തിരുവനന്തപുരം: മുന്‍കൂര്‍ അനുമതി വാങ്ങാതെ ആത്മകഥ എഴുതിയ ഡിജിപി ജേക്കബ് തോമസിനെതിരെ ക്രിമിനല്‍ കേസെടുക്കാന്‍ മുഖ്യമന്ത്രിയുടെ നിര്‍ദേശം.

‘സ്രാവുകള്‍ക്കൊപ്പം നീന്തുമ്പോള്‍’ എന്ന ആത്മകഥ രചിച്ചതിനെ തുടര്‍ന്ന് കേസെടുക്കാന്‍ ഡിജിപിക്കും വകുപ്പ് തല നടപടിയെടുക്കാന്‍ ചീഫ് സെക്രട്ടറിക്കുമാണ് മുഖ്യമന്ത്രി നിര്‍ദ്ദേശം നല്‍കിയത്.

പുസ്തകം അനുമതിയില്ലാതെ എഴുതിയതും അതിലെ പരാമര്‍ശങ്ങളും ഗുരുതമായ അച്ചടക്ക ലംഘനമാണന്നും സര്‍വീസ് ചട്ടങ്ങളുടെയും ലംഘനമാണെന്നും മൂന്നംഗ സമിതി കണ്ടെത്തിയിരുന്നു. ഇതിനെ തുടര്‍ന്നാണ് നടപടിക്ക് മുഖ്യമന്ത്രി ഉത്തരവിറക്കിയത്. നിയമസെക്രട്ടറിക്കെതിരെയും ചട്ടലംഘനമുണ്ടെന്ന് കണ്ടെത്തിയത്തിയിട്ടുണ്ട്.

കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് ജേക്കബ് തോമസിനെതിരെ അന്നത്തെ ചീഫ് സെക്രട്ടറി മൂന്നു തവണ നോട്ടീസ് നല്‍കിയിരുന്നെങ്കിലും നടപടിയെടുത്തിരുന്നില്ല.

സര്‍വീസിലിരിക്കെ സര്‍വീസ് സ്‌റ്റോറി എഴുതുന്നതിനും മാധ്യമങ്ങളോട് സംസാരിക്കുന്നതിനും മുന്‍കൂര്‍ വാങ്ങിയിരിക്കണം എന്നാണ് ചട്ടം. ഇത് ലംഘിച്ചാല്‍ രണ്ട് വര്‍ഷം തടവോ പിഴയോ രണ്ടും കൂടിയോ വരെ ശിക്ഷയായി ലഭിക്കാവുന്ന കുറ്റമാണ്.