രാജ്യത്തു സാമ്പത്തിക മാന്ദ്യമുണ്ടെന്നും ഫലപ്രദമായ ഇടപെടലുകൾ സാധ്യമാണെന്നും പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേശക കൗൺസിലിന്റെ (ഇഎസി) ആദ്യയോഗം വിലയിരുത്തി. ബജറ്റിൽ ഉൾപ്പെടുത്താനുള്ള ശുപാർശകളാവും പ്രധാനമന്ത്രിക്ക് ആദ്യം നൽകുകയെന്ന് ഇഎസി അധ്യക്ഷൻ ബിബെക് ദെബ്രോയ് പറഞ്ഞു.

പത്തു മേഖലകൾക്കായി ശുപാർശകൾ സാമ്പത്തിക മാന്ദ്യത്തിന്റെ കാരണങ്ങളെക്കുറിച്ചുള്ള വിലയിരുത്തൽ വ്യക്‌തമാക്കാൻ ദെബ്രോയ് തയാറായില്ല. എന്നാൽ, ഇഎസി ശുപാർശകൾ നൽകാൻ ഉദ്ദേശിക്കുന്ന പത്തു മേഖലകൾ അദ്ദേഹം വെളിപ്പെടുത്തി: സാമ്പത്തിക വളർച്ച, തൊഴിലവസരങ്ങൾ സൃഷ്‌ടിക്കൽ, അനൗപചാരിക മേഖല, ധനകാര്യ ചട്ടക്കൂട്, നാണ്യനയം, പൊതു ചെലവ്, സാമ്പത്തിക ഭരണ സ്‌ഥാപനങ്ങൾ, കൃഷിയും മൃഗസംരക്ഷണവും, ഉപഭോഗ രീതികളും ഉൽപാദനവും സാമൂഹിക മേഖലയും.

ഓരോ മേഖലയെയും കുറിച്ചു സമിതിയിലുള്ളവർ ചർച്ചാരേഖകൾ തയാറാക്കും. പ്രധാന സാമ്പത്തിക വളർച്ചാ മാനദണ്ഡങ്ങൾ കൃത്യമായി നിരീക്ഷിക്കാൻ സംവിധാനമുണ്ടാക്കും. തൊഴിലിനെയും തൊഴിലില്ലായ്‌മയെയും കുറിച്ചു പുതിയതും കൃത്യവുമായ കണക്കുകൾ ലഭ്യമല്ല. ആശ്രയിക്കാനാവുന്നതു വീടുകൾതോറും കയറി നടത്തുന്ന സാംപിൾ സർവേയാണ്. അതിന്റെ 2011–12 ലെ കണക്കുകളാണ് ഇപ്പോഴുള്ളത്. പുതിയ കണക്കുകൾ അടുത്ത വർഷമേ ലഭിക്കുകയുള്ളു – നിതി ആയോഗ് ഉപാധ്യക്ഷൻകൂടിയായ ദെബ്രോയ് പറഞ്ഞു.

സാമ്പത്തിക വളർച്ചയിൽ മാന്ദ്യമുണ്ടാകുന്നതിനു പല കാരണങ്ങളുമുണ്ടെന്നാണ് ഇഎസിയുടെ വിലയിരുത്തൽ. സാമ്പത്തിക വളർച്ച ഊർജിതപ്പെടുത്തുന്നതിനായി നടപ്പാക്കാവുന്ന പരിഹാര നടപടികളാവും ഇഎസി നിർദേശിക്കുക. റിസർവ് ബാങ്ക് ഉൾപ്പെടെ സാമ്പത്തിക രംഗവുമായി ബന്ധപ്പെട്ട എല്ലാ പ്രധാന സ്‌ഥാപനങ്ങളുമായും ചർച്ച നടത്തും. പ്രധാനമന്ത്രിക്കു ശുപാർശകൾ നൽകുന്നതല്ലാതെ, നിർദേശങ്ങൾ നടപ്പാക്കണമെന്നു ധനമന്ത്രാലയത്തിനുമേൽ തങ്ങൾ സമ്മർദം ചെലുത്തില്ലെന്നു ദെബ്രോയ് പറഞ്ഞു.

ആദ്യയോഗത്തിൽ ധനമന്ത്രാലയത്തിന്റെ മുഖ്യ സാമ്പത്തിക ഉപദേഷ്‌ടാവ് അരവിന്ദ് സുബ്രഹ്മണ്യം രാജ്യത്തിന്റെ സമ്പദ്‌വ്യവസ്‌ഥയെക്കുറിച്ചു വിശദീകരിച്ചു. ദെബ്രോയ്‌ക്കു പുറമേ നിതി ആയോഗ് മുഖ്യ ഉപദേഷ്‌ടാവ് നിതിൻ വതൽ, സാമ്പത്തിക വിദഗ്‌ധരായ സുർജിത് ഭല്ല, രതിൻ റോയ്, അഷിമ ഗോയൽ എന്നിവരും ഉൾപ്പെട്ടതാണ് ഇഎസി. നവംബറിലാണ് അടുത്ത യോഗം.