[author image=”http://veekshanamonline.media/wp-content/uploads/2017/11/Nizar-Mohammed.jpg” ]നിസാര്‍ മുഹമ്മദ്‌[/author]

തിരുവനന്തപുരം: മുന്നണിയില്‍ നിന്നും സര്‍ക്കാരില്‍ നിന്നും സി.പി.ഐയെ പുകച്ചു പുറത്തുചാടിക്കാനുള്ള തന്ത്രത്തിന്റെ ഭാഗമായി കേരളാ കോണ്‍ഗ്രസ് മാണി വിഭാഗത്തെ ഇടതുപാളയത്തിലെത്തിക്കാന്‍ സി.പി.എം ശ്രമം തുടങ്ങി.

സി.പി.എമ്മിലെ ഉന്നത നേതാക്കള്‍ കെ.എം മാണിയുമായി ഫോണില്‍ ബന്ധപ്പെട്ട് ഇക്കാര്യം സംസാരിച്ചതായാണ് പുറത്തുവരുന്ന വിവരം. ഏത് മുന്നണിയുമായി സഹകരിക്കണമെന്ന കാര്യം ഡിസംബറില്‍ തീരുമാനിക്കുമെന്ന കേരളാ കോണ്‍ഗ്രസിന്റെ പ്രഖ്യാപനത്തിന് പിന്നാലെയാണ് സി.പി.എം നീക്കം. പാര്‍ലമെന്റ് തെരഞ്ഞെടുപ്പോടെ സി.പി.ഐ മുന്നണിയില്‍ നിന്ന് പുറത്താകുമെന്ന സൂചനകള്‍ നല്‍കിയാണ് കെ.എം മാണിയുമായി നേതാക്കള്‍ ചര്‍ച്ച നടത്തുന്നത്. അങ്ങനെയെങ്കില്‍ കേരളാ കോണ്‍ഗ്രസിനെ ഇടതുമുന്നണിയില്‍ പ്രവേശിപ്പിക്കുന്നതിന് തടസമില്ലെന്നും സൂചന നല്‍കിയിട്ടുണ്ട്. മന്ത്രി തോമസ് ചാണ്ടിയുടെ രാജി വിഷയത്തില്‍ സി.പി.ഐ സ്വീകരിച്ച നിലപാടിലുള്ള അതൃപ്തി മൂര്‍ധന്യത്തിലെത്തിയ സാഹചര്യത്തിലാണ് സി.പി.എമ്മിന്റെ പുതിയ രാഷ്ട്രീയ നീക്കങ്ങള്‍.

സി.പി.എം സംസ്ഥാന സെക്രട്ടറി ആനത്തലവട്ടം ആനന്ദന്‍ ഇന്നലെ നടത്തിയ പരാമര്‍ശങ്ങളും മുന്നണിയില്‍ നിന്ന് സി.പി.ഐ പുറത്തേക്കെന്ന സൂചനകളാണ് നല്‍കുന്നത്. അടുത്ത പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ സി.പി.ഐ ഏത് മുന്നണിയിലാണ് ഉണ്ടാവുകയെന്ന് അറിയില്ലെന്ന് അദ്ദേഹം തുറന്നടിച്ചു. ഈ സര്‍ക്കാരില്‍ എല്ലാ കാര്യത്തിലും തങ്ങളാണ് ചാമ്പ്യന്മാര്‍ എന്നാണ് സി.പി.ഐ വിചാരിക്കുന്നത്. തങ്ങളാണ് കമ്മ്യൂണിസത്തിന്റെ കൊടി ഉയര്‍ത്തിപ്പിടിക്കുന്നത്, മറ്റുള്ളവരൊക്കെ അഴിമതിയുടെ കൂടെ നില്‍ക്കുന്നവരാണെന്ന് വരുത്തിത്തീര്‍ക്കാനാണത്. സി.പി.ഐയ്ക്ക് ഇവിടെ ഒറ്റയ്ക്ക് എന്ത് ചുക്ക് ചെയ്യാന്‍ കഴിയുമെന്നാണ് കരുതുന്നത്. തോളത്തിരുന്ന് ചെവി കടിക്കുന്ന പണിയാണ് കാണിക്കുന്നത്. അത് അവര്‍ ചെയ്യുന്നുണ്ട്. പിണറായി വിജയന്റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ മോശമാണെന്ന് വരുത്തിത്തീര്‍ക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണത്. സര്‍ക്കാരിനെ ക്ഷീണിപ്പിക്കുന്ന ഏത് സമീപനം എടുക്കുന്നതും ശത്രുക്കളെ സഹായിക്കാനാണ്-ആനത്തലവട്ടം ആഞ്ഞടിച്ചു.

