തിരുവനന്തപുരം: മഴക്കെടുതിയില്‍ സംസ്ഥാനത്ത് മരിച്ചവരുടെ എണ്ണം 22 ആയി.ഇടുക്കിയില്‍ മാത്രം 11 പേരാണ് മരിച്ചത്.മലപ്പുറത്ത് 5 പേരും വയനാട്ടില്‍ 3 പേരും കോഴിക്കോട് ഒരാളും മരിച്ചു.മൂവാററുപുഴ മണ്ണൂരില്‍ 2 വിദ്യാര്‍ത്ഥികള്‍ ഒഴുക്കില്‍പ്പെട്ട് മരിച്ചു.വയനാട്, ഇടുക്കി, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ കനത്തമഴയെ തുടര്‍ന്ന് വന്‍നാശനഷ്ടമാണുണ്ടായത്.കനത്ത മഴ തുടരുന്ന വയനാട്ടില്‍ ജില്ലാ കളക്ടര്‍ റെഡ് അലര്‍ട്ട്(അതീവ ജാഗ്രതാ നിര്‍ദേശം)പ്രഖ്യാപിച്ചു.മാനന്തവാടി മേഖല പ്രളയം മൂലം ഒറ്റപ്പെട്ടു.സര്‍ക്കാര്‍ കര്‍ശനമായ നിര്‍ദേശങ്ങള്‍ പൊതുജനങ്ങള്‍ക്കായി പ്രഖ്യാപിച്ചിട്ടുണ്ട്.ജില്ലയിലെ പുഴകളാകെ കരകവിഞ്ഞൊഴുകുകയാണ്.പല സ്ഥലങ്ങളും വെള്ളത്തിനടിയിലാണ്.വൈത്തിരിയില്‍ മണ്ണിടിഞ്ഞ് വീണ് വീട്ടമ്മ മരിച്ചിരുന്നു.നിരവധി പേരെ കാണാതായി.
താമരശ്ശേരി ചുരം ഉള്‍പ്പടെയുള്ള പല സ്ഥലങ്ങളിലും യാത്രക്കാരും വാഹനങ്ങളും കുടുങ്ങി കിടക്കുകയാണ്. ഇതിനെ തുടര്‍ന്നാണ് സര്‍ക്കര്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചത്.യാത്രകള്‍ പരമാവധി പരിമിതപ്പെടുത്തണമെന്നും പുഴകളിലും തോടുകളിലും ഒരു ഇറങ്ങരുതെന്നും നിര്‍ദേശത്തില്‍ പറയുന്നു.ഉരുള്‍പൊട്ടാന്‍ സാധ്യതയുള്ള പ്രദേശങ്ങളിലുള്ളവര്‍ ജാഗ്രത പുലര്‍ത്തണം.ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടാല്‍ മാറിതാമസിക്കാന്‍ ജനങ്ങള്‍ മടിക്കരുതെന്നും നിര്‍ദേശമുണ്ട്.കല്‍പ്പറ്റക്കടുത്ത് വെള്ളാരംകുന്ന് നാഷണല്‍ ഹൈവേയില്‍ വ്യാപകമായ മണ്ണിടിച്ചിലുണ്ടായി.
കനത്ത മഴയേത്തുടര്‍ന്ന് പാലക്കാട് ജില്ലയില്‍ വ്യാപക നാശനഷ്ടം.ജില്ലയിലെ ഒട്ടുമിക്ക അണക്കെട്ടുകളും തുറന്നുവിട്ടതിനേത്തുടര്‍ന്ന് ഭാരതപ്പുഴയില്‍ ക്രമാതീതമായി ജലനിരപ്പുയരുന്നുണ്ട്.വൃഷ്ടിപ്രദേശത്തുണ്ടായ ഉരുള്‍പൊട്ടലിനേത്തുടര്‍ന്ന് ജലനിരപ്പുയര്‍ന്ന മലമ്പുഴ അണക്കെട്ടിന്റെ ഷട്ടര്‍ അഞ്ചടി ഉയര്‍ത്തി.ജില്ലയിലെ താഴ്ന്ന പ്രദേശങ്ങളെല്ലാം വെള്ളത്തിനടിയിലായതിനേത്തുടര്ന്ന് ഇവിടങ്ങളിലെ റോഡുകള്‍ ബ്ലോക്ക് ചെയ്തിരിക്കുകയാണ്.പാലക്കാടും പരിസര പ്രദേശങ്ങളിലുമായി പത്തോളം ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നിട്ടുണ്ട്.കനത്ത മഴേയത്തുടര്ന്ന് പോത്തുണ്ടി ഡാം, മംഗലം ഡാം എന്നിവയും തുറന്നിട്ടുണ്ട്. ഭാരതപ്പുഴയില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ ഒരാളുടെ മൃതദേഹം കണ്ടെത്തിയിട്ടുണ്ട്.
മഴ ശക്തമായതോടെ തുശൂര്‍ ജില്ലയിലെ അണക്കെട്ടുകളിലും ജലനിരപ്പുയര്‍ന്നു.നീരൊഴുക്ക് വര്‍ധിച്ചതോടെ പീച്ചി അണക്കെട്ടിന്റെ ഷട്ടര്‍ പതിനെട്ട് ഇഞ്ച് ഉയര്‍ത്തി.ജലനിരപ്പുയര്‍ന്നതോടെ പെരിങ്ങല്‍കുത്ത് ഡാമിന്റെ നാലു ഷട്ടറുകള്‍ തുറന്നു.അതിരപ്പള്ളിയില്‍ വിനോദസഞ്ചാരികള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി.