കൊല്‍ക്കത്ത:മുന്‍ ലോക്സഭാ സ്പീക്കറും സിപിഎം നേതാവുമായിരുന്ന സോമനാഥ് ചാറ്റര്‍ജി (89) അന്തരിച്ചു.രാവിലെ 8.15 ഓടെ കൊല്‍ക്കത്തയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.വൃക്കസംബന്ധമായ അസുഖത്തെത്തുടര്‍ന്ന് ചികിത്സയിലായിരുന്ന അദ്ദേഹത്തിന് മസ്തിഷ്‌കാഘാതവും ഹൃദയാഘാതം സംഭവിച്ചതിനെത്തുടര്‍ന്ന് കുറെ ദിവസമായി വെന്റിലേറ്ററിലായിരുന്നു.
2004-2009-ല്‍ ആദ്യ യു.പി.എ. സര്‍ക്കാരിന്റെ കാലത്താണ് സി.പി.എം. നേതാവായിരുന്ന ചാറ്റര്‍ജി ലോക്സഭാ സ്പീക്കറായത്.ലോക്‌സഭാ സ്പീക്കറായ ആദ്യ കമ്മ്യൂണിസ്റ്റ് നേതാവാണ് സോമനാഥ് ചാറ്റര്‍ജി.2008-ല്‍ ഇന്ത്യ-യുഎസ് ആണവ കറാറിനെച്ചൊല്ലി കേന്ദ്ര സര്‍ക്കാരിനോടുള്ള പിന്തുണ പിന്‍വലിക്കാന്‍ ഇടതുപാര്‍ട്ടികള്‍ തീരുമാനിച്ചപ്പോള്‍ ലോക്‌സഭാ സ്പീക്കര്‍ സ്ഥാനം രാജിവെക്കാന്‍ തയ്യാറാകാതിരുന്നതിനെ തുടര്‍ന്ന് സോമനാഥ് ചാറ്റര്‍ജിയെ സിപിഎം പുറത്താക്കുകയായിരുന്നു.പിന്നീട് അദ്ദേഹം സജീവ രാഷ്ട്രീയത്തില്‍നിന്നും വിട്ടുനില്‍ക്കുകയായിരുന്നു.
1929-ല്‍ ആസാമിലെ തേജ്പുരില്‍ അഭിഭാഷകനായ നിര്‍മല്‍ ചന്ദ്രചാറ്റര്‍ജിയുടേയും ബീണാപാണി ദേബിയുടേയും മകനായാണ് ആണ് സോമനാഥ് ചാറ്റര്‍ജി ജനിച്ചത്. കൊല്‍ക്കത്തയിലെ പ്രസിഡന്‍സി കോളേജ്,കൊല്‍ക്കത്ത യൂണിവേഴ്‌സിറ്റി, കേംബ്രജിലെ ജീസസ് കോളേജ് എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം.
1971-ല്‍ സിപിഎം പിന്തുണയോടെയുള്ള സ്വതന്ത്ര ലോക്‌സഭാ എംപിയായി ആണ് അദ്ദേഹത്തിന്റെ പാര്‍ലമെന്ററി ജീവിതം ആരംഭിക്കുന്നത്.സോമനാഥ് ചാറ്റര്‍ജി പത്തുതവണ ലോകസഭാംഗമായിരുന്നു.
രേണു ചാറ്റര്‍ജിയാണ് ഭാര്യ. പ്രതാപ് ചാറ്റര്‍ജി, അനുരാധ, അനുഷില എന്നിവര്‍ മക്കളാണ്.
