ന്യൂഡല്‍ഹി:വിവാദങ്ങളുടെ പേരില്‍ പുസ്തകങ്ങള്‍ നിരോധിച്ചാല്‍ സ്വതന്ത്രമായ ആശയങ്ങളുടെ ഒഴുക്കിനെ ബാധിക്കുമെന്നും നോവല്‍ നിരോധിക്കുന്ന സംസ്‌കാരത്തോട് യോജിക്കാനാവില്ലെന്നും സുപ്രീം കോടതി.’മീശ’നോവല്‍ പ്രസിദ്ധീകരിക്കുന്നതു തടയണമെന്നാവശ്യപ്പെട്ടു നല്കിയ ഹര്‍ജി പരിഗണിക്കവെ ചീഫ് ജസ്റ്റിസ് ദീപക് മിശ്രയാണ് ഈ പരാമര്‍ശം നടത്തിയത്.എസ്.ഹരീഷിന്റെ ‘മീശ’ എന്ന നോവലിലെ വിവാദഭാഗങ്ങള്‍ കഥാപാത്രങ്ങള്‍ തമ്മിലുള്ള സംഭാഷണം മാത്രമല്ലേയെന്നും സുപ്രീംകോടതി കോടതി.
ഐപിസി 292 പ്രകാരം അശ്ലീലം ഉണ്ടെങ്കിലേ പുസ്തകം നിരോധിക്കുന്ന കാര്യം പരിഗണിക്കാന്‍ ആകൂ.എന്നാല്‍ ഭാവനപരമായ സംഭാഷണത്തില്‍ അശ്ലീലവും ബാധകമല്ല.എന്നാല്‍ ഈ ഇന്റര്‍നെറ്റ് യുഗത്തില്‍ ഇതെല്ലാം വിഷയമാക്കേണ്ടതുണ്ടോ എന്നായിരുന്നു ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് ചോദിച്ചത്.
നോവലിലെ വിവാദമായ മൂന്ന് അധ്യായങ്ങളുടെ പരിഭാഷ അഞ്ചു ദിവസത്തിനകം സമര്‍പ്പിക്കാന്‍ മാതൃഭൂമിക്ക് സുപ്രീം കോടതി നിര്‍ദ്ദേശം നല്‍കി.നോവലിനെതിരായ പൊതുതാല്‍പര്യ ഹര്‍ജി അതിന് ശേഷം പരിഗണിക്കും.
ഹര്‍ജിയില്‍ രാഷ്ട്രീയമാണുള്ളതെന്നും ആവിഷ്‌കാര സ്വാതന്ത്ര്യവുമായി ബന്ധപ്പെട്ട വിഷയത്തില്‍ കോടതി ഇടപെടരുതെന്നും കേരളം ആവശ്യപ്പെട്ടു. നിരോധനം ആവിഷ്‌ക്കാര സ്വാതന്ത്ര്യത്തിന് വിരുദ്ധമെന്നാണ് കേന്ദ്രസര്‍ക്കാരും കോടതിയില്‍ നിലപാടെടുത്തത്.
നോവല്‍ സാമുദായിക ധ്രുവീകരണം ഉണ്ടാക്കുമെന്നും സംസ്ഥാനത്തെ പൊതുജനജീവിതത്തെ ബാധിക്കുമെന്നും ഹര്‍ജിക്കാരന്റെ അഭിഭാഷകന്‍ വാദമുന്നയിച്ചെങ്കിലും കോടതി അത് കണക്കിലെടുത്തില്ല.