ദില്ലി: മീ ടൂ ആരോപണത്തില്‍പ്പെട്ട് വിവാദത്തിലായ കേന്ദ്ര വിദേശകാര്യ സഹമന്ത്രി എം ജെ അക്ബര്‍ രാജിവച്ചു.തനിക്കെതിരെ ആരോപണമുന്നയിച്ചവര്‍ക്കെതിരെ നിയമത്തിന്റെ വഴി തേടുമെന്ന് അക്ബര്‍ പറഞ്ഞു. തന്നെ വ്യക്തിപരമായി തേജോവധം ചെയ്യാനാണ് അടിസ്ഥാനരഹിതമായ ആരോപണങ്ങളുന്നയിക്കുന്നതെന്നാണ് അക്ബര്‍ പറഞ്ഞത്.
മാധ്യമ പ്രവര്‍ത്തക പ്രിയ രമണിയാണ് മീടൂ കാമ്പെയിനിന്റെ ഭാഗമായി ആദ്യം അക്ബറിനെതിരെ ആരോപണമുന്നയിച്ചത്. ഏഷ്യന്‍ ഏജ് ദിനപത്രത്തില്‍ എഡിറ്ററായിരുന്ന അക്ബര്‍ തന്നെ ലൈംഗീകമായി ആക്രമിച്ചെന്നാണ് പ്രിയാരമണി പറഞ്ഞത്.തുടര്‍ന്ന് അക്ബറിനെതിരെ പന്ത്രണ്ടോളം മാധ്യമപ്രവര്‍ത്തകര്‍ രംഗത്തെത്തിയിരുന്നു.
ഏഷ്യന്‍ ഏജ് ദിനപത്രത്തില്‍ ജോലി ചെയ്തപ്പോള്‍ അക്ബര്‍ തന്നെ പീഡിപ്പിച്ചെന്ന് ഗസല വഹാബ് എന്ന മാധ്യമപ്രവര്‍ത്തക തുറന്ന് എഴുതിയിരുന്നു.അക്ബറിനോട് രാജിവയ്ക്കാന്‍ ഉടന്‍ ആവശ്യപ്പെടണമെന്നും ഗസാല വഹാബ് പറഞ്ഞിരുന്നു.