മുഖ്യമന്ത്രിയുടെ വിദേശപര്യടനം കൊണ്ട് കേരളത്തിന് ഒരു നേട്ടവുമില്ലെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്.കോടികളുടെ നിക്ഷേപ സാധ്യതകളുടെ സന്നദ്ധത സംബന്ധിച്ച പട്ടിക വിശദീകരിക്കാന്‍ മാത്രമായി മുഖ്യമന്ത്രിയും കൂട്ടരും വിദേശപര്യടനം നടത്തേണ്ടതില്ലായിരുന്നെന്നും മുല്ലപ്പള്ളി പറഞ്ഞു.200 കോടി നിക്ഷേപം നടത്താന്‍ താല്പര്യം പ്രകടിപ്പിച്ചെന്ന് അറിയിച്ച നീറ്റ ജലാറ്റിന്‍ കമ്പനിയുടെ പരിസ്ഥിതി മലിനീകരണ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ കാതിക്കുടത്തെ ജനങ്ങള്‍ നടത്തുന്ന സമരം മുഖ്യമന്ത്രിക്ക് ഓര്‍മ്മയുണ്ടോയെന്നും മുല്ലപ്പള്ളി ചോദിച്ചു.നാടിന്റെ താല്‍പ്പര്യം ബലികഴിക്കുന്ന കമ്പനികളുടെ നിക്ഷേപം സംസ്ഥാനത്ത് കൊണ്ടുവരുന്നതിനാണോ മുഖ്യമന്ത്രിയും പരിവാരങ്ങളും കോടികള്‍ ചെലവാക്കി വിദേശപര്യടനം നടത്തിയത്? ഇതുവരെ നടത്തിയ വിദേശയാത്രകളില്‍ എന്തെങ്കിലും പ്രയോജനം സംസ്ഥാനത്തിന് ലഭിച്ചിട്ടുണ്ടോയെന്നും മുഖ്യമന്ത്രി വിശദീകരിക്കണം.കുടുംബാംഗങ്ങളുടെ യാത്ര ചെലവ് വഹിച്ചത് സര്‍ക്കാരല്ലെന്ന മുഖ്യമന്ത്രിയുടെ വാദം വിശ്വാസയോഗ്യമല്ല. കുടുംബത്തോടൊപ്പം വിദേശപര്യടനം നടത്തുന്നത് ഉല്ലാസയാത്ര തന്നെയാണ്. ഹെലികോപ്റ്റര്‍ വാടകയ്ക്കെടുക്കേണ്ട എന്ത് അടിയന്തര സാഹചര്യമാണ് കേരളത്തിലുള്ളത്. അടിയന്തരഘട്ടത്തില്‍ വ്യോമസേനയുടെ സഹായം ലഭ്യമാകുമെന്നിരിക്കെ, ധൃതിപിടിച്ച് ഉയര്‍ന്ന തുകയ്ക്ക് കോടികള്‍ ചെലവാക്കി ഹെലികോപ്റ്റര്‍ വാങ്ങുന്നത് മുഖ്യമന്ത്രിയുടെ ആകാശയാത്ര സുഗമമാക്കാനാണ്. സ്വന്തം ഗ്രാമത്തില്‍ പോകാന്‍ പോലും മുഖ്യമന്ത്രിക്ക് ബുള്ളറ്റ് പ്രൂഫ് കാറും നിരവധി വാഹനങ്ങളുടെ അകമ്പടിയും സായുധരായ പോലീസുകാരുടെ സുരക്ഷയും വേണമെന്നത് അപമാനകരമാണ്. ധീരതയെ കുറിച്ച് വീമ്പുപറയുന്ന മുഖ്യമന്ത്രി ഒരു ഭീരുവിനെപ്പോലെയാണ് പെരുമാറുന്നത്. പ്രധാനമന്ത്രിയെക്കാള്‍ സുരക്ഷയാണ് മുഖ്യമന്ത്രിക്ക്. ഇനിയൊരു കമ്മ്യൂണിസ്റ്റ് മുഖ്യമന്ത്രിയുണ്ടാകില്ലെന്ന തിരിച്ചറിവില്‍ നിന്നാണ് മുഖ്യമന്ത്രി ആഢംബരത്തിലും ധൂര്‍ത്തിലും അഭിരമിക്കുന്നത്. വെയിലുള്ളപ്പോള്‍ വൈക്കോല്‍ ഉണക്കുന്നത് പോലെയാണ് മുഖ്യമന്ത്രിയുടെ പ്രവൃത്തിയെന്നും മുല്ലപ്പള്ളി പരിഹസിച്ചു.