കൊച്ചി:മൂന്നാറില്‍ വിവാദമായ പഞ്ചായത്തിന്റെ അനധികൃത നിര്‍മ്മാണ പ്രവര്‍ത്തനങ്ങളില്‍ കോടതിയലക്ഷ്യ നടപടി ആവശ്യപ്പെട്ട് ദേവികുളം സബ് കളക്ടര്‍ രേണു രാജ്.അനധികൃത നിര്‍മാണം തുടര്‍ന്നത് എംഎല്‍എയുടെ സാന്നിധ്യത്തിലെന്നും സബ് കളക്ടര്‍ എജിയുടെ ഓഫീസിന് കൈമാറിയ റിപ്പോര്‍ട്ടില്‍ പറയുന്നു. കൃത്യനിര്‍വഹണം തടസ്സപ്പെടുത്തിയ എസ് രാജേന്ദ്രനെതിരെ റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്. എന്നാല്‍ എംഎല്‍എ വ്യക്തിപരമായി അധിക്ഷേപിച്ചതിനെക്കുറിച്ച് ഒന്നും തന്നെ റിപ്പോര്‍ട്ടില്‍ പരാമര്‍ശിച്ചിട്ടുമില്ലെന്നത് ശ്രദ്ധേയമാണ്.
റവന്യൂ വകുപ്പിന്റെ അനുമതിയില്ലാതെ മൂന്നാറില്‍ നിര്‍മാണം പാടില്ലെന്നും നിയമവിരുദ്ധമായ നിര്‍മാണങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ അറിയിക്കണമെന്നും 2010ല്‍ ഹൈക്കോടതിയുടെ ഉത്തരവിട്ടിരുന്നു. ഈ ഉത്തരവിന്റെ പശ്ചാത്തലത്തിലാണ് മുതിരപ്പുഴയാറിന്റെ തീരത്ത് പഞ്ചായത്ത് നടത്തുന്ന അനധികൃത നിര്‍മ്മാണം തടയാന്‍ റവന്യൂ ഉദ്യോഗസ്ഥരെത്തിയത്. എന്നാല്‍ എസ് രാജേന്ദ്രന്‍ എംഎല്‍എയുടെ നേതൃത്വത്തില്‍ ഒരു സംഘമെത്തി ഉദ്യോഗസ്ഥരുടെ കൃത്യനിര്‍വഹണം തടസ്സപ്പെടുത്തുകയും സബ് കളക്ടര്‍ രേണു രാജിനെ പരസ്യമായി അധിക്ഷേപിക്കുകയും ചെയ്തു. ഈ പശ്ചാത്തലത്തിലാണ് സബ് കളക്ടര്‍ റിപ്പോര്‍ട്ട് നല്‍കുന്നത്.