തിരുവനന്തപുരം:മഴക്കെടുതിയില്‍പ്പെട്ടവര്‍ക്ക് സര്‍ക്കാര്‍ സഹായം. ദുരിതബാധിതര്‍ക്ക് പതിനായിരം രൂപ അടിയന്തിര സഹായം നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന് അറിയിച്ചു. കൂടാതെ ദുരന്തത്തില്‍ മരണമടഞ്ഞവരുടെ കുടുംബങ്ങള്‍ക്കും നഷ്ടപരിഹാരം നല്‍കും. തകര്‍ന്ന വീടുകള്‍ക്ക് 4 ലക്ഷം രൂപയും വീടും സ്ഥലവും നഷ്ടപ്പെട്ടവര്‍ക്ക് 10 ലക്ഷം രൂപയും നല്കാന് തീരുമാനിച്ചു.ഇന്നു ചേര്‍ന്ന് മന്ത്രിസഭാ യോഗമാണ് തീരുമാനമെടുത്തത്.
തദ്ദേശഭരണ സ്ഥാപനസെക്രട്ടറി പരിശോധിച്ചു ദുരന്തബാധിത വീടുകള്‍ ഏതൊക്കെയാണെന്ന് കണ്ടെത്തിയശേഷമേ നഷ്ടപരിഹാരം നല്‍കുകയുള്ളു. കുടിവെള്ള പദ്ധതികളും ജലസേചന പദ്ധതികളും തകരാറിലായത് പരിഹരിക്കേണ്ടതുണ്ട്. റോഡുകളും പൊതു കെട്ടിടങ്ങളും അറ്റകുറ്റപ്പണികള്‍ നടത്തേണ്ടതുണ്ട്.
ദുരിതത്തിലായവര്‍ക്ക് സൗജന്യറേഷന് നല്‍കും.കാലവര്‍ഷക്കെടുതി ബാധിച്ച എല്ലാവര്ക്കും ഒരു കുടുംബത്തിന് 15 കിലോ അരി വീതം സൗജന്യമായി നല്കാന് തീരുമാനിച്ചിട്ടുണ്ട്. തീരദേശത്തെ മത്സ്യത്തൊഴിലാളി കുടുംബങ്ങള്‍ക്കും 15 കിലോ അരി ലഭിക്കും.
ദുരന്തത്തെ തുടര്‍ന്നുണ്ടായ നാശനഷ്ടങ്ങള്‍ കണക്കാക്കി കേന്ദ്രസര്‍ക്കാറിനോട് സഹായം ആവശ്യപ്പെടും. അതിനുള്ള മെമ്മോറാണ്ടം തയ്യാറാക്കുന്നതിന് ചീഫ് സെക്രട്ടറി ടോം ജോസ്, അഡീഷണല്‍ ചീഫ് സെക്രട്ടറി മാരായ മനോജ് ജോഷി, ഡി കെ സിംഗ്, പ്രിന്‍സിപല്‍ സെക്രട്ടറി ഡോക്ടര്‍ ബി വേണു എന്നിവരടങ്ങിയ ഉദ്യോഗസ്ഥസമിതിയെ ചുമതലപ്പെടുത്തി.