കഴിഞ്ഞ 50 വര്‍ഷമായി ബൂത്തുപിടിത്തത്തിനെതിരേയും കള്ളവോട്ടിനെതിരെയും കോണ്‍ഗ്രസും പൊതുസമൂഹവും നടത്തിവന്ന ധാര്‍മികമായ സമരത്തിന്റെ വിജയമാണ് കാസര്‍ഗോഡു കള്ളവോട്ടിംഗ് നടന്നിട്ടുണ്ടെന്ന മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണയുടെ സ്ഥിരീകരണമെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍.
തെരഞ്ഞെടുപ്പ് അട്ടിമറിച്ച് കോണ്‍ഗ്രസിനെയും യു.ഡി.എഫിനെയും പരാജയപ്പെടുത്താനുള്ള സി.പി.എമ്മിന്റെ രാഷ്ട്രീയ അജണ്ടയാണ് ഇതിലൂടെ വെളിപ്പെട്ടത്. ഇത് ആജ്ഞനാവര്‍ത്തികളായ ഒരുകൂട്ടം ഉദ്യോഗസ്ഥന്‍മാരുമായി ചേര്‍ന്ന് സി.പി.എം നടത്തിയ ആസൂത്രിത നീക്കമാണ് . കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി മത്സരിച്ച വയനാട് മണ്ഡലത്തില്‍ യു.ഡി.എഫ് അനുകൂല വോട്ടര്‍മാരായ മുസ്സിം ക്രിസ്ത്യന്‍ വിഭാഗത്തില്‍ ഉള്‍പ്പെട്ട ആയിരക്കണക്കിന് പേരെ കരട് വോട്ടര്‍പട്ടികയില്‍ ഒഴിവാക്കിയതായി ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്. ഓരോ ബൂത്തില്‍ നിന്നും 30 മുതല്‍ 50 ഓളം പേരെയാണ് അന്തിമ വോട്ടര്‍പട്ടികയില്‍ നിന്നും ഒഴിവാക്കിയത്. കൂടാതെ ചിലസ്ഥലങ്ങളില്‍ വോട്ടര്‍മാരുടെ സ്വന്തം ബൂത്തിന് പകരം മറ്റുപല ബൂത്തുകളിലും പേരുചേര്‍ത്തതായും കണ്ടെത്തിയിട്ടുണ്ട്. യു.ഡി.എഫ് അനുകൂല വോട്ടര്‍മാരെയാണ് ഇത്തരത്തില്‍ മാറ്റപ്പെട്ടത്. അതേസമയം എന്‍.ഡി.എ അനൂകൂല വോട്ടര്‍മാര്‍ കൃത്യമായി പട്ടികയില്‍ സ്ഥാനം പിടിക്കുകയും ചെയ്തിട്ടുണ്ട്. ഇതിനെല്ലാം സര്‍ക്കാര്‍ അനുകൂല ഉദ്യോഗസ്ഥര്‍ എല്ലാ സഹയാവും നല്‍കിയിട്ടുണ്ടെന്നത് വ്യക്തമാണെന്നും മുല്ലപ്പള്ളി പറഞ്ഞു.
പലഘട്ടത്തിലും കള്ളവോട്ടിങ്ങിനെ കുറിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന്റെ ശ്രദ്ധയില്‍ കൊണ്ടുവന്നങ്കിലും ഫലപ്രദമായ ഒരു നടപടിയും ഉണ്ടായില്ല. ജുഡീഷ്യറിക്കും ഈ പ്രവണത അവസാനിപ്പിക്കാന്‍ കഴിഞ്ഞില്ല. തെരഞ്ഞെടുപ്പ് അട്ടിമറിക്ക് നേതൃത്വം നല്‍കിയത് മുഖ്യമന്ത്രിയും അദ്ദേഹത്തിന്റെ പാര്‍ട്ടി സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും കണ്ണൂരിലെ പ്രമുഖ സി.പി.എം നേതാക്കളമാണ്. പരീശീലനം ലഭിച്ച പാര്‍ട്ടിഗുണ്ടകളുടെ സഹായത്തോടെയാണ് ഈ അതിക്രമം സി.പി.എം നടത്തുന്നത്. അഞ്ചുതവണ കണ്ണൂരില്‍ നിന്നും മത്സരിച്ച് വിജയിച്ച തന്നെ പരാജയപ്പെടുത്താനും ഭീകരമായി കള്ളവോട്ട് നടന്നിട്ടുണ്ടെന്നും തിരഞ്ഞെടുപ്പ് അട്ടിമറിയുടെ ഇരയാണ് താനെന്നും മുല്ലപ്പള്ളി പറഞ്ഞു.
എ.ഐ.സി.സി ഈ വിഷയത്തെ ഗൗരവമായിട്ടാണ് കണുന്നത്. സംശുദ്ധരാഷ്ട്രീയത്തിനായി ഏതറ്റംവരെയും പോകുമെന്ന എ.ഐ.സി.സി വക്താവും മുതിര്‍ന്ന അഭിഭാഷകനുമായ മനു അഭിഷേക് സിങ്‌വിയുടെ വാക്കുകള്‍ അതിനുതെളിവാണ്. കള്ള വോട്ട് സംബന്ധിച്ച വ്യക്തമായ തെളിവുകള്‍ പുറത്ത് കൊണ്ടുവന്ന സാമൂഹ്യപ്രതിബദ്ധതയുള്ള മാധ്യമപ്രവര്‍ത്തകരെയും അതീവ ജാഗ്രതയോടെ ഈ വിഷയം കൈകാര്യം ചെയ്ത പൊതുസമൂഹത്തേയും കെ.പി.സി.സിക്ക് വേണ്ടി അഭിനന്ദിക്കുന്നുവെന്നും മുല്ലപ്പള്ളി പറഞ്ഞു.