തിരുവനന്തപുരം: കേരള സമൂഹത്തെയൊന്നാകെ ഞെട്ടിച്ച സംഭവമായിരുന്നു കോവളത്ത് നിന്നും കാണാതായ ലാത്വിയന്‍ യുവതിയുടെ കൊലപാതകം.സഹോദരിക്കു നീതി തേടി കേരളത്തിലെത്തിയ ഇലിസിനെയും ആരും മറക്കാനിടയില്ല. ഇപ്പോള്‍ കേരളത്തിന്റെ മഴക്കെടുതിയെക്കുറിച്ചറിഞ്ഞ ഇലിസ് എല്ലാ പിന്‍തുണയും നല്‍കിക്കൊണ്ടു സന്ദേശം നല്‍കിയിരിക്കുകയാണ്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന നല്‍കിക്കൊണ്ടാണ് ദുരന്തത്തെ മറികടക്കാനുള്ള കരുത്തുണ്ടാകട്ടെയെന്ന് ഇലിസ് സന്ദേശമയച്ചത്. മുഖ്യമന്ത്രി പിണറായി വിജയന്‍ ഫേസ്ബുക്കിലൂടെയാണ് ഇക്കാര്യം പങ്കുവെച്ചത്.
ഫേസ്ബുക്ക് പോസ്റ്റ് ചുവടെ:-
ഇലിസ് സര്‍ക്കോണ എന്ന പേര് മലയാളികള്‍ക്ക് അധികം പരിചയം കാണില്ല. കേരളത്തില്‍ വച്ച് കൊല്ലപ്പെട്ട, നമ്മുടെ എല്ലാം നൊമ്പരമായി മാറിയ ലാത്വിയന്‍ യുവതിയുടെ സഹോദരിയാണ് ഇലിസ്. നമ്മള്‍ ഒരുവിഷമഘട്ടത്തിലൂടെ നീങ്ങുമ്പോള്‍ കേരളത്തിന് പിന്തുണ അറിയിച്ചുള്ള ഇലിസയുടെ സന്ദേശം എത്തിയിരിക്കുന്നു. അയര്‍ലണ്ടില്‍ നിന്നും തന്റെ വരുമാനത്തിന്റെ ഒരു പങ്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന നല്‍കിയ ശേഷമാണ് ഇലിസ് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് സന്ദേശം അയച്ചത്. ഈ വിഷമമേറിയ അവസ്ഥയില്‍ കേരളീയര്‍ക്കൊപ്പമെന്നാണ് ഇലിസയുടെ സന്ദേശം. ഇപ്പോഴത്തെ ദുരന്തത്തെ മറികടക്കാനുള്ള കരുത്ത് ഉണ്ടാകട്ടെ എന്ന ആശംസയും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒരു തുകയും ഇലിസ പങ്കുവെക്കുന്നു. സമാനതകള്‍ ഇല്ലാത്തതാണ് ഈ അനുഭവം. ഈ ദുരന്തകാലത്ത് നമുക്കൊപ്പം നില്‍ക്കാന്‍ തോന്നുന്ന ഇലിസയുടെ മനസ് വലുതാണ്. ഇലിസയുടെ സന്ദേശം മലയാളികള്‍ക്കാകെ ആത്മവിശ്വാസം നല്‍കും. ആ നല്ല മനസിന് സംസ്ഥാനത്തിന്റെ ആദരവ്.