തിരുവനന്തപുരം:പ്രളയത്തില്‍ പ്രതിക്കൂട്ടിലായി സംസ്ഥാന സര്‍ക്കാര്‍. പ്രളയകാലത്ത് അണക്കെട്ടുകള്‍ തുറന്നതില്‍ സംസ്ഥാനസര്‍ക്കാരിന് വീഴ്ച പറ്റിയതായി അമിക്കസ്‌ക്യൂറി റിപ്പോര്‍ട്ട്.ഡാം മാനേജ്‌മെന്റില്‍ പിഴവ് പറ്റി. അണക്കെട്ടുകള്‍ തുറക്കുന്നതില്‍ മുന്നറിയിപ്പ് നല്‍കിയില്ലെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.സംഭവത്തില്‍ ജുഡീഷ്യല്‍ അന്വേഷണം നടത്തണമെന്നും അമിക്കസ്‌ക്യൂറി ഹൈക്കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു.
കനത്തമഴ മുന്‍കൂട്ടി അറിയാന്‍ സര്‍ക്കാരിന് സാധിച്ചില്ല. മാത്രമല്ല ദേശീയ കാലാവസ്ഥാകേന്ദ്രം നല്‍കിയ മുന്നറിയിപ്പും സര്‍ക്കാര്‍ കണക്കിലെടുത്തില്ല. അണക്കെട്ടുകള്‍ ഒരുമിച്ചു തുറന്നുവിട്ടതിന്റെ കാരണവും അന്വേഷിക്കണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
2018ലെ മഹാപ്രളയം കേരളത്തിന് ഒരു പാഠമാവണം.ഭാവിയില്‍ ഇത്തരം ദുരന്തങ്ങള്‍ ഉണ്ടാവാതിരിക്കാനുള്ള താക്കീതായിരിക്കണം ഹൈക്കോടതി എടുക്കേണ്ട നടപടികളെന്നും വിഷയത്തില്‍ ഹൈക്കോടതി അതീവഗൗരവത്തോടെ ഇടപെടണമെന്നും അമിക്കസ് ക്യൂറിയുടെ 47 പേജുള്ള റിപ്പോര്‍ട്ടില്‍ പറയുന്നു.
പ്രളയം കൈകാര്യം ചെയ്യുന്നതില്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്ക് വീഴ്ച്ച പറ്റിയെന്നാരോപിച്ച് പതിനഞ്ചോളം ഹര്‍ജികള്‍ കേരള ഹൈക്കോടതിയില്‍ എത്തിയിരുന്നു. ഈ ഹര്‍ജികളില്‍ കോടതിയെ സഹായിക്കാനാണ് അഡ്വ.അലക്‌സ് പി ജേക്കബ് അധ്യക്ഷനായ ഒരു അമിക്കസ് ക്യൂറിയെ ഡിവിഷന്‍ ബെഞ്ച് നിയമിച്ചിത്.