അനുനിമിഷം മാറിക്കൊണ്ടിരിക്കുന്ന ഒന്നിനെയും പറ്റി അന്തിമ തീരുമാനങ്ങളോ വിലയിരുത്തലോ നടത്താന്‍ കഴിയില്ല. നമുക്ക് ഇന്നലെ ഒരാളെ അറിയാമായിരുന്നു. എന്നാല്‍ ഇന്ന് അയാള്‍ നമ്മള്‍ ഇന്നലെ അറിഞ്ഞ ആളായിരിക്കണമെന്നില്ല, മാറിയിട്ടുണ്ടാകാം. ഈ ഒരു സാദ്ധ്യത എപ്പോഴും നാം അറിഞ്ഞിരിക്കേണ്ടതാണ്.
ജീവിതസാഹചര്യങ്ങളും മനസ്സും ശരീരവും നിലപാടുകളും മാറിക്കൊണ്ടിരിക്കുന്നു. അവരവരുടെ മനസ്സിലെ വികാരങ്ങളും മോഹങ്ങളും സ്വന്തം അനുവാദത്താലോ നിയന്ത്രണത്താലോ അല്ലല്ലോ കടന്നുവരുന്നത്. ഉള്ളിലെ വാസനകള്‍ സ്വാഭാവികമായി ഉണര്‍ന്നു പ്രവര്‍ത്തിക്കുന്നതാണ്. ഒരു മാനസ്സികാവസ്ഥയില്‍ നാം എടുക്കുന്ന തീരുമാനങ്ങള്‍ അപ്പോഴത്തെ സാഹചര്യത്തില്‍ വൈകാരികമായി പ്രതികരിക്കുന്നതിന്‍റെ ഫലമാണ്. അത് മറ്റൊരു സാഹചര്യത്തില്‍ മാറിയേയ്ക്കും. ഇന്നത്തോടെ ലഹരിയുപയോഗം നിര്‍ത്തുന്നു എന്നു പറയുകയും സാഹചര്യങ്ങള്‍ പ്രേരണ ചെലുത്തുമ്പോള്‍ ശീലം ആവര്‍ത്തിക്കുകയും ചെയ്യുന്നതുപോലെ നാം നിസ്സഹായരാണ്, അസ്വതന്ത്രരാണ്. തിരയടിച്ചുയരും പോലെ അങ്ങനെ വികാരവിചാരങ്ങള്‍ ഒന്നൊന്നായ് നമ്മുടെ മനസ്സില്‍ ഉയര്‍ന്നുമറഞ്ഞുകൊണ്ടിരിക്കും. തിരയടിച്ചുയരുമ്പോള്‍ അശാന്തിയും, അത് മടങ്ങുമ്പോള്‍ ശാന്തിയും അനുഭവപ്പെടും. എന്നാല്‍ രണ്ടനുഭവവും താല്കാലികമാണ്. അവ ഒരു ചക്രം കറങ്ങുന്നതുപോലെ ആവര്‍ത്തിച്ചു കൊണ്ടിരിക്കും.
ഉള്ളിലെ വാസനകള്‍ അടങ്ങും വരെ സ്ഥായിയായ ശാന്തി നാം അനുഭവിക്കുന്നില്ല. അതുവരെയുള്ള നമ്മുടെ വിലയിരുത്തലുകളും തീരുമാനങ്ങളുമെല്ലാം മനസ്സ് നടത്തുന്ന ഭ്രമ കല്പനകള്‍ മാത്രമാണ്. അത് മാറിക്കൊണ്ടിരിക്കുന്നതിനാല്‍ സത്യമല്ല, മായയാണ്! ഒരു ദശാ കാലത്തിലെ തിരുമാനങ്ങള്‍ ആയിരിക്കില്ല അടുത്ത ദശാകാലത്തില്‍ വരുന്നത്. ഇങ്ങനെ നോക്കുമ്പോള്‍ മാറിക്കൊണ്ടിരിക്കുന്ന ഒന്നിനെയും കുറിച്ച് അന്തിമ തീരുമാനങ്ങള്‍ പറയാന്‍ നമുക്ക് കഴിയില്ലെന്ന് വ്യക്തമാണ്. നാം ഇന്നലെ ഇങ്ങനെ ആയിരുന്നില്ല, ഇന്ന് ഇങ്ങനെയാണ്, നാളെ ഇങ്ങനെ തന്നെയായിരിക്കും എന്നു പറയാന്‍ ആകില്ല! മാറ്റമില്ലാത്തതായി എന്തുണ്ടോ അവിടെയാണ് നമ്മുടെ സ്വാതന്ത്ര്യം! ആത്മാവെന്നും ഈശ്വരനെന്നും പല പേരുകളില്‍ അതറിയപ്പെടുന്നു.
ഓം
–കൃഷ്ണകുമാർ കെ പി
