വയനാട്:തനിക്കെതിരെ രൂപതയുടെ നേതൃത്വത്തില്‍ അപവാദ പ്രചരണം നടത്തുന്നതായി സിസ്റ്റര്‍ ലൂസി. മാധ്യമപ്രവര്‍ത്തകര്‍ മഠത്തില്‍ കാണാനെത്തിയതിന്റെ വീഡിയോ ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചാണ് പ്രചരണം.മാനന്തവാടി രൂപതയുടെ പിആര്‍ഒ ടീം അംഗമായ വൈദികനാണ് തനിക്കെതിരെ അപവാദപ്രചാരണം നടത്തിയതെന്നും ഇതു സംബന്ധിച്ച് പോലീസില്‍ പരാതി നല്‍കുമെന്നും സിസ്റ്റര്‍ ലൂസി പറഞ്ഞു. സഭയില്‍ നിന്നും പുറത്താക്കിയെന്ന് അറിയിപ്പ് വന്നതിനു പിന്നാലെ മഠത്തില്‍ നിന്നും വലിയ രീതിയുള്ള മാനസീകപീഡനമാണ് അനുഭവിക്കുന്നതെന്ന് സിസ്റ്റര്‍ ലൂസി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. കൂടാതെ കുര്‍ബാനയ്ക്കു പങ്കെടുക്കുന്നതില്‍ നിന്നും തടയാനായി കഴിഞ്ഞ ദിവസം സിസ്റ്ററെ മുറിയില്‍ പൂട്ടിയിടുകയും ചെയ്തു.തുടര്‍ന്ന് സിസ്റ്റര്‍ വിവരമറിയിച്ചതിനെത്തുടര്‍ന്ന് പോലീസെത്തി മഠത്തിലെ ജീവനക്കാരോട് വാതില്‍ തുറക്കാന്‍ ആവശ്യപ്പെടുകയായിരുന്നു.
മാധ്യമപ്രവര്‍ത്തകര്‍ മഠത്തിലെത്തിയപ്പോള്‍ മുന്‍ വാതില്‍ പൂട്ടിയ നിലയിലായിരുന്നു. തുടര്‍ന്ന് അടുക്കള വാതില്‍ വഴി മാധ്യമപ്രവര്‍ത്തകര്‍ അകത്തുകടന്ന് ലൂസി കളപ്പുരയെ നേരില്‍ക്കണ്ട് വിവരങ്ങള്‍ തിരക്കുകയായിരുന്നു. മാധ്യമപ്രവര്‍ത്തകരായ പുരുഷന്മാര്‍ മഠത്തിലേക്ക് കയറുകയും ഇറങ്ങുകയും ചെയ്യുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ എഡിറ്റ് ചെയ്താണ് ലൂസി കളപ്പുരയ്‌ക്കെതിരെ സമൂഹമാധ്യമങ്ങളിലൂടെ അപവാദം പ്രചരിപ്പിക്കുന്നത്.