ഇടുക്കി:മൂന്നാര്‍ ചരിത്രത്തിലെ ഏറ്റവും വലിയ വെള്ളപ്പൊക്ക ദുരിതത്തില്‍ ഒറ്റപ്പെട്ട അവസ്ഥയിലാണ്.മാട്ടുപ്പെട്ടി ഡാമിന്റെ മൂന്നാമത്തെ ഷട്ടറും തുറന്നതിനെത്തുടര്‍ന്ന് മുതിരപ്പുഴയാര്‍ കരകവിഞ്ഞൊഴുകി.ഇതോടെ മൂന്നാര്‍ ടൗണ്‍ ഉള്‍പ്പെടെ പല ഭാഗങ്ങളും വെള്ളത്തിനടിയിലായി.

ദേശീയപാതയില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് ഗതാഗതവും സ്തംഭിച്ചു.വിദേശികളടക്കം മണിക്കൂറുകളോളം വഴിയില്‍ കുടുങ്ങി.മൂന്നാറില്‍ നിന്ന് മാട്ടുപ്പെട്ടിയിലേക്ക് പോകുന്ന വഴിയിലെ പല കടകളിലും വെള്ളം കയറിയിരിക്കുകയാണ്.മാട്ടുപ്പെട്ടിയിലെ പരിസരവാസികള്‍ കടുത്ത ആശങ്കയിലാണ് കഴിയുന്നത്.

പള്ളിവാസലിലെ റിസോര്‍ട്ടിന്റെ മുകളില്‍ മണ്ണിടിഞ്ഞു വീണ് കുടുങ്ങിയ നാലുപേരെ അഗ്നിശമന സേനാംഗങ്ങള്‍ രക്ഷപ്പെടുത്തി.മൂന്നാറില്‍ വിനോദസഞ്ചാരികളെ തല്‍ക്കാലം പ്രവേശിപ്പിക്കില്ല.നിലവില്‍ ഉള്ളവരെ ഒഴിപ്പിക്കാനാണ് അധികൃതരുടെ തീരുമാനം.മൂന്നാറിലേക്ക് ആവശ്യമില്ലാതെ ആരും പോകരുതെന്ന് ജില്ലാ ഭരണകൂടം നിര്‍ദ്ദേശിച്ചു.