സി.പി.ഐ മുന്നണിക്ക് പുറത്തുപോയാലും സര്‍ക്കാരിന് ഒന്നും സംഭവിക്കില്ലെന്ന സൂചനകളാണ് സി.പി.എം നേതാക്കള്‍ നല്‍കുന്നത്. ഇടതുനിരയില്‍ 91 എം.എല്‍.എമാരുണ്ട്. ഇതില്‍ സി.പി.എമ്മിന് മാത്രം 58. സി.പി.ഐയ്ക്ക് 19ഉം. ജനതാദള്‍-3, എന്‍.സി.പി-2, കോവൂര്‍ കുഞ്ഞുമോന്റെ ആര്‍.എസ്.പി-1, കോണ്‍ഗ്രസ് (എസ്) -1 എന്നിങ്ങനെയാണ് കക്ഷി നില. ഇതിന് പുറമേ അഞ്ച് ഇടത് സ്വതന്ത്രരുണ്ട്. കേരളാ കോണ്‍ഗ്രസ് (ബി) -1, സി.എം.പി (അരവിന്ദാക്ഷ വിഭാഗം)-1 എന്നിവരും ഇടതിനൊപ്പമാണ്. ഇതില്‍ സി.പി.ഐ എം.എല്‍.എമാര്‍ പിന്തുണ പിന്‍വലിച്ചാലും 72 പേര്‍ ഇടതുപക്ഷത്തുണ്ടാകുമെന്ന് സി.പി.എം നേതാക്കള്‍ ചൂണ്ടിക്കാട്ടുന്നു. നിയമസഭയില്‍ 71 അംഗങ്ങളുടെ ഭൂരിപക്ഷമാണ് വേണ്ടത്. ഇപ്പോള്‍ നിയമസഭയില്‍ പ്രത്യേക ബ്ലോക്കായി ഇരിക്കുന്ന കേരളാ കോണ്‍ഗ്രസ് മാണിവിഭാഗത്തിലെ ആറ് എം.എല്‍.എമാര്‍ വന്നാല്‍ 78 അംഗങ്ങളോടെ വ്യക്തമായ ഭൂരിപക്ഷമാകുമെന്നും അവര്‍ പറയുന്നു.

ഇതിനിടെ, ചില നേതാക്കളെ ഒപ്പം നിര്‍ത്തി സി.പി.ഐയില്‍ അന്തഃഛിദ്രം ഉണ്ടാക്കാനുള്ള ശ്രമങ്ങളും നടക്കുന്നുണ്ട്. തോമസ് ചാണ്ടിയുടെ രാജിക്കാര്യത്തില്‍ പാര്‍ട്ടി എടുത്ത നിലപാടിന് വിരുദ്ധമായി കെ.ഇ ഇസ്മയില്‍ രംഗത്തുവന്നത് ഇതിന്റെ സൂചനകളാണ് നല്‍കുന്നത്. ഇസ്മയിലിന് ഒപ്പമുള്ള എം.എല്‍.എമാരെ കൂടെ നിര്‍ത്തിയുള്ള ബലപരീക്ഷണമാണ് ഇതിന് പിന്നിലുള്ള ലക്ഷ്യം. എന്നാല്‍ സി.പി.എമ്മിന്റെ നീക്കം മുന്‍കൂട്ടി കണ്ട്, സി.പി.ഐയില്‍ കുത്തിത്തിരിപ്പ് ഉണ്ടാക്കാന്‍ നോക്കേണ്ടെന്ന മുന്നറിയിപ്പുമായി ദേശീയ സെക്രട്ടറിയേറ്റംഗം പന്ന്യന്‍ രവീന്ദ്രന്‍ രംഗത്തുവന്നിട്ടുണ്ട്. അതേസമയം, സി.പി.എമ്മിന്റെ നീക്കങ്ങളോട് കേരളാ കോണ്‍ഗ്രസ് -എം എന്ത് നിലപാടാണ് സ്വീകരിക്കുന്നതെന്ന് വ്യക്തമല്ല. ഇടതുപാളയത്തിലേക്ക് പോകുന്നതിലെ അനൗചിത്യം നേരത്തെ തന്നെ പാര്‍ട്ടിയിലെ ഒരുവിഭാഗം ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഇപ്പോഴും അവര്‍ ആ നിലപാടില്‍ അയവുവരുത്തിയിട്ടില്ല.