തിരുവനന്തപുരം:മഴക്കെടുതിയുമായി ബന്ധപ്പെട്ട് നാടൊന്നാകെ ഒരേ മനസ്സോടെ പ്രവര്‍ത്തിക്കുമ്പോള്‍ തെറ്റായ സന്ദേശങ്ങള്‍ പ്രചരിപ്പിക്കരുതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.എല്ലാ ഡാമുകളും തുറന്നു വിട്ടു, സംസ്ഥാനത്ത് പെട്രോള്‍ വിതരണം നിര്‍ത്തി തുടങ്ങിയ സന്ദേശങ്ങള്‍ പ്രചരിപ്പിക്കുന്നു, ആശങ്ക പരത്താനുള്ള ശ്രമം നടക്കുന്നു.പ്രശ്നങ്ങളെ സങ്കീര്‍ണമാക്കുന്ന സമീപനം സ്വീകരിക്കുന്നവര്‍ക്കെതിരെ ശക്തമായ നടപടി ഉണ്ടാകുമെന്നും മുഖ്യമന്ത്രി തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
സംസ്ഥാനത്താകെ എട്ട് ജില്ലകളിലായി 80 ഉരുള്‍പൊട്ടലുകള്‍ ഉണ്ടായി.മലപ്പുറം കവളപ്പാറ ഭൂദാനം കോളനി, വയനാട് മേപ്പാടി പുത്തുമല എന്നിവിടങ്ങളിലേതാണ് വലിയ അപകടം. ഇതുവരെ 42 മരണങ്ങളാണ് മഴക്കെടുതിയില്‍ സംസ്ഥാനത്ത് നടന്നിട്ടുള്ളത്.വയനാട് 180138 പേരെ ഇതുവരെ മാറ്റിപ്പാര്‍പ്പിച്ചു. 30000 കുടുംബങ്ങളിലുള്ളവരാണ് ഇത്. കവളപ്പാറയില്‍ 3 മൃതദേഹങ്ങള്‍ കണ്ടെത്തി. രാവിലെ തെരച്ചില്‍ പുനരാരംഭിച്ചു. മണ്ണ് നീക്കി തെരച്ചിലാണ് നടക്കുന്നത്. 30 പേരുള്ള ഫയര്‍ഫോഴ്സ് ടീം ഇവിടെയുണ്ട്. പുത്തുമലയില്‍ രക്ഷാപ്രവര്‍ത്തനം പുനരാരംഭിച്ചു. 40 പേരുള്ള ഫയര്‍ഫോഴ്സ് ടീം പ്രവര്‍ത്തിക്കുന്നു. മലപ്പുറം മുണ്ടേരിയില്‍ 200 ഓളം കുടുംബങ്ങളും ജീവനക്കാരും കുടുങ്ങിയിട്ടുണ്ട്. ഹെലികോപ്ടറില്‍ ഭക്ഷണം എത്തിക്കാന്‍ ശ്രമം തുടരുകയാണ്. ഇവിടങ്ങളില്‍ പുഴയിലെ ഒഴുക്ക് ശക്തമായതിനാല്‍ എത്തിച്ചേരുന്നതിനും പ്രയാസമുണ്ട്. വിവിധ ഏജന്‍സികള്‍ ഒത്തുചേര്‍ന്നുള്ള പ്രവര്‍ത്തനങ്ങളാണ് നടക്കുന്നത്. മത്സ്യത്തൊഴിലാളികളും രംഗത്തിറങ്ങി.മുഴുവന്‍ ജനങ്ങളും ആപത്തിന്റെ ഗൗരവം തിരിച്ചറിഞ്ഞ് പ്രവര്‍ത്തിക്കുന്നു. രക്ഷാപ്രവര്‍ത്തകര്‍ സ്വന്തം ജീവന്‍തന്നെ മറന്ന് പ്രവര്‍ത്തിക്കുന്നു.
