വിവാഹ മോചനം നേടിയ ശേഷം പരസ്പരം ശത്രുക്കളെപ്പോലെ കാണുന്നവര്‍ക്ക് മുന്നില്‍ എന്നും മാതൃകയാണ് ബോളിവുഡിന്റെ മിസ്റ്റര്‍ പെര്‍ഫക്ട്. ‘റീനയ്ക്ക് എന്റെ ജീവിതത്തില്‍ വലിയ സ്ഥാനമുണ്ട്. ഇന്നും അവര്‍ എന്റെ കുടുംബത്തിന്റെ ഭാഗമാണ്, എന്നും അങ്ങനെ തന്നെയായിരിക്കും’ എന്നാണ് മുന്‍ ഭാര്യയെക്കുറിച്ച് ആമിര്‍ പറഞ്ഞിട്ടുള്ളത്. വിവാഹ മോചനത്തിന് ശേഷവും ആമിറിന്റെ വീടിനടുത്ത് തന്നെ റീനയും മക്കളുമുണ്ട്. പ്രണയിച്ച് വിവാഹം കഴിച്ച ഇരുവരും 16 വര്‍ഷത്തിന് ശേഷം വേര്‍ പിരിയുകയായിരുന്നു. എങ്കിലും റീന നല്ല സുഹൃത്തായി കുട്ടികളുടെ അമ്മയായി ആമിറിനൊപ്പമുണ്ട്. ആ ദൃഡത റീനയുടെ 50-ാം പിറന്നാളിലും കണ്ടു.

ഷൂട്ടിങ് തിരക്കുകള്‍ മാറ്റിവെച്ചാണ് ആമിര്‍ എത്തിയത്. അമ്മയുടെ 50-ാം പിറന്നാള്‍ ആഘോഷത്തെക്കുറിച്ച് മക്കള്‍ പറഞ്ഞപ്പോള്‍ അത് ഗംഭീരമാക്കാന്‍ ആമിറും മുന്നില്‍ നിന്നു. ഭാര്യ കിരണും ആമിറിനൊപ്പമുണ്ടായിരുന്നു. റീനയും കിരണും തമ്മില്‍ ശത്രുതയിലാണെന്ന മാധ്യമങ്ങളുടെ ഗോസിപ്പ് തകര്‍ക്കുന്നതുമായി ആഘോഷം.

ഷാംപെയ്ന്‍ തുറക്കാന്‍ നില്‍ക്കുന്ന ആമിറിനെയും ഹാപ്പി ബര്‍ത്ത്‌ഡേ പാടുന്ന കിരണിനേയും വീഡിയോയില്‍ കാണാം. 2002ലാണ് റീനയുമായി വേര്‍ പിരിഞ്ഞത്. ഇവര്‍ക്ക് ജുനൈദ്, സാറാ എന്നീ മക്കളുണ്ട്. 2005ലാണ് കിരണിനെ വിവാഹം ചെയ്തത്. ആസാദ് ആണ് മകന്‍.