തിരുവനന്തപുരം:പ്രശസ്ത വയലിനിസ്റ്റും സംഗീതസംവിധായകനുമായ ബാലഭാസ്‌കര്‍(40) അന്തരിച്ചു.വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലിരിക്കെ ചൊവ്വാഴ്ച പുലര്‍ച്ചെ ഒരുമണിയോടെ തിരുവനന്തപുരം അനന്തപുരി ആശുപത്രിയിലായിരുന്നു അന്ത്യം.ഹൃദയാഘാതമാണ് മരണകാരണമായതെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.
കഴിഞ്ഞ 25-നാണ് ബാലഭാസ്‌കറും കുടുംബവും സഞ്ചരിച്ച കാര്‍ തിരുവനന്തപുരം പള്ളിപ്പുറത്തിനു സമീപം അപകടത്തില്‍പെട്ടത്.തൃശൂരില്‍ ക്ഷേത്രദര്‍ശനത്തിനുപോയ ശേഷം മടങ്ങിവരുകയായിരുന്നു കുടുംബം.നിയന്ത്രണം വിട്ട കാര്‍ സമീപത്തെ മരത്തിലിടിച്ചാണ് അപകടമുണ്ടായത്.ബാലഭാസ്‌കറും മകളും മുന്‍സീറ്റിലായിരുന്നു ഇരുന്നത്.അപകടത്തില്‍ ബാലഭാസ്‌കറിന്റെ മകള്‍ തേജസ്വിനി ബാല മരിച്ചു.ബാലഭാസ്‌കറിനും ഭാര്യ ലക്ഷ്മിക്കും ഡ്രൈവര്‍ അര്‍ജുനും ഗുരുതരമായി പരുക്കേല്‍ക്കുകയും ചെയ്തു.ലക്ഷ്മി ഇപ്പോഴും ഗുരുതരാവസ്ഥയില്‍ ചികിത്സയില്‍ തുടരുകയാണ്.
സി.കെ.ഉണ്ണി ശാന്തകുമാരി ദമ്പതികളുടെ മകനായി ജനിച്ച ബാലഭാസ്‌കര്‍ അമ്മാവനും സംഗീതജ്ഞനുമായ ബി ശശികുമാറിന് കീഴില്‍ മൂന്നാംവയസിലാണ് സംഗീതം അഭ്യസിച്ച് തുടങ്ങിയത്.മംഗല്യപല്ലക്ക്, കണ്ണാടിക്കടവത്ത്, പാഞ്ചജന്യം, മോക്ഷം, പാട്ടിന്റെ പാലാഴി എന്നിവയാണ് സംഗീതസംവിധാനം നിര്‍വഹിച്ച ചിത്രങ്ങള്‍. പഠിക്കുന്ന കാലത്തു തന്നെ സംഗീത ആല്‍ബങ്ങള്‍ നിര്‍മ്മിച്ചു. ഈസ്റ്റ് കോസ്റ്റിന് വേണ്ടി ചെയ്ത നിനക്കായ്,ആദ്യമായി തുടങ്ങിയ ആല്‍ബങ്ങള്‍ ശ്രദ്ധേയമായി.യേശുദാസ്,മട്ടന്നൂര്‍ ശങ്കരന്‍കുട്ടി,ശിവമണി,സ്റ്റീഫന്‍ ദേവസി തുടങ്ങി പ്രമുഖര്‍ക്കൊപ്പം ഫ്യൂഷന്‍ സംഗീത ഷോകള്‍ ചെയ്തു.കേന്ദ്ര സാഹിത്യ അക്കാദമിയുടെ ബിസ്മില്ല ഖാന്‍ യുവ സംഗീത്കാര്‍ പുരസ്‌കാര്‍ 2008ല്‍ ഇദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്.
തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്ക് ശേഷം മൃതദേഹം പൊതുദര്‍ശനത്തിന് വെക്കും.നാളെ ഉച്ചക്ക് രണ്ടുമണിക്ക് ശേഷം പൂജപ്പുരയിലെ വസതിയില്‍ സംസ്‌കാരച്ചടങ്ങുകള്‍ നടക്കും.