കാസര്‍കോട്:മുന്‍മന്ത്രിയും മുസ്ലീം ലീഗ് സംസ്ഥാന സെക്രട്ടേറിയറ്റ് അംഗവുമായ ചെര്‍ക്കളം അബ്ദുള്ള (76) അന്തരിച്ചു.ഹൃദയ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ഇന്ന് രാവിലെ ചെര്‍ക്കളയിലുള്ള വസതിയില്‍ വച്ചായിരുന്നു അന്ത്യം.കബറടക്കം ഇന്ന് വൈകുന്നേരം ആറിന് ചെര്‍ക്കളം മുഹ്‌യിദ്ദീന്‍ മസ്ജിദില്‍ നടക്കും.
കുറച്ചുനാളുകളായി മംഗലാപുരത്തുള്ള സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന അദ്ദേഹത്തിന്റെ ആരോഗ്യനിലയില്‍ മാറ്റമില്ലാത്തതിനെത്തുടര്‍ന്ന് വ്യാഴാഴ്ച വീട്ടിലേക്ക് കൊണ്ടുവരികയായിരുന്നു.
2001ലെ ആന്റണി മന്ത്രിസഭയിലെ തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രിയായിരുന്ന ചെര്‍ക്കളം അബ്ദുള്ള മുസ്ലീം ലീഗിന്റെ കാസര്‍കോട്ടെ പ്രധാന നേതാക്കളില്‍ ഒരാളായിരുന്നു.1987 മുതല്‍ മഞ്ചേശ്വരം മണ്ഡലത്തില്‍ നിന്ന് നാല് തവണ എംഎല്‍എയായി.2010-ല്‍ പിന്നാക്ക വികസന കോര്‍പ്പറേഷന്‍ ചെയര്‍മാനായും പ്രവര്‍ത്തിച്ചിട്ടുണ്ട്.
1942 സെപ്തംബര്‍ 15-ന് ബാരിക്കാട് മുഹമ്മദ് ഹാജിയുടേയും ആസിയ ഉമ്മയുടേയും മകനായി ജനിച്ച ചെര്‍ക്കളം അബ്ദുള്ള ചെറുപ്പം മുതല്‍ മുസ്‌ളീംലീഗിന്റെ കരുത്തുറ്റ നേതാവായിരുന്നു.ഭാര്യ:അയിഷ (ചെങ്കള പഞ്ചായത്ത് മുന്‍ പ്രസിഡന്റ്).മക്കള്‍:മെഹ്‌റുന്നിസ,മുംതാസ് സമീറ(ജില്ലാ പഞ്ചായത്ത് അംഗം)സിഎ മുഹമ്മദ് നാസര്‍ (മിനറല്‍ വാട്ടര്‍ കമ്പനി,സലാല),സിഎ അഹമ്മദ് കബീര്‍(എംഎസ്എഫ് മുന്‍ ജില്ലാ ജനറല്‍ സെക്രട്ടറി).മരുമക്കള്‍:എ.പി.അബ്ദുള്‍ ഖാദര്‍(പൊമോന എക്‌സ്‌പോര്‍ട്ടേഴ്‌സ്,മുംബൈ),അഡ്വ.അബ്ദുള്‍ മജീദ് (ദുബായ്)