മലയാളികളുടെ പ്രിയ ഗായിക സിതാര മുടിമുറിച്ചതെന്തിനെന്ന ആരാധകരുടെ ചോദ്യത്തിന് ഉത്തരവുമായി ഫെയ്‌സ്ബുക്കില്‍. തികച്ചും വ്യക്തിപരമായ ഒരു വിശ്വാസത്തിന്റെ പേരിലാണെന്നും ഒരു പ്രിയ സുഹൃത്തിനു വേണ്ടിയാണീ രൂപമാറ്റമെന്നും താരം ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

കഴിഞ്ഞ ദിവസം ഫെയ്‌സ്ബുക്കില്‍ ‘കണ്‍ങ്കള്‍ നീയെ…’ എന്ന പാട്ടിന്റെ കവര്‍ വേഷന്‍ പുറത്തിറങ്ങുന്നെന്ന സന്തോഷ വാര്‍ത്ത ആരാധകരുമായി പങ്ക്വയ്ക്കാന്‍ ലൈവിലെത്തിയിരുന്നു.

എന്നാല്‍ പുതിയ രൂപത്തിലെത്തിയ സിത്താരയെ കണ്ട ആരാധകരുടെ പ്രധാന കമന്റ് മുടിമുറിച്ചതെന്തിനെന്ന ചോദ്യവും, പഴയ രൂപമായിരുന്നെന്ന വാക്കുകളുമായിരുന്നു. തുടര്‍ന്നാണ് മറുപടി പോസ്റ്റുമായി സിതാര എത്തിയത്.

 

സിതാരയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ്…

തികച്ചും വ്യക്തിപരമായ ഒരു വിശ്വാസത്തിന്റെ പേരില്‍, ഒരു പ്രിയ സുഹൃത്തിനു വേണ്ടി ചെയ്തതാണീ രൂപമാറ്റം…!!! കാരണം എന്തോ ആവട്ടെ മുടിയുടെ നീളം, തൊലിയുടെ നിറം, ശബ്ദത്തിന്റെ കനം മുതലായവ നിര്‍വചിക്കുന്ന, നിര്‍ണയിക്കുന്ന മലയാളിസ്ത്രീത്വം എന്ന മണ്ടന്‍ ആശയത്തില്‍ വിശ്വാസം തെല്ലുമില്ല, അത് പറയുന്നവരോട് സ്വല്‍പം അസ്വസ്ഥതയും തോന്നുന്നു! ഒരു നിമിഷാര്‍ദ്ധം കൊണ്ട് മാറിയേക്കാവുന്നതല്ലേ നമ്മള്‍ പരിചയിച്ച സ്വയംരൂപങ്ങള്‍!?! മുറിച്ച മുടിയെ കുറിച്ച് പറയും നേരം നമുക്ക്, മുറിക്കപ്പെട്ട മരങ്ങളെക്കുറിച്ച് മിണ്ടാം!! വാടിപ്പോയ നിറത്തെക്കുറിച്ച് പറയുന്നതിനു പകരം ഇരുണ്ടുപോയ നദികളെ കുറിച്ച് പറയാം!!! ആകാശത്തെ പറ്റി, ഭുമിയെ പറ്റി, വിശക്കുന്ന കുഞ്ഞുങ്ങളെ പറ്റി, യുദ്ധങ്ങളെപറ്റി, വന്നേക്കാവുന്ന സമാധാനത്തെ പറ്റി, സൗഹൃദത്തെ പറ്റി, മനുഷ്യരെപ്പറ്റി, പാട്ടുകളെ പറ്റി അങ്ങനെ അങ്ങനെ എന്തെല്ലാം പറയാം!! വാക്കുകള്‍ കൊണ്ട് പരസ്പരം വേദനിപ്പിക്കാതെ നമുക്ക് സംസാരിച്ച് തെളിച്ചം കണ്ടെത്താം!!