ന്യൂഡല്‍ഹി :മുസ്ലിം പള്ളികളിലെ സ്ത്രീ പ്രവേശനവുമായി ബന്ധപെട്ട് കേന്ദ്ര സര്‍ക്കാരിനുള്‍പ്പെടെ 7 എതിര്‍ കക്ഷികള്‍ക്ക് സുപ്രീം കോടതി നോട്ടീസ് അയച്ചു.ശബരിമല യുവതി പ്രവേശന വിധി ഉള്ളത് കൊണ്ട് മാത്രമാണ് നോട്ടീസ് അയക്കുന്നത് എന്നും സുപ്രീം കോടതി സൂചിപ്പിച്ചു.സ്ത്രീകളെ മുസ്ലീം പള്ളികളില്‍ കയറുന്നതില്‍ നിന്ന് ആരാണ് തടയുന്നതെന്ന് ആരാഞ്ഞ സുപ്രീം കോടതി സ്ത്രീക ള്‍ പള്ളികളില്‍ കയറാന്‍ ശ്രമിച്ചിട്ടുണ്ടോയെന്നും ചോദിച്ചു. തീര്‍ത്ഥാടന കേന്ദ്രമായ മക്കയില്‍ എന്താണ് സാഹചര്യമെന്നും കോടതി തിരക്കി.
കേന്ദ്ര സര്‍ക്കാര്‍,വക്കഫ് ബോര്‍ഡുകള്‍,മുസ്ലിം വ്യക്തി നിയമ ബോര്‍ഡ് തുടങ്ങിയ എതിര്‍ കക്ഷികള്‍ക്കാണ് നോട്ടീസ്.മുസ്ലിം പള്ളികളില്‍ പ്രാര്‍ത്ഥന നടത്താന്‍ സ്ത്രീകളെ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് മഹാരാഷ്ട്ര സ്വദേശികളായ മുസ്ലിം കുടുംബമാണ് സുപ്രീം കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചത്.പള്ളികളിലെ ആരാധനയില്‍ സ്ത്രീകളെ വിലക്കുന്നത് ഭരണഘടനാപരമായ അവകാശത്തിന്റെ ലംഘനമാണെന്നും ഹര്‍ജിയില്‍ പറയുന്നു.
ജസ്റ്റിസ് എസ് എ ബോബ്‌ഡെ,ജസ്റ്റിസ് അബ്ദുല്‍ നസീര്‍ എന്നിവര്‍ അടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിച്ചത്.മുസ്ലിം വ്യക്തി നിയമ ബോര്‍ഡ്,മുസ്ലിം പള്ളികള്‍,ക്രിസ്ത്യന്‍ പള്ളികള്‍, അമ്പലങ്ങള്‍ എന്നിവ സര്‍ക്കാര്‍ സംവിധാനം അല്ലെന്ന് ജസ്റ്റിസ് ബോബ്ഡെ നിരീക്ഷിച്ചു.സര്‍ക്കാര്‍ ഇതര സംവിധാനത്തില്‍ തുല്യത അവകാശപ്പെടാന്‍ സാധിക്കുമോ എന്നാണ് സുപ്രീം കോടതി ചോദിച്ചത്.