തിരുവനന്തപുരം: മഴയുടെ ശക്തി കുറഞ്ഞതോടെ വടക്കന്‍ ജില്ലകള്‍ സാധാരണ നിലയിലേക്കു മടങ്ങുന്നു. പലയിടത്തും വെള്ളമിറങ്ങിയതോടെ ആളുകള്‍ ദുരതാശ്വാസ ക്യാമ്പുകളില്‍ നിന്നും വീടുകളിലേക്കു മടങ്ങുന്നുണ്ട്. ഈ പെരുമഴക്കാലം 76 ജീവന്‍ കവര്‍ന്നെടുത്തു.61 പേരെ ഇനിയും കണ്ടെത്താനുണ്ട്.1639 ദുരിതാശ്വാസ ക്യാമ്പുകളിലായി 2,51, 831 പേരെ മാറ്റിപാര്‍പ്പിച്ചു. മലപ്പുറത്താണ് ഏറ്റവുമധികംപേര്‍ ദുരിതാശ്വാസക്യാമ്പുകളിലുള്ളത് .56,203 പേര്‍.വയനാട്ടില്‍ 37,059 പേരും കണ്ണൂരില്‍ 19,924 പേരും തൃശൂരില്‍ 42,176പേരും ക്യാമ്പുകളിലുണ്ട്. ഉരുള്‍പൊട്ടല്‍ തകര്‍ത്ത കവളപ്പാറയില്‍ നിന്നും ഇതുവരെ 13 മൃതദേഹം കണ്ടെത്തി. ഇനി 53 പേരെ കണ്ടെത്താനുണ്ട്. കിലോമീറ്ററോളം ഒലിച്ചുപോയ പ്രദേശത്തുനിന്നും ആളുകളെ കണ്ടെത്തുന്നത് അതീവ ദുഷ്‌കരമാണ്.കാലാവസ്ഥ അനുകൂലമായതോടെ ഇന്നും കാര്യക്ഷമമായി കവളപ്പാറയില്‍ തെരച്ചില്‍ തുടരുകയാണ്.മലപ്പുറം ജില്ലയില്‍ മാത്രം കേന്ദ്ര ദുരന്തനിവാരണ സേനയുടെ മൂന്ന് ടീമുകളും ആര്‍മിയുടെ മദ്രാസ് റെജിമെന്റിന്റെ ഒരു ടീമും കോസ്റ്റ് ഗാര്‍ഡിന്റെ ടീമും രംഗത്തുണ്ട്. എന്‍ജിനീയറിങ് വിഭാഗവുമുണ്ട്.വയനാട് മേപ്പാടി പുത്തുമലയില്‍ ഇതുവരെ 10 മൃതദേഹങ്ങള്‍ കണ്ടെത്തി.ഇനി കണക്കുകള്‍ പ്രകാരം 8 പേരെയാണ് കണ്ടെത്താനുള്ളത്.
രണ്ടു ദിവസം കൂടി ശക്തമായ ചില ജില്ലകളില്‍ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്റെ പ്രവചനം. രണ്ടു ദിവസംകൂടി നല്ല ജാഗ്രത പുലര്‍ത്തണം .ദുരന്തനിവാരണ അതോറിറ്റിയുടെയും കാലാവസ്ഥാ കേന്ദ്രത്തിന്റെയും മുന്നറിയിപ്പുകള്‍ ഗൗരവത്തോടെ കാണണം.