കൊച്ചി:പെരിയ ഇരട്ടക്കൊലപാതകത്തില്‍ പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസ് നടത്തിയ മിന്നല്‍ ഹര്‍ത്താലില്‍ സംസ്ഥാനത്തുണ്ടായ മുഴുവന്‍ നഷ്ടങ്ങള്‍ക്കും തുല്യമായ തുക യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ഡീന്‍ കുര്യാക്കോസില്‍ നിന്നും ഈടാക്കണമെന്ന് ഹൈക്കോടതി.യുഡിഎഫ് ആഹ്വാനം ചെയ്തതിനാല്‍ കാസര്‍ഗോഡ് ജില്ലയിലെ നാശനഷ്ടങ്ങളുടെ ചിലവ് കാസര്‍ഗോഡ് യുഡിഎഫ് ചെയര്മാന് എം.സി.കമറൂദീന്, കണ്‍വീനര്‍ ഗോവിന്ദന് നായര്‍ എന്നിവരില്‍ നിന്നും ഈടാക്കണമെന്നും കോടതി നിര്‍ദേശം നല്കി.ഹര്‍ത്താല്‍ ആഹ്വാനം ചെയ്തതിന് പ്രേരണാക്കുറ്റം ചുമത്തി മൂന്നുപേര്‍ക്കെതിരെ കേസെടുക്കണമെന്നും കോടതി നിര്‍ദേശിച്ചു.
ഹര്‍ത്താലിലെ യഥാര്‍ത്ഥ നഷ്ടം എത്രയാണെന്ന് കണ്ടെത്താന്‍ പ്രത്യേക കമ്മീഷനെ നിയമിക്കണമെന്നുംം ഈ കമ്മീഷന് നല്കുന്ന റിപ്പോര്‍ട്ട് അനുസരിച്ചുള്ള തുക നേതാക്കളില്‍ നിന്നും ഈടാക്കണമെന്നും ഹൈക്കോടതി പറഞ്ഞു.
തുടര്‍ച്ചയായ ഹര്‍ത്താലുകള്‍ക്കെതിരായ ജനവികാരമുയര്‍ന്ന സാഹചര്യത്തില്‍ ഹര്‍ത്താല്‍ നടത്തണമെങ്കില്‍ ഏഴു ദിവസം മുന്‍പ് പ്രഖ്യാപിച്ച് നോട്ടീസ് നല്‍കണമെന്ന് കോടതി ഉത്തരവിട്ടിരുന്നു.എന്നാല്‍ ഉത്തരവ് ലംഘിച്ചുകൊണ്ടാണ് യൂത്ത് കൊലചെയ്യപ്പെട്ടതിനു പിന്നാലെ അര്‍ധരാത്രിയില്‍ ഡീന്‍ കുര്യാക്കോസ് ഫേസ്ബുക്കിലൂടെ ഹര്‍ത്താലിന് ആഹ്വാനം ചെയ്തത്.
തനിക്കെതിരായ കോടതീയലക്ഷ്യക്കേസില്‍ എതിര്‍സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ ഡീന്‍ കുര്യാക്കോസ് സമയം നീട്ടിച്ചോദിച്ചിരുന്നു.ഇത് അംഗീകരിച്ച കോടതി കേസ് മാര്‍ച്ച് ആറാം തീയതിയിലേക്ക് മാറ്റി.ഹര്‍ജി പരിഗണിക്കുന്നതിനിടെ രൂക്ഷമായ വിമര്‍ശനമാണ് കേരള ഹൈക്കോടതി ഡീന്‍ കുര്യാക്കോസിന് നേരെ നടത്തിയത്. ഡീന്‍ എല്‍എല്‍ബി പഠിച്ച ആളല്ലേ,നിയമം അറിയില്ലേ എന്ന് ഹൈക്കോടതി ചോദിച്ചു.എന്നാല്‍ എല്‍എല്‍ബി പൂര്‍ത്തിയാക്കി എന്നല്ലാതെ ഡീന്‍ പ്രക്ടീസ് ചെയ്യുന്നില്ലെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകന് അറിയിച്ചു.