ജോലിക്കിടെ മരണപ്പെട്ട കെഎസ്ഇബി എന്‍ജിനീയര്‍ ബൈജുവിന് മന്ത്രിമാരുടെയും ഉദ്യോഗസ്ഥരുടേയും യോഗം അനുശോചനം രേഖപ്പെടുത്തി.എന്‍ഡിആര്‍എഫ്, ആര്‍മി സംഘങ്ങളും പങ്കെടുക്കുന്നു.
ബാണാസുര സാഗര്‍ ഡാമിന്റെ ഷട്ടര്‍ മൂന്ന് മണിക്ക് തുറക്കും. ഇതിന്റെ ഭാഗമായി 24,990 പേരെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് എത്തിച്ചു.എട്ട് മണി മുതല്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ടയിലും മഴ തുടരുകയാണ്.പമ്പയില്‍ ജലനിരപ്പ് ഉയര്‍ന്നിട്ടുണ്ട്.തിരുവല്ലയില്‍ 15 ക്യാമ്പ് ആരംഭിച്ചു.
ഈ സമയത്ത് അപൂര്‍വ്വം ചിലര്‍ തെറ്റായ സന്ദേശങ്ങള്‍ പ്രചരിപ്പിക്കുന്നുണ്ട്. ഇത് തിരിച്ചറിയേണ്ടതുണ്ടെന്നും, ഒത്തൊരുമിച്ച് പ്രവര്‍ത്തിക്കേണ്ടത് അനിവാര്യമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇടുക്കി ഡാമില്‍ ഇനിയും വെള്ളം സംഭരിക്കാന്‍ കഴിയും. കഴിഞ്ഞ വര്‍ഷം ഈ സമയം 98.25 ശതമാനം ആയിരുന്നു ജലനിരപ്പ്. ഇപ്പോള്‍ 35 ശതമാനമേ ഒള്ളൂ. ഈ ദിവസങ്ങളില്‍ അവിടെ ഉണ്ടാകുന്ന മഴവെള്ളം സംഭരിക്കാനുള്ള ശേഷി അവിടെയുണ്ട്. പമ്പയിലും 60 ശതമാനം വെള്ളമേ ഒള്ളൂ. കക്കി, ഷോളയാര്‍, ഇടമലയാര്‍ ഡാമുകളില്‍ സംഭരണശേഷിയുടെ പകുതിയില്‍ താഴെ മാത്രം എത്തിയിട്ടുള്ളൂ. കുറ്റ്യാടി, പെരിങ്ങല്‍കുത്ത്, ബാണാസുര ഡാമുകള്‍ മാത്രമാണ് നിറഞ്ഞിട്ടുള്ളത്. ഇത് സൂചിപ്പിക്കുന്നത് ജാഗ്രത പാലിക്കേണ്ട എന്നല്ല. അപകട സാധ്യതയുള്ള സ്ഥലങ്ങളില്‍നിന്ന് മാറണം. ഫലപ്രദമായ മുന്‍കരുതല്‍ അതാണെന്ന് തിരിച്ചറിയണം. ഭൗതിക നഷ്ടങ്ങള്‍ കൂട്ടായി പരിഹരിക്കാന്‍ സാധിക്കും.മനുഷ്യജീവന്‍ അങ്ങനെയല്ല. അതിനാണ് മുന്‍ഗണന നല്‍കേണ്ടത്. സംസ്ഥാനത്ത് 15 ലക്ഷം വൈദ്യുതി കണക്ഷന്‍ തകരാറിലായി. മലബാറില്‍ വൈദ്യൂതി ബന്ധം ഇല്ലാതാകുന്ന സ്ഥിതി ഉണ്ടായി. ചാലിയാര്‍ ക്രോസ് ചെയ്തതിനാലാണിത്.ആളുകള്‍ വൈദ്യുതി ലൈനിന് താളെക്കൂടി ക്രോസ് ചെയ്യരുത്.ഇത് അപകടം ഉണ്ടാക്കും.നിരീക്ഷിക്കാന്‍ പൊലീസിനെ നിയോഗിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.