ലഖ്‌നൗ: മാലിന്യം ശേഖരിക്കുന്നതിനിടെ മേല്‍ജാതിക്കാരിയുടെ ബക്കറ്റില്‍ തൊട്ടെന്നാരോപിച്ച് ഉത്തര്‍ പ്രദേശില്‍ എട്ടുമാസം ഗര്‍ഭിണിയായിരുന്ന ദളിത് യുവതിയെ മര്‍ദിച്ചു കൊന്നു. ബുലന്ദ്ഷഹര്‍ ജില്ലയിലെ ഖേതല്‍പുര്‍ ഭന്‍സോലി ഗ്രാമത്തിലെ സാവിത്രിദേവിയാണ് മരിച്ചത്.

ഒക്ടോബര്‍ 15 ന് ഠാക്കൂര്‍ സമുദായാംഗമായ അഞ്ജുവിന്റ വീട്ടില്‍നിന്ന് മാലിന്യം ശേഖരിക്കുന്നതിനിടെയാണ് സാവിത്രി ദേവിക്ക് മര്‍ദനമേറ്റത്. ഭന്‍സോലി ഗ്രാമത്തിലെ ഉന്നതജാതിക്കാരുടെ കുടുംബത്തില്‍നിന്ന് മാലിന്യം ശേഖരിക്കുന്നതായിരുന്നു സാവിത്രിദേവിയുടെ ഉപജീവനമാര്‍ഗം.

സമീപത്തുകൂടി റിക്ഷ പോയപ്പോള്‍ സാവിത്രിയുടെ നിലതെറ്റിയതാണ് ബക്കറ്റില്‍ അറിയാതെ കൈതട്ടിയതിനെ തുടര്‍ന്നാണ് ബക്കറ്റ് അശുദ്ധമാക്കിയെന്ന് ആരോപിച്ച് അഞ്ജുയും മകനും ചേര്‍ന്ന് കമ്പുകൊണ്ട് സാവിത്രിയെ ക്രൂരമായി മര്‍ദിച്ചത്.

സംഭവ സമയത്ത് ഒമ്പതുവയസ്സുകാരിയായ മകളും സാവിത്രിക്കൊപ്പമുണ്ടായിരുന്നു. കുഞ്ഞ് സാവിത്രിക്ക് മര്‍ദനമേറ്റപ്പോള്‍ കുട്ടി കരഞ്ഞുകൊണ്ട് അയല്‍ക്കാരോട് സഹായത്തിനായി അഭ്യര്‍ഥിച്ചു. തുടര്‍ന്ന് നാട്ടുകാര്‍ ചേര്‍ന്ന് സാവിത്രിയെ അവരില്‍നിന്ന് രക്ഷപ്പെടുത്തിയെങ്കിലും തലയ്ക്ക് ക്ഷതമേറ്റതിനാല്‍ ആറുദിവസത്തിനു ശേഷം സാവിത്രി ദേവിയും അവരുടെ ഉദരത്തിലെ ആണ്‍കുഞ്ഞും മരിച്ചു.

വൈദ്യ പരിശോധനയില്‍ ആദ്യം പുറമേയുള്ള പാടുകളൊന്നും കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. അതിനാല്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്യാനും തയ്യാറായിരുന്നില്ല. പിന്നീട് സ്ഥലം സ്ന്ദര്‍ശിച്ച് സംഭവം ബോധ്യപ്പെട്ടതില്‍ പിന്നെയാണ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തതെന്നും മര്‍ദനമേറ്റ സാവിത്രിയെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും തങ്ങളെ ആരും ശ്രദ്ധിച്ചില്ലെന്നും സാവിത്രിയുടെ ഭര്‍ത്താവ് ദിലീപ് കുമാര്‍ പറയുന്നു.

പുറമേ കുഴപ്പമൊന്നുമില്ലെന്നായിരുന്നെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞെങ്കിലും വീട്ടിലെത്തിയ സാവിത്രിയ്ക്ക് തലയ്ക്കും വയറിനും വേദനയുണ്ടെന്ന് പറഞ്ഞിരുന്നു.

കേസെടുത്ത് അന്വേഷണം ആരംഭിച്ചെന്നും അഞ്ജുവും മകനും ഒളിവിലാണെന്നും കോട് വാലി പോലീസ് അറിയിച്ചു. എന്നാല്‍ പിന്നീട് ഗ്രാമത്തില്‍ സന്ദര്‍ശനം നടത്തുകയും ദൃക്‌സാക്ഷിയുമായി സംസാരിക്കുകയും ചെയ്തതിനെ തുടര്‍ന്ന് കാര്യങ്ങള്‍ വ്യക്തമാവുകയും കേസ് രജിസ്റ്റര്‍ ചെയ്തതായും പോലീസ് അറിയിച്ചു.

സംഭവത്തിന്റെ ദൃക്‌സാക്ഷിയായും സാവിത്രിദേവിയുടെ അയല്‍ക്കാരി കൂടിയായ കുസുമാദേവിയെ ഉദ്ധരിച്ച് ഇന്ത്യന്‍ എക്‌സ്പ്രസാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. തലയ്‌ക്കേറ്റ ക്ഷതമാണ് മരണകാരണമെന്ന് പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടിലാണ് വ്യക്തമായത്.