മൂന്നാര്‍: ഭൂപ്രശ്‌നത്തില്‍ പരിഹാരം കാണുന്നതിന് സിപിഎമ്മിന്റെ നേതൃത്വത്തിലുള്ള സംരക്ഷണ സമിതിയുടെ ഹര്‍ത്താലിനെതിരെ പരസ്യ പ്രതിഷേധവുമായി സിപിഐ രംഗത്ത്. ഇതോടെ സിപിഎം-സിപിഐ പോര് കൂടുതല്‍ മുറുകുകയും വെളിച്ചത്തിലേക്ക് വരികയുമാണ്. മൂന്നാറിലെ 10 പഞ്ചായത്തുകളില്‍ വരുന്ന 21 നാണ് സിപിഎം ഹര്‍ത്താല്‍ നടത്തുന്നത്. സിപിഎമ്മിന്റെ ഹര്‍ത്താലിനെതിരെ സിപിഐ നോട്ടീസ് ഇറക്കിയിരിക്കുകയാണ്. സിപിഐ പങ്കെടുക്കുന്നില്ല എന്ന തലക്കെട്ടോടെയാണ് നോട്ടീസ്.
ആരെ സംരക്ഷിക്കാനാണ് സിപിഎം ശ്രമിക്കുന്നതെന്നതാണ് സിപിഐയുടെ ചോദ്യം. എല്‍ഡിഎഫ് സര്‍ക്കാരിന്റെ പട്ടയമേളയെ ഇല്ലതാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഹര്‍ത്താല്‍ നടത്തുന്നത്. മൂന്നാര്‍ പ്രദേശത്ത് ഭൂമിക്ക് പട്ടയം നല്‍കാനും ഭൂമി അളന്ന് തിരിച്ച് ബന്ധപ്പെട്ടവര്‍ക്ക് നല്‍കാനുമുള്ള എല്‍ഡിഎഫ് സര്‍ക്കാരിന്റെ തീരുമാനത്തെ അട്ടിമറിക്കാനും ശ്രമിക്കുന്ന ഹര്‍ത്താല്‍ പൊതുജനങ്ങള്‍ക്ക് യാതൊരു പ്രയോജനവും ഉണ്ടാക്കാത്തതിനാല്‍ സിപിഐ ഹര്‍ത്താലില്‍ പങ്കെടുക്കുന്നില്ലെന്നാണ് നോട്ടീസിലൂടെ പറയുന്നത്.
