കൊച്ചി: കൈകള്‍ മുറിച്ചുമാറ്റപ്പെട്ട പുണെ സ്വദേശി ശ്രേയ സിദ്ധനാഗൗഡര്‍ക്ക് (19) ഇനി വാഹനാപകടത്തില്‍ മസ്തിഷ്‌ക മരണം സ്ഥിരീകിച്ച രാജഗിരി കോളജിലെ വിദ്യാര്‍ഥി സച്ചിന്റെ കൈകള്‍ കരുത്താകും.
കൈമുട്ട് മുതല്‍ കൈപ്പത്തിവരെയുള്ള ഭാഗം കൊച്ചി അമൃത ആശുപത്രിയില്‍ പ്ലാസ്റ്റിക് ആന്‍ഡ് റീകണ്‍സ്ട്രക്ടീവ് സര്‍ജറി വിഭാഗം മേധാവി ഡോ.സുബ്രഹ്മണ്യ അയ്യരുടെ നേതൃത്വത്തില്‍ 20 സര്‍ജന്‍മാരും 16 അംഗ അനസ്തീസിയ സംഘവും 14 മണിക്കൂറെടുത്താണ് കൈകള്‍ മാറ്റിവച്ച ശസ്ത്രക്രിയ പൂര്‍ത്തീകരിച്ചത്.
ബസ് മറിഞ്ഞുണ്ടായ അപകടത്തില്‍ ഞെരിഞ്ഞമര്‍ന്ന ശ്രേയയുടെ കൈകള്‍ മുട്ടിനു തൊട്ടു താഴെവച്ചു മുറിച്ചുമാറ്റിയിരുന്നു. ആഴ്ചകള്‍ക്കുള്ളില്‍ കൈമുട്ടുകള്‍ ചലിപ്പിക്കാനാകും. നാഡികള്‍ വളരുമ്പോള്‍ ഒന്നര വര്‍ഷത്തിനുള്ളില്‍ കൈകള്‍ക്കു സ്പര്‍ശനശേഷി ലഭിക്കും.
ഏഷ്യയിലെ ആദ്യത്തെ ‘അപ്പര്‍ ആം ഡബിള്‍ ട്രാന്‍സ്പ്ലാന്റേഷന്‍’ ശസ്ത്രക്രിയയാണിതെന്നും പുരുഷന്റെ കൈകള്‍ സ്ത്രീക്കു വച്ചുപിടിപ്പിക്കുന്നത് ലോകത്തിലെ ആദ്യമാണെന്നും ആശുപത്രി അധികൃതര്‍ പറഞ്ഞു.
ഫക്കിര്‍ഗൗഡ സിദ്ധനാഗൗഡരുടെയും സുമ നാഗിഹള്ളിയുടെയും മകളായ ശ്രേയ മണിപ്പാല്‍ ഇന്‍സ്റ്റിറ്റിയൂട്ടില്‍ ഒന്നാം വര്‍ഷ കെമിക്കല്‍ എന്‍ജിനീയറിങ് വിദ്യാര്‍ഥിയാണ്. ആശുപത്രി വിട്ടെങ്കിലും ഫിസിയോ തെറപ്പി ചെയ്യുന്നതിനായി ശ്രേയയും കുടുംബവും ഇപ്പോള്‍ കൊച്ചിയിലാണു താമസം. കൈകള്‍ക്കു ചലനശേഷി ലഭിച്ചു തുടങ്ങി.