കോവളം: വിഴിഞ്ഞത്തു നിന്നും കാണാതായ മല്‍സ്യ ത്തൊഴിലാളികളെ ഇതുവരെയും കണ്ടെത്താനാവാത്തതില്‍ പ്രതിഷേധം ശക്തമായിരിക്കെ തെരച്ചിലിനായി ഹെലിക്കോപ്റ്റര്‍ ഉടനെത്തുമെന്ന് കോസ്റ്റ് ഗാര്‍ഡ് അറിയിച്ചു.ഇപ്പോള്‍ രണ്ടു കപ്പലുകള്‍ തെരച്ചില്‍ നടത്തുന്നുണ്ടെന്നും കോസ്റ്റ്ഗാര്‍ഡ് അറിയിച്ചു.
മല്‍സ്യത്തൊഴിലാളികളെ കണ്ടെത്താന്‍ സര്‍ക്കാര്‍ കാര്യക്ഷമമായി ഒന്നും ചെയ്തില്ലെന്നാരോപിച്ച് തീരദേശത്ത് പ്രതിഷേധം ശക്തമാവുകയാണ്.കാണാതായവരെ തേടി മത്സ്യത്തൊഴിലാളികള്‍ തന്നെ തിരച്ചിലിനിറങ്ങി.മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി,വിഎസ് ശിവകുമാര്‍,കോവളം എംഎല്‍ എ എ വിന്‍സെന്റ് തുടങ്ങിയവര്‍ സ്ഥലത്തെത്തിയിട്ടുണ്ട്. തെരച്ചിലിനായി നാവികസേനയെ ഇറക്കണമെന്നും തെരച്ചിലിനായി മല്‍സ്യത്തൊഴിലാളികളെയും കൊണ്ടുപോകണമെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.
പുതിയതുറ സ്വദേശികളായ ലൂയീസ് (53),ബെന്നി(33), കൊച്ചുപള്ളി സ്വദേശികളായ യേശുദാസന്‍(55) ,ആന്റണി(53) എന്നീ മത്സ്യതൊഴിലാളികളെ വ്യാഴാഴ്ചയാണ് കാണാതായത്. ബുധനാഴ്ച വൈകിട്ട് 3.30 ഓടെ വിഴിഞ്ഞം സ്വദേശി പുഷ്പരാജന്റെ ഉടമസ്ഥതയിലുള്ള വള്ളത്തില്‍ വിഴിഞ്ഞത്തു നിന്നും മത്സ്യ ബന്ധനത്തിന് പോയതായിരുന്നു ഇവര്‍. വ്യാഴാഴ്ച രാവിലെ 10 മണിയോടെ മടങ്ങിയെത്തേണ്ടവര്‍ വൈകിട്ട് മൂന്ന് മണിയായിട്ടും വരാതായതോടെയാണ് വള്ളത്തിന്റെ ഉടമ മത്സ്യതൊഴിലാളികളെ കണാനില്ലെന്ന പരാതിയുമായി തീരദേശ പൊലീസിനെയും മറൈന്‍ എന്‍ഫോഴ്സ് മെന്റിനെയും സമീപിച്ചത്.