തിരുവനന്തപുരം:സംസ്ഥാനത്ത് ചിലയിടങ്ങളില്‍ മഴയുടെ തോത് കുറഞ്ഞു. കണ്ണൂരിലും പാലക്കാടും ആശ്വാസമായി മഴ കുറഞ്ഞിട്ടുണ്ട്.കണ്ണൂരില്‍ വെള്ളക്കെട്ട് കുറഞ്ഞു. വെള്ളത്തിനടിയിലായ ശ്രീകണ്ഠാപുരത്ത് രക്ഷാപ്രവര്‍ത്തനത്തിന് സൈന്യവും എത്തിയിട്ടുണ്ട്.
അതേസമയം സംസ്ഥാനത്തെ ഏറ്റവും വലിയ ഉരുള്‍പൊട്ടല്‍ ദുരന്തമുണ്ടായ പുത്തുമലയില്‍ രാവിലെ തന്നെ രക്ഷാദൗത്യം തുടങ്ങിയെങ്കിലും മഴയും മണ്ണിടിച്ചിലും കടുത്ത വെല്ലുവിളിയാവുകയാണ്. കവളപ്പാറയിലും രക്ഷാദൗത്യം തുടങ്ങാനായില്ല. ഇവിടെ മണ്ണിനടിയില്‍ 40 ല്‍ അധികം പേര് കുടുങ്ങിക്കിടക്കുകയാണ്. സൈന്യത്തിന് ഇതുവരെ പ്രദേശത്ത് എത്താനായിട്ടില്ല.
കോഴിക്കോട് നഗരത്തില്‍ മഴ തുടരുകയാണ്. ഇന്നലെ രാത്രി മാത്രം ജില്ലയില്‍ 24 ക്യാമ്പുകള്‍ തുറന്നു.കോരപ്പുഴയില്‍ താല്‍ക്കാലിക നടപ്പാലം ഒലിച്ചു പോയി.അപകടത്തില്‍ ആളപായമില്ല. പന്തീരാങ്കാവില്‍ വെള്ളപ്പൊക്കം രൂക്ഷമാണ്. നിരവധി വീടുകളി വെള്ളം കയറി.
പാലക്കാട് ജില്ലയില്‍ മൂവായിരത്തിലധികം പേരെ ക്യാമ്പുകളിലേക്കു മാറ്റി. മണ്ണാര്‍ക്കാടിനടുത്ത് പൂഞ്ചോലയില്‍ ഉരുള്‍പൊട്ടലുണ്ടായി. ഇവിടെ ജനവാസം കുറഞ്ഞ മേഖലയാണ്. മണ്ണിടിച്ചിലില്‍ വ്യാപകമായ കൃഷിനാശമുണ്ടായി.പട്ടാമ്പിക്കടുത്ത് ട്രാക്കില്‍ മണ്ണിടിഞ്ഞു വീണതിനെത്തുടര്‍ന്ന് ട്രെയിന്‍ ഗതാഗതം തടസ്സപ്പെട്ടു. പട്ടാമ്പിപ്പാലം ഇപ്പോഴും വെള്ളത്തിലാണ്.രാവിലെ മഴയ്ക്കു ശമനമുണ്ടായെങ്കിലും ജില്ലയില്‍ വീണ്ടും മഴ കനക്കുകയാണ്.
കാസര്‍ഗോഡും കനത്ത മഴ തുടരുകയാണ്. തേജസ്വിനി പുഴ കര കവിഞ്ഞ് കയ്യൂര്‍ അരയകടവ് പ്രദേശം പൂര്‍ണമായും വെള്ളത്തിലായി.