തിരുവനന്തപുരം: മീസില്‍സ് റുബെല്ല വാക്‌സിനെതിരെ പ്രചരണം നടത്തിയാല്‍ കര്‍ശന നടപടി എടുക്കുമെന്ന മുന്നറിയിപ്പുമായി ആരോഗ്യവകുപ്പ്. വാക്‌സിനെതിരെ പ്രചരണം നടത്തുന്നവരെ ക്രിമിനല്‍ കേസ് ചുമത്തി അറസ്റ്റ് ചെയ്യുമെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ വ്യക്തമാക്കി. ഇതിനായി സൈബര്‍ സെല്ലിന്റെ സഹായം തേടിയിട്ടുണ്ട്. മലപ്പുറം ജില്ല ആരോഗ്യ വകുപ്പിന് ബാലികേറാമല അല്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. സംസ്ഥാനത്ത് ഇതിനകം 59 ലക്ഷം കുട്ടികള്‍ക്ക് പ്രതിരോധ കുത്തിവയ്പ്പ് നല്‍കിയതായാണ് വിവരം. മലപ്പുറം ജില്ലയാണ് കുത്തിവയ്പ്പില്‍ ഏറ്റവും പിന്നില്‍. ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം മലപ്പുറത്ത് 56.44 ശതമാനം കുട്ടികള്‍ പ്രതിരോധ കുത്തിവയ്പ്പ് എടുത്തു. മലപ്പുറത്ത് കൂടുതല്‍ ബോധവത്കരണ പ്രചരണ പരിപാടികള്‍ നടത്തി കര്‍മ്മപദ്ധതി രൂപീകരിക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു. പദ്ധതി ലക്ഷ്യം കൈവരിക്കുന്നതിനായി സംസ്ഥാനത്തെ 11 ജില്ലകളില്‍ റുബെല്ല വാക്‌സിന്‍ കുത്തിവയ്പ്പ് ഈ മാസം 25 വരെ നീട്ടിയിട്ടുണ്ട്. ആലപ്പുഴ, ഇടുക്കി, പത്തനംതിട്ട ഒഴികെയുള്ള ജില്ലകളിലാണ് പദ്ധതി നീട്ടിയിരിക്കുന്നത്.