തിരുവനന്തപുരം: മുഖ്യമന്ത്രി വിളിച്ചു ചേര്‍ത്ത കളക്ടര്‍മാരുടെ യോഗത്തില്‍ മാധ്യമങ്ങള്‍ക്ക് വിലക്ക്. യോഗം നടക്കുന്ന ഹാളില്‍ കളക്ടര്‍മാരുടെയും മറ്റും ദൃശ്യങ്ങള്‍ പകര്‍ത്തുകയായിരുന്ന മാധ്യമപ്രവര്‍ത്തകരോട് മുഖ്യമന്ത്രിയുടെ ഓഫീസിലെ ഉദ്യോഗസ്ഥരാണ് ഇക്കാര്യം അറിയിച്ചത്.
മാധ്യമപ്രവര്‍ത്തകര്‍ നില്‍ക്കുന്നതിനോട് മുഖ്യമന്ത്രിക്ക് താല്‍പര്യമില്ലെന്ന് അറിയിച്ചതിനെ തുടര്‍ന്ന് മാധ്യമപ്രവര്‍ത്തകര്‍ ഹാളില്‍നിന്ന് പുറത്തിറങ്ങി. കഴിഞ്ഞ ദിവസവും തുടക്കത്തില്‍ ദൃശ്യങ്ങള്‍ പകര്‍ത്തിയ ഉടന്‍തന്നെ മാധ്യമപ്രവര്‍ത്തകരോട് പുറത്തുപോകാന്‍ ആവശ്യപ്പെട്ടിരുന്നു.
ഇന്ന് രാവിലെ മുഖ്യമന്ത്രി തൈക്കാട് ഗസ്റ്റ് ഹൗസിലെത്തിയപ്പോള്‍ കോടിയേരി ബാലകൃഷ്ണന്റെ വിവാദ യാത്രയെക്കുറിച്ച് മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചപ്പോള്‍ മുഖ്യമന്ത്രി മൗനം പാലിക്കുകയായിരുന്നു.
മുന്‍പ് മുഖ്യമന്ത്രിയും ബിജെപി നേതാക്കളും തമ്മില്‍ നടന്ന സമാധാന യോഗത്തില്‍ നിന്ന് ‘കടക്കു പുറത്ത്’ എന്ന ആക്രോശത്തോടെ മുഖ്യമന്ത്രി മാധ്യമപ്രവര്‍ത്തകരെ ഇറക്കിവിട്ടത് വിവാദമായിരുന്നു.