തിരുവനന്തപുരം:യുഡിഎഫിന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കംകുറിക്കാന്‍ നാളെ കേരളത്തിലെത്തുന്ന കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് ജവാന്‍ വസന്തകുമാറിന്റെ വീട് സന്ദര്‍ശിക്കുന്നതിനുള്ള അനുമതി നിഷേധിച്ചു.മാവോയിസ്റ്റ് ഭീഷണിയെത്തുടര്‍ന്നാണ് സുരക്ഷ ഏജന്‍സികള്‍ രാഹുലിന്റെ വയനാട് സന്ദര്‍ശനം വിലക്കിയത്.വസന്തകുമാറിന്റെ ലക്കിടിയിലെ വീടിന്റെ സമീപപ്രദേശങ്ങളില്‍ മാവോയിസ്റ്റ് സാന്നിധ്യമുണ്ട്.
കഴിഞ്ഞദിവസം വൈത്തിരിയിലെ റിസോര്‍ട്ടില്‍ തണ്ടര്‍ബോള്‍ട്ടുമായി നടന്ന ഏറ്റുമുട്ടലില്‍ ഒരു മാവോയിസ്റ്റ് കൊല്ലപ്പെട്ടിരുന്നു.ഈ സംഭവത്തോടെ മാവോയിസ്റ്റുകള്‍ തിരിച്ചടിക്കാന്‍ സാധ്യതയുണ്ടെന്നും സുരക്ഷാ ഏജന്‍സികള്‍ കരുതുന്നു.
മംഗലാപുരത്ത് നിന്നും റോഡ് മാര്‍ഗ്ഗം കേരളത്തിലെത്തുന്ന രാഹുല്‍ പെരിയയില്‍ കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ വീടും സന്ദര്‍ശിക്കുമെന്നാണ് നേരത്തേ കോണ്‍ഗ്രസ് നേതൃത്വം പറഞ്ഞിരുന്നത്.