ദില്ലി:മീടൂ കാമ്പയിനുമായി സ്ത്രീകള്‍ ഇറങ്ങുന്നത് പുരുഷന്‍മാരില്‍ നിന്ന് പണം കൈക്കലാക്കാനെന്ന് ബിജെപി എം പി ഉദ്ദിത് രാജ്.രണ്ടോ നാലോ ലക്ഷം തട്ടിയെടുക്കാന്‍ ഇത്തരം ആരോപണങ്ങള്‍ ഉന്നയിക്കും.പിന്നീട് അടുത്ത ആളെ പിടിക്കുമെന്നും ഉദ്ദിത്‌രാജ് പറഞ്ഞു.നടന്‍ നാനാ പടേക്കറിനെതിരെ തനുശ്രീ ദത്തയുടെ ആരോപണത്തോട് പ്രതികരിക്കുകയായിരുന്നു ഉദ്ദിത് രാജ്.ആണുങ്ങള്‍ പ്രകൃത്യാ ഇങ്ങനെയാണ്.പക്ഷെ, സ്ത്രീകള്‍ പതിവ്രതകളാണോ എന്നും എംപി ചോദിച്ചു.
പത്തു വര്‍ഷത്തിനുശേഷം ആര്‍ക്കെങ്കിലും എതിരെ ലൈംഗികാരോപണം ഉന്നയിക്കുന്നതില്‍ എന്തുകാര്യമെന്ന് അദ്ദേഹം ചോദിച്ചു.വര്‍ഷങ്ങള്‍ക്ക് മുമ്പുള്ള ആരോപണത്തിന്റെ സത്യാവസ്ഥ കണ്ടെത്താന്‍ കഴിയുമോ.എന്നാല്‍ ആരോപണ വിധേയനായ വ്യക്തിയുടെ പ്രതിച്ഛായ തകരുന്നു.ഇത് തെറ്റായ രീതിയുടെ തുടക്കമാണെന്ന് ഉദ്ദിത്‌രാജ് പറഞ്ഞു.
2008- ല്‍ തനിക്കെതിരെ നാനാ പടേക്കര്‍ ലൈംഗിക അതിക്രമം നടത്തിയെന്നാണ് നടി തനുശ്രീ ദത്ത കഴിഞ്ഞ ദിവസം പറഞ്ഞത്.മുതിര്‍ന്ന പത്രപ്രവര്‍ത്തകനും ബിജെപി എംപിയും കേന്ദ്രമന്ത്രിയുമായ എം ജെ അക്ബര്‍ക്കെതിരെ പത്രപ്രവര്‍ത്തക പ്രിയ രമണിയും നടന്‍ മുകേഷിനെതിരെ കാസ്റ്റിംഗ് ഡയറക്ടറായ ടെസ് ജോസഫും മീടൂ കാമ്പയിയിനിലൂടെ ആരോപണവുമായി രംഗത്തുണ്ട്.