ജില്ലയിലെ തെക്കൻ മേഖലയിലെ ജനങ്ങളുടെ പ്രധാന ജലസ്രോതസ്സായ നെയ്യാർനദി മാലിന്യങ്ങളും വഹിച്ച് ഒഴുകാൻ തുടങ്ങിയിട്ട് ഏറെ നാളായി. എങ്കിലും നാളിതുവരെ നടപടികളൊന്നും സ്വീകരിക്കാൻ അധികൃതർ തയാറാകുന്നില്ല.
നിരവധി ജലവിതരണ പദ്ധതികൾ സ്ഥിതി ചെയ്യുന്നതാണ് നെയ്യാർ നദി. പൂവാർ, നെയ്യാറ്റിൻകര, പൊഴിയൂർ ഭാഗങ്ങളിലൂടെ കടന്നുപോകുന്ന നെയ്യാർ നദിയിൽ വൻ തോതിലാണ് മാലിന്യങ്ങൾ ഒഴുക്കിവിടുന്നത്.നെയ്യാറ്റിൻകര താലൂക്ക് ആശുപത്രിയിൽ നിന്നുള്ള മാലിന്യങ്ങൾ. ബോട്ടുകളിൽ നിന്നുള്ള വിസർജ്യ വസ്തുക്കൾ. വീടുകളിൽ നിന്നും കടകളിൽ നിന്നുമുള്ള മാലിന്യങ്ങൾ.ഹോട്ടലുകളിൽ നിന്നുള്ള മാലിന്യങ്ങൾ. അറവുശാലകളിൽ നിന്നുള്ള മാലിന്യങ്ങൾ. നെയ്യാറ്റിൻകര കെ.എസ്.ആർ.ടി.സി ഡിപ്പോയിൽ നിന്നുള്ള മാലിന്യങ്ങൾ തുടങ്ങിയിടങ്ങളിൽ നിന്നും ടൺ കണക്കിന് മാലിന്യങ്ങളാണ് ദിവസവും ഒഴുക്കിവിടുന്നത്.
അധികൃതരുടെ അനാസ്ഥ പലപ്പോഴും ഇത്തരക്കാർക്ക് സൗകര്യമാവുകയാണ് പതിവ്. നെയ്യാർ നദി പൊഴിയൂരിൽ കടലിൽ പതിക്കുന്നതിനു മുമ്പുള്ള 22 കിലോ മീറ്ററിനുള്ളിലാണ് ജലവിതരണ പദ്ധതികൾ സ്ഥിതിചെയ്യുന്നത്. എന്നാൽ ഇതേ നദിയിലാണ് നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള പലതരം മാലിന്യങ്ങൾ നിക്ഷേപിക്കുന്നതും. പൂവാർ പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന ഒരു ഫ്ലാറ്റിൽ നിന്നും പൂർണ്ണമായും മലിനജലം മഴവെള്ളം ഒഴുകി പോകുന്നതിനായി സ്ഥാപിച്ചിട്ടുള്ള ഓടകളിലൂടെ ഒഴുക്കിവിടുന്നനത് പഞ്ചായത്തിന്റെ അനുമതിയോടെയാണ്.   ഇതിനെതിരെ തദ്ദേശ സ്ഥാപനങ്ങൾ മുന്നറിയിപ്പ് നൽകുന്നതൊഴിച്ചാൽ ഫലപ്രദമായ നടപടികളൊന്നും സ്വീകരിക്കുന്നില്ല.
നെയ്യാറ്റിൻകര താലൂക്ക് ആശുപത്രിയിൽ നിന്നുള്ള മലിനജലമാണ് നെയ്യാറിനെ ദുർബലമാക്കുന്നതിൽ പ്രധാന പങ്ക് വഹിക്കുന്നത്. ആശുപത്രിയിലെ മലിനജലം ഓടകളിലൂടെ നെയ്യാറിലേക്ക് ഒഴുകി തുടങ്ങിയിട്ട് കാലമേറെയായി.
ജനങ്ങൾക്ക് ലഭിക്കുന്ന ജലത്തിൽ നിറത്തിലും രുചിയിലും വ്യത്യാസം ഉണ്ടാകുന്നുവെന്ന പരാതി നിത്യസംഭവമാണെങ്കിലും അധികൃതർ നടപടിയെടുക്കുന്നില്ല. നെയ്യാറിൽ നിന്നുള്ള ജലം പകർച്ച വ്യാധികൾക്ക് കാരണമാകുന്നുവെന്ന ആക്ഷേപം പ്രദേശത്ത് രൂക്ഷമാണ്. കേരള വാട്ടർ അതോറിട്ടിയും ഗ്രാമ പഞ്ചായത്തുകളും നടപ്പിലാക്കിയിട്ടുള്ള കുടിവെള്ള പദ്ധതികൾക്കുള്ള ട്രീറ്റ്മെന്റ് പ്ലാന്റുകളും പമ്പിംഗ് സ്റ്റേഷനുകളും നദിയുടെ സമീപത്താണ് സ്ഥിതി ചെയ്യുന്നത്. ട്രീറ്റ്മെന്റ് പ്ലാന്റുകൾ എല്ലാം തന്നെ കാലപ്പഴക്കത്താൽ ഫലപ്രദമായി പ്രവർത്തിക്കുന്നില്ല. ഇതിനു പുറമേ മഴക്കാലമായാൽ മാർക്കറ്റുകളിലെയും അറവുശാലകളിലെയും മാലിന്യങ്ങൾ എത്തിച്ചേരുന്നതും നെയ്യാർ നദിയിലാണ്.
നദിയെ സംരക്ഷിക്കുന്നതിന് അധികൃതർ അടിയന്തര നടപടികൾ സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. ഈ ആവശ്യവുമായി ബന്ധപ്പെട്ട് നെയ്യാർ സംരക്ഷണ സമിതി ഒരു മാസം മുമ്പ് നെയ്യാറ്റിൻകര മുൻസിപ്പൽ സെക്രട്ടറിക്ക് പരാതി കൊടുത്തു എങ്കിലും നാളിതുവരെ നടപടികളൊന്നും ഉണ്ടായിട്ടില്ല. പരിസ്ഥിതി മലിനീകരണ ബോർഡിലും തദ്ദേശസ്വയ ഭരണ വകുപ്പ് മന്ത്രിയ്ക്കും പരാതി നൽകാൻ ഒരുങ്ങുകയാണ്.