടുക്കാന്‍ ശ്രമിച്ചത്. ഐഎല്‍ബിഎസ് ആശുപത്രിയില്‍ പ്രാഥമിക ചികില്‍സ നല്‍കിയ ശേഷം ഇവരെ എയിംസിലേക്കു മാറ്റുകയായിരുന്നു. സംഭവത്തിനു പിന്നാലെ, മുന്നൂറോളം നഴ്‌സുമാര്‍ കൂട്ടമായി പണിമുടക്കാനിറങ്ങി.