തിരുവനന്തപുരം: മുന്‍മന്ത്രിയും കമ്യൂണിസ്റ്റ് നേതാവുമായ ഇ ചന്ദ്രശേഖരന്‍ നായര്‍(89) അന്തരിച്ചു. അതീവ ഗുരുതരാവസ്ഥയില്‍ ശ്രീചിത്ര മെഡിക്കല്‍ സെന്റര്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു അദ്ദേഹം. ആശുപത്രിയില്‍ വച്ചാണ് ഇന്നുച്ചയ്ക്ക് പന്ത്രണ്ടരയോടെയാണ് അന്ത്യം. സിപിഐ അംഗമായിരുന്ന അദ്ദേഹം ആറാം മന്ത്രിസഭയിലും എട്ടാം മന്ത്രിസഭയിലും അംഗമായിരുന്നു. സംസ്‌കാരം മറ്റന്നാള്‍ വൈകീട്ട് ശാന്തികവാടത്തില്‍ നടക്കും.

ഈശ്വരപിള്ളയുടെയും മീനാക്ഷിയമ്മയുടെയും മകനായി 1928 ഡിസംമ്പര്‍ 02ന് കൊട്ടാരക്കരയില്‍ ജനനം. ഭാര്യ മനോരമ നായര്‍. അണ്ണാമല യൂണിവേഴ്സിറ്റിയില്‍നിന്നും ബിഎസ്.സി ബിരുദവും എറണാകുളം ലോ കോളേജില്‍നിന്നും ബി.എല്‍ ബിരുദവും നേടി. അണ്ണാമല യൂണിവേഴ്സിറ്റിയിലെ പഠനകാലത്തുതന്നെ വിദ്യാര്‍ത്ഥി കോണ്‍ഗ്രസ്സില്‍ അംഗമായി രാഷ്ട്രീയ പ്രവര്‍ത്തനം ആരംഭിച്ചു. പിന്നീട് ഐഎസ്പിയില്‍ ചേര്‍ന്നു. 1952ല്‍ സിപിഐയിലെത്തി.

മികച്ച പാര്‍ലമെന്റേറിയനുള്ള ആര്‍.ശങ്കരനാരായണന്‍ തമ്പി സ്മാരക പുരസ്‌കാരം, രാഷ്ട്രീയ ഏകത അവാര്‍ഡ് 1998, ഇഫ്‌കോ(ഐ.എഫ്.എഫ്.സി.ഒ)യുടെ 2012-13 ലെ സഹകാരിതാ രത്‌നാ അവാര്‍ഡ്, മസ്‌കറ്റ് മൈത്രിയുടെ അച്യുതമേനോന്‍ അവാര്‍ഡ്, വി.കെ.രാജന്‍ പുരസ്‌കാരം, പ്രൊഫ. കെ.എം.ചാണ്ടി അവാര്‍ഡ്, എസ് കരുണാകര കുറുപ്പ് സ്മാരക പൊതുപ്രവര്‍ത്തക അവാര്‍ഡ്, കല്ലാട്ട് സ്മാരക പുരസ്‌കാരം, സി.അച്യുതമേനോന്‍ സ്മാരക പുരസ്‌കാരം, നന്ദിയോട് രാജന്‍ അവാര്‍ഡ്, പി.കെ.വി പുരസ്‌കാരം, എം.ആര്‍.ജി ഫൗണ്ടേഷന്‍ അവാര്‍ഡ്, ആര്‍.ഗംഗപ്രസാദ് ഫൗണ്ടേഷന്‍ അവാര്‍ഡ്, ഗള്‍ഫ് മലയാളി അവാര്‍ഡ്, സഹകാര്‍മിത്ര ദേശീയ പുരസ്‌കാരം തുടങ്ങി നിരവധി അവാര്‍ഡുകളും ലഭിച്ചു.