ഹരാരെ: പാര്‍ട്ടി നേതൃത്വത്തില്‍നിന്നു പുറത്താക്കിയ റോബര്‍ട്ട് മുഗാബയോട് സിംബാബ്‌വെയുടെ പ്രസിഡന്റ് പദവി ഉടന്‍ ഒഴിയാന്‍ സനു-പിഎഫ് പാര്‍ട്ടി ആവശ്യപ്പെട്ടു. ഇന്ന് ഉച്ചയ്ക്കു മുന്‍പ് അധികാരമൊഴിയണമെന്നാണു പാര്‍ട്ടി പ്രതിനിധി യോഗം ആവശ്യപ്പെട്ടത്. മുഗാബെയ്ക്കു പകരം എമേഴ്‌സന്‍ നന്‍ഗാഗ്വയെ പാര്‍ട്ടി നേതാവായി തിരഞ്ഞെടുത്തു.

വൈസ് പ്രസിഡന്റായിരുന്ന നന്‍ഗാഗ്വയെ മുഗാബെ പുറത്താക്കിയിരുന്നു. മുഗാബെയുടെ അനാരോഗ്യം മുതലെടുത്ത് അദ്ദേഹത്തിന്റെ ഭാര്യ ഗ്രെയ്‌സും കൂട്ടാളികളും അധികാരം സ്വന്തമാക്കി രാജ്യത്തെ കൊള്ളയടിക്കാനുള്ള ശ്രമമാണു തടയുന്നതെന്നു പാര്‍ട്ടി നേതാവ് ഒബര്‍ട്ട് എംപോഫു പറഞ്ഞു. മുഗാബെയെ വീട്ടുതടങ്കലിലാക്കിയ സൈന്യം അദ്ദേഹവുമായി ഇന്നു വീണ്ടും ചര്‍ച്ച നടത്തും. സ്ഥാനമൊഴിയലിന്റെ നടപടിക്രമങ്ങളാവും ചര്‍ച്ച ചെയ്യുക.

പതിനായിരക്കണക്കിന് ആളുകള്‍ മുഗാബെയുടെ വസതിക്കു മുന്നില്‍ പ്രകടനമായെത്തി മുഗാബെഭരണത്തിന്റെ അന്ത്യം ആഘോഷിച്ചു. 1980ല്‍ സിംബാബ്‌വെ സ്വതന്ത്രമായതുമുതല്‍ 37 വര്‍ഷം മുഗാബെ ഭരണത്തിലായിരുന്നു. രാജ്യം അതിരൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയിലേക്കു കൂപ്പുകുത്തിയതോടെ മുഗാബെയുടെ നില പരുങ്ങലിലാവുകയായിരുന്നു.

സുരക്ഷാസേനാ മുന്‍ തലവന്‍കൂടിയായ, ‘ചീങ്കണ്ണി’ എന്നറിയപ്പെടുന്ന എമേഴ്‌സന്‍ നന്‍ഗാഗ്വയുടെ നേതൃത്വത്തിലുള്ള ഐക്യ സര്‍ക്കാര്‍ ഉടന്‍ അധികാരമേല്‍ക്കും.