തിരുവനന്തപുരം:ശ്രീറാം വെങ്കിട്ടരാമന്‍ സഞ്ചരിച്ച കാറിടിച്ച് മാധ്യമപ്രവര്‍ത്തകന്‍ മുഹമ്മദ് ബഷീര്‍ മരിച്ച സംഭവത്തില്‍ പോലീസിനെ ഭാഗത്ത് ഗുരുതര വീഴ്ച. അമിതവേഗതയിലെത്തിയ വാഹനം ഇടിച്ച് ഒരാള്‍ മരിച്ചിട്ടും അപകടമുണ്ടാക്കിയവരെ കസ്റ്റഡിയിലെടുക്കാതെ പറഞ്ഞു വിടുകയാണ് പോലീസ് ചെയ്തത് .ശ്രീറാം മദ്യപിച്ചിരുന്നുവെന്ന് മനസിലായിട്ടും രക്ത പരിശോധന നടത്താന്‍ പോലീസ് തയ്യാറായില്ല.ശ്രീറാമിനൊപ്പമുണ്ടായിരുന്ന യുവതിയുടെ വിശദമായ മൊഴി പോലും രേഖപ്പെടുത്താതെ യൂബര്‍ ടാക്‌സി വിളിച്ച് അവരെ പോലീസ് പറഞ്ഞയക്കുകയായിരുന്നു. പിന്നീട് നാലുമണിക്കൂറിനുശേഷം യുവതിയെ തിരികെ വിളിച്ച് മൊഴിയെടുക്കുകയായിരുന്നു.
തന്റെ കൈക്ക് പരുക്കേറ്റുവെന്ന് ശ്രീറാം വെങ്കിട്ടരാമന്‍ പറഞ്ഞതിനെത്തുടര്‍ന്ന് ജനറല്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും അവിടെ രക്തസാമ്പിള്‍ പരിശോധിച്ചില്ല. മദ്യത്തിന്റെ മണമുണ്ടെന്നു ഡോക്ടര്‍ പറഞ്ഞിട്ടും ശ്രീറാമിന്റെ രക്തം പരിശോധിക്കാന്‍ പോലീസ് ആവശ്യപ്പെട്ടില്ല. മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു പോകാന്‍ നിര്‍ദേശിച്ചെങ്കിലും ശ്രീറാം സ്വന്തം ഇഷ്ടപ്രകാരം സ്വകാര്യ ആശുപത്രിയിലേക്കു പോവുകയായിരുന്നു. മാധ്യമപ്രവര്‍ത്തകരുടെ സമ്മര്‍ദ്ദത്തെത്തുടര്‍ന്ന് ശ്രീറാം വെങ്കിട്ടരാമനെ പ്രവേശിപ്പിച്ചിരിക്കുന്ന ആശുപത്രിയില്‍ പോലീസ് മൊഴിയെടുക്കാനായി പോയിട്ടുണ്ട്. അപകടസമയത്ത് വാഹനമോടിച്ചിരുന്നത് ശ്രീറാമാണെന്ന് ഒപ്പമുണ്ടായിരുന്ന യുവതി പോലീസിനു മൊഴി നല്‍കി. ആദ്യം താനാണ് കാറോടിച്ചിരുന്നതെന്നാണ് ഇവര്‍ പറഞ്ഞത